Connect with us

Covid Kuwait

കുവൈത്തില്‍ പുതിയ ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നു

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും വ്യത്യസ്ഥ ക്വാറന്റൈന്‍ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഇന്ന് മുതല്‍ പുതിയ ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നു. രോഗ ബാധ സ്ഥിരീകരിച്ചവരുമായി 15 മിനിറ്റോ അതില്‍ കൂടുതലോ നേരംമാസ്‌ക് ധരിക്കാതെ രണ്ട് മീറ്ററില്‍ കുറഞ്ഞ അകലത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയാല്‍ അയാളെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തും. വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും വ്യത്യസ്ഥ ക്വാറന്റൈന്‍ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്ത ഒരാള്‍ രോഗ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ അയാള്‍ 14 ദിവസം ക്വാറന്റൈന്‍ അനുഷ്ഠിക്കണം. എന്നാല്‍ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കിയ വ്യക്തി രോഗ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ഏഴ് ദിവസത്തിനു ശേഷം പി സി ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം. രോഗബാധിതനായ വ്യക്തിയുടെ ഐസൊലേഷന്‍ കാലയളവ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും വ്യത്യസ്തമായിരിക്കും. വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ ഐസോലേഷന്‍ കാലയളവ് ഏഴ് ദിവസമായും അല്ലാത്തവരുടെത് 10 ദിവസമായും തീരുമാനിച്ചു. ഐസൊലേഷന്‍ കാലയളവിലും അതിനുശേഷവും മുഖാവരണം ധരിക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച എല്ലാവരേയും അല്ലെങ്കില്‍ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസത്തില്‍ കവിയാത്ത കാലയളവിലുള്ള എല്ലാവരേയും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തിയായി കണക്കാക്കപ്പെടും. കൊവിഡ് ബാധിതരായി 28 ദിവസത്തില്‍ കൂടുതല്‍ പിന്നിടാത്തവരെയും പ്രതിരോധ ശേഷി കൈവരിച്ചവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ സ്വീകരിച്ച എല്ലാവരും 9 മാസത്തിനു മുമ്പായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. സമൂക്കൊലിപ്പ്, തുമ്മല്‍, ചുമ, തൊണ്ടവേദന, തലവേദന അല്ലെങ്കില്‍ പനി, ശ്വാസ തടസ്സം എന്നിങ്ങനെ യുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഇത്തരക്കാര്‍ ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യണം. ആവശ്യമെങ്കില്‍ പനി കുറയുന്നതിനുള്ള മരുന്നുകള്‍ കഴിക്കുകയും , രോഗലക്ഷണങ്ങള്‍ തുടരുകയോ കൂടുതലാവുകയോ ചെയ്യുന്നപക്ഷം വൈദ്യോപദേശമോ സഹായമോ തേടണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Latest