Connect with us

Editors Pick

350 സി സി എൻജിനുമായി കെ ടി എം 390 ഡ്യൂക്ക്, 390 അഡ്വഞ്ചർ മോഡലുകൾ വിപണിയിൽ; 62,000 രൂപ വരെ വിലക്കുറവും

പുതിയ 350 സി സി എൻജിൻ 41.5 എച്ച് പി കരുത്തും 33.5 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Published

|

Last Updated

ന്യൂഡൽഹി | പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെ ടി എം ഇന്ത്യയിലെ തങ്ങളുടെ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജനപ്രിയ മോഡലുകളായ കെ ടി എം 390 ഡ്യൂക്ക്, കെ ടി എം 390 അഡ്വഞ്ചർ എന്നിവയുടെ പുതിയ 350 സി സി പതിപ്പുകൾ പുറത്തിറക്കി. പുതിയ എൻജിൻ പരിഷ്കാരത്തിലൂടെ ജി എസ് ടി നിരക്കിൽ വന്ന കുറവ് വാഹനങ്ങളുടെ വില ഗണ്യമായി കുറയ്ക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്. ഏകദേശം 62,000 രൂപയുടെ കുറവാണ് പുതിയ മോഡലുകൾക്ക് മുൻപത്തെ പതിപ്പുകളെ അപേക്ഷിച്ച് ലഭിക്കുന്നത്.

പുതിയ 350 സി സി എൻജിൻ 41.5 എച്ച് പി കരുത്തും 33.5 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എൻജിൻ ശേഷി കുറഞ്ഞെങ്കിലും വാഹനങ്ങളുടെ കരുത്തിലും പ്രകടനത്തിലും വലിയ വിട്ടുവീഴ്ചകൾ ഇല്ലാതെയാണ് പുതിയ പതിപ്പുകൾ എത്തുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിലുണ്ടായിരുന്ന 399 സി സി എൻജിൻ 28 ശതമാനം ജി എസ് ടി സ്ലാബിലായിരുന്നു ഉൾപ്പെട്ടിരുന്നത്. എന്നാൽ പുതിയ എൻജിൻ 18 ശതമാനം ജി എസ് ടി സ്ലാബിലേക്ക് മാറിയതാണ് ഉപഭോക്താക്കൾക്ക് വലിയ ലാഭമുണ്ടാക്കാൻ കാരണമായത്.

ഡിസൈനിന്റെ കാര്യത്തിൽ പഴയ മോഡലുകളിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും പുതിയ പതിപ്പുകൾക്കില്ല. കെ ടി എം 390 ഡ്യൂക്കിന്റെ അഗ്രസീവ് ആയ സ്പോർട്സ് ലുക്കും ഷാർപ്പ് ആയ ഹെഡ്ലാമ്പുകളും അതേപടി നിലനിർത്തിയിട്ടുണ്ട്. 390 അഡ്വഞ്ചറാവട്ടെ കമ്പനിയുടെ വലിയ മോഡലുകളായ 890 അഡ്വഞ്ചർ, 1290 സൂപ്പർ അഡ്വഞ്ചർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, 200 എം എം ട്രാവൽ നൽകുന്ന യു എസ് ഡി ഫോർക്ക്, പിൻഭാഗത്ത് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് എന്നിവ അഡ്വഞ്ചർ മോഡലിന്റെ പ്രത്യേകതകളാണ്.

വില വിവരങ്ങൾ നോക്കിയാൽ 350 സി സി എൻജിനുള്ള കെ ടി എം 390 ഡ്യൂക്കിന് 2,77,268 രൂപയും 390 അഡ്വഞ്ചറിന് 2,80,905 രൂപയുമാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. അതേസമയം പഴയ 399 സി സി എൻജിനിൽ പുറത്തിറങ്ങുന്ന കെ ടി എം 390 ഡ്യൂക്ക് ആർ, കെ ടി എം 390 അഡ്വഞ്ചർ എസ്, എക്സ്, ആർ എന്നീ മോഡലുകൾ മാറ്റങ്ങളില്ലാതെ വിപണിയിൽ തുടരും. ഈ മോഡലുകളുടെ വില മൂന്ന് ലക്ഷത്തിന് മുകളിലാണ്.

കെ ടി എം ഡ്യൂക്ക് പോർട്ട്ഫോളിയോയിൽ 160 ഡ്യൂക്ക്, 200 ഡ്യൂക്ക്, 250 ഡ്യൂക്ക് എന്നീ മോഡലുകളും ലഭ്യമാണ്. ഇതിൽ 160 ഡ്യൂക്കിന് 1,82,360 രൂപ മുതലാണ് വില ആരംഭിക്കുന്നത്. അഡ്വഞ്ചർ നിരയിൽ 250 അഡ്വഞ്ചർ മോഡലും 2,45,984 രൂപ നിരക്കിൽ വിപണിയിലുണ്ട്. ബി എം ഡബ്ല്യു എഫ് 450 ജി എസ്, റോയൽ എൻഫീൽഡ് മോഡലുകൾ എന്നിവയുമായിട്ടായിരിക്കും കെ ടി എമ്മിന്റെ പുതിയ 350 സി സി മോഡലുകൾ പ്രധാനമായും മത്സരിക്കുക.

Summary

KTM has launched the 350cc versions of its popular 390 Duke and 390 Adventure motorcycles in India, resulting in a price reduction of up to Rs 62,000. This significant price drop is primarily due to the new engine falling under the lower 18% GST bracket compared to the previous 399cc models. While the engine displacement has changed, the design and core features remain largely identical to their predecessors.

Latest