Connect with us

National

ലഖിംപുര്‍ ഖേരി കേസ്; അന്വേഷണ ചുമതല റിട്ടയേര്‍ഡ് ജഡ്ജി രാകേഷ് ജെയ്നിന്

യു പി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് റിട്ടയേര്‍ഡ് ജഡ്ജി രാകേഷ് കുമാര്‍ ജെയിന്‍ മേല്‍നോട്ടം വഹിക്കുമെന്ന് സുപ്രീംകോടതി. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയാണ് ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്‍. കേസന്വേഷണത്തില്‍ സുതാര്യതയും നീതിയും സമ്പൂര്‍ണ്ണ നിഷ്പക്ഷതയും ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെയും സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു.

മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ് ബി ഷിരോദ്കര്‍, ദീപീന്ദര്‍ സിങ്, പദ്മജ ചൗഹാന്‍ എന്നിവരെയാണ് പുതുതായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുമെന്നും, പുതിയ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. യു പി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍, അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ യുപി പോലീസിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പടെ എട്ടു പേരാണ് മരിച്ചത്.