Kerala
കെടിയു വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ല: ഗവര്‍ണര്‍
സര്‍ക്കാര്‍ തന്ന പട്ടികയെ സംബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയതിന് ശേഷം അന്തിമ തീരുമാനമെടുക്കും

ന്യൂഡല്‍ഹി | കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താല്‍ക്കാലിക വിസിയെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും താന്‍ ആരില്‍ നിന്നും നിയമോപദേശം തേടിയിട്ടില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ തന്ന പട്ടികയെ സംബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയതിന് ശേഷം അന്തിമ തീരുമാനമെടുക്കും. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയത് അവരുടെ കാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സലറായ ഗവര്‍ണറുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. സാങ്കേതിക സര്‍വകലാശാലയിലെ പുതിയ വിസി ആരാണെന്ന് നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.