Connect with us

Kerala

കെ എസ് ആര്‍ ടി സി: ശമ്പള കാര്യത്തില്‍ സര്‍ക്കാരിന് എക്കാലവും സഹായിക്കാനാകില്ലെന്ന് ധനമന്ത്രി

സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത്. പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ്.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ശമ്പള വിതരണ കാര്യത്തില്‍ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ശമ്പളത്തിനായി എക്കാലവും ധനസഹായം ചെയ്യുകയെന്നത് സര്‍ക്കാറിനെ സംബന്ധിച്ച് പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത്. പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ്. സമരം ചെയ്തത് കൊണ്ടാണ് ശമ്പളം നല്‍കാത്തതെന്ന ഗതാഗത മന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. അതേസമയം, ശമ്പള വിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു.

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്മെന്റാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ സി ഐ ടി യു ശക്തമായി രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രി വ്യക്തത വരുത്തിയത്. സംസ്ഥാനത്തെ സംബന്ധിച്ച് പൊതുമേഖലയുടെ നിയന്ത്രണവും ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്നതാണ് സി ഐ ടി യുവിന്റെ നിലപാട്. ജീവനക്കാരുടെ ശമ്പളം ഇന്ന് മുതല്‍ വിതരണം ചെയ്ത്ു തുടങ്ങുമെന്നാണ് അറിയുന്നത്. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കെ എസ് ആര്‍ ടി സിയുടെ പ്രതീക്ഷ. ഇത് നാളെ ലഭിക്കുമെന്നാണ് കരുതുന്നത്. അധിക ധനസഹായത്തിനായി കെ എസ് ആര്‍ ടി സി സര്‍ക്കാരിന് ഇന്നലെ അപേക്ഷ നല്‍കിയിരുന്നു.

ധനമന്ത്രിയും ഗതാഗത മന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് ശമ്പള പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാവുന്നത്. ഡ്രൈഫ്റ്റ് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഹൈദരാബാദിലുള്ള ധനമന്ത്രി നാളെ 11 ഓടെ സംസ്ഥാനത്ത് തിരിച്ചെത്തും.

 

 

Latest