Connect with us

Kerala

16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അപരിചിതയായ സ്ത്രീയെ ഏല്‍പ്പിച്ച് അമ്മ കടന്നുകളഞ്ഞു

വയനാട് സ്വദേശിനി ഷാഹിനയാണ് കുഞ്ഞിനെ കൈമാറിയ ശേഷം മുങ്ങിയത്

Published

|

Last Updated

കോഴിക്കോട് | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അപരിചിതയായ സ്ത്രീയെ ഏല്‍പ്പിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനി ഷാഹിനയാണ് കുഞ്ഞിനെ കൈമാറിയ ശേഷം മുങ്ങിയത്.

കുഞ്ഞിന്റെ അമ്മയെ കാണാതെ വിഷമിച്ച സ്ത്രീ വെള്ളിയാഴ്ച വൈകീട്ട് കുഞ്ഞിനേയും കൊണ്ട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഉടന്‍തന്നെ കുഞ്ഞിനെ വനിതാ പോലീസിന്റെ സംരക്ഷണയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം കുഞ്ഞിനെ വീണ്ടും മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

കുഞ്ഞുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുഞ്ഞിന്റെ മാതാവ് മെഡിക്കല്‍ കോളജില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

 

Latest