Connect with us

KSEB

കോഴിക്കോട് കെ എസ് ഇ ബി കരാർ തൊഴിലാളികളുടെ പണിമുടക്ക് ഇന്ന് മുതൽ

കേബിൾ ജോലിക്കുള്ള പ്രതിഫലം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് സമരം

Published

|

Last Updated

കോഴിക്കോട് | ജില്ലയിലെ ആയിരത്തോളം കെ എസ് ഇ ബി കരാർ തൊഴിലാളികൾ ഇന്നും നാളെയും പണിമുടക്കും. കേബിൾ ജോലികൾക്ക് ലഭിച്ചു വന്നിരുന്ന തുക പകുതിയോളമായി വെട്ടിക്കുറച്ചതിനെതിരെയാണ് സമരം. നേരത്തേ മീറ്ററിന് 72 രൂപ നിരക്കിലായിരുന്നു കരാർ തൊഴിലാളികൾക്ക് ലഭിച്ചുവന്നിരുന്നത്. നിലവിൽ ഇത് 38 രൂപയായി കെ എസ് ഇ ബി വെട്ടിക്കുറച്ചതായി കെ എസ് ഇ ബി കോൺട്രാക്ടർമാരുടെ കൂട്ടായ്മയുടെ ജില്ലാ സെക്രട്ടറി പി കെ സജ്ജാദ് പറഞ്ഞു.

സുരക്ഷാ നയത്തിൻ്റെ കാര്യത്തിൽ സ്ഥിരം ജീവനക്കാർക്കും കരാർ ജീവനക്കാർക്കും ഇടയിലെ വിവേചനം അവസാനിപ്പിക്കുക, ഡി എസ് ആർ നിരക്കിന് ആനുപാതികമായ വർധന കെ എസ് ഇ ബി എൽ വിതരണ മേഖലയിലും നടപ്പാക്കുക, ലേബർ ഡാറ്റയിലെയും ഇ ആർ പിയിലെയും അപാകതകൾ പരിഹരിക്കുക, പൂർത്തിയായ പ്രവൃത്തികളുടെ ബില്ലുകൾ സമയബന്ധിതമായി നൽകുക, സുരക്ഷാ ഉപകരണങ്ങൾ കരാർ പ്രവൃത്തികൾക്ക് കൂടി ലഭ്യമാകുന്ന രൂപത്തിൽ ഓഫീസുകളിൽ ലഭ്യമാക്കുക. ഐ ഡി കാർഡ് വിതരണം ചെയ്യുക, ടേൺ കീ പ്രൊജക്ടുകൾ ഒഴിവാക്കുക എന്നിവയാണ് മറ്റാവശ്യങ്ങൾ.

ഇലക്ട്രിസിറ്റി ബോർഡിൽ പുതിയ കണക്ഷനുകൾ നൽകുന്നതിനും അറ്റകുറ്റപ്പണികൾക്കും മുഖ്യമായും ആശ്രയിക്കുന്നത് കരാർ ജീവനക്കാരെയാണ്. 106 കരാറുകരാണുള്ളത്. ഇവർക്ക് കീഴിലാണ് ആയിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നത്.

Latest