Connect with us

Kerala

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ചികിത്സക്കായി അമേരിക്കയിലേക്ക്; പകരം ചുമതല ആര്‍ക്കും നല്‍കാന്‍ താല്‍പര്യമില്ല

സഹ ഭാരവാഹികള്‍ ചേര്‍ന്നു പാര്‍ട്ടിയെ ചലിപ്പിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ചികിത്സക്കായി അമേരിക്കയിലേക്ക്. ഈ മാസം സുധാകരന്‍ അമേരിക്കയിലേക്കു തിരിക്കുന്ന സാഹചര്യത്തില്‍ അധ്യക്ഷന്റെ ചുമതല ആര്‍ക്കു നല്‍കണമെന്ന കാര്യത്തില്‍ തീരുമാനം ആയില്ല.

പകരം ചുമതല ആര്‍ക്കെങ്കിലും നല്‍കുന്നതില്‍ തനിക്കു താല്‍പര്യമില്ലെന്നു സുധാകരന്‍ എ ഐ സി സിയെ അറിയിച്ചതായാണു വിവരം. സുധാകരന്‍ എത്രനാള്‍ അമേരിക്കയില്‍ ചെലവഴിക്കേണ്ടി വരും എന്നതിനെ ആശ്രയിച്ചു പകരം ചുമതല കാര്യം തീരുമാനിക്കുമെന്നാണ് എ ഐ സി സി നല്‍കുന്ന സൂചന.

രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നാണ് അദ്ദേഹം കെ പി സി സി ഭാരവാഹികളെ അറിയിച്ചത്. വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മാസങ്ങളായി സുധാകരന്‍ കേരളത്തില്‍ ചികിത്സ തേടുന്നുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് അമേരിക്കയിലേക്കു പോകുന്നത്. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. വിസ ലഭിക്കുന്ന മുറയ്ക്ക് യാത്ര തീയതി തീരുമാനിക്കും.

വിസയ്ക്ക് അപേക്ഷിച്ച കാര്യം ഓണ്‍ലൈനായി നടന്ന കെ പി സി സി ഭാരവാഹികളുടെ യോഗത്തില്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ പകരം ചുമതല ആര്‍ക്കെന്ന ചോദ്യങ്ങളും ഉയര്‍ന്നു. പകരം ചുമല വഹിക്കുന്ന ആള്‍ക്ക് സുധാകരന്‍ സ്ഥാനമൊഴിയുന്ന ഘട്ടത്തില്‍ പദവിക്ക് അവകാശവാദം ഉന്നയിക്കാന്‍ കഴിയും എന്നതിനാല്‍ പകരം ചുമതലക്കായി നിരവധി പേര്‍ രംഗത്തുണ്ട്.

ആര്‍ എസ് എസ് അനുകൂല പ്രസ്താവന ആവര്‍ത്തിക്കുന്ന കെ സുധാകരനെ മുന്‍ നിര്‍ത്തി പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലേക്കു പോകുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉണ്ട്. താല്‍ക്കാലിക ചുമതല കൈമാറിയാല്‍ അതു തന്റെ സ്ഥാന നഷ്ടത്തില്‍ കലാശിച്ചേക്കുമോ എന്നു സുധാകരന്‍ ഭയപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിലാണു തല്‍ക്കാലം ആര്‍ക്കും പകരം ചുമതല നല്‍കേണ്ടെന്ന ധാരണയില്‍ എത്തിയത്. സഹ ഭാരവാഹികള്‍ ചേര്‍ന്നു പാര്‍ട്ടിയെ ചലിപ്പിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്. ജനുവരിയില്‍ നടത്താനിരിക്കുന്ന കെ പി സി സി പ്രസിഡന്റിന്റെ കേരള യാത്രയുടെ തീയതിയില്‍ മാറ്റമുണ്ടായേക്കും.