Connect with us

ssf delegates conference

സ്നേഹത്തിന്‍റെ തക്കാരമൊരുക്കി കോഴിക്കോട്

കോഴിക്കോടിന്‍റെ തനി വിഭവങ്ങളാണ് ഊട്ടുപുരയിലൊരുക്കിയത്.

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരെ സ്നേഹം കൊണ്ട് വിരുന്നൂട്ടി കോഴിക്കോട്ടെ സുന്നി പ്രാസ്ഥാനിക നേതൃത്വം. മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ നടന്ന സമ്മേളനത്തില്‍ അതിവിപുലമായ സൗകര്യങ്ങളാണ് പ്രതിനിധികള്‍ക്കും അതിഥികള്‍ക്കുമൊരുക്കിയത്. കോഴിക്കോട് സ്വപ്നനഗരിയിലെ അതി വിശാലമായ ഓഡിറ്റോറിയത്തില്‍ ഇരിപ്പിടത്തിലേക്ക്
യഥാസമയം ഭക്ഷണവും വെള്ളവും ലഘു പലഹാരങ്ങളും എത്തിക്കുന്നതിൽ വളണ്ടിയര്‍ സംവിധാനം ഏറെ ശ്രദ്ധചെലുത്തി.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ക്ക് കോഴിക്കോടിന്‍റെ തനി വിഭവങ്ങളാണ് ഊട്ടുപുരയിലൊരുക്കിയത്. കോഴിക്കോടന്‍ ദം ബിരിയാണിയും ഹല്‍വയും രുചി വെെവിധ്യത്തിന് മികവേകി. കടുങ്ങാത്തുകുണ്ട് സ്വദേശിയായ സി ആര്‍ പി കുഞ്ഞുമുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള നൂറോളം പാചകക്കാരാണ് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുന്നത്. ജില്ലയിലെ വിവിധ സോണ്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ലഘു കടികളും പാനീയങ്ങളുമൊരുക്കിയത്.

ഊർജസ്വലമായ പ്രവർത്തനത്തിനിടെ വിടവാങ്ങിയ എസ് എസ് എഫ് മുന്‍ ജില്ലാ നേതാക്കളായിരുന്ന സ്വദഖത്തുല്ല സഖാഫിയുടെ പേരില്‍ കുടിവെള്ളവും അബ്ദുല്‍ വാരിസ് സഖാഫിയുടെ പേരില്‍ മധുരപാനീയവും സഹ പ്രവര്‍ത്തകര്‍ മുഴുവന്‍ പ്രതിനിധികള്‍ക്കും വിതരണം ചെയ്തിരുന്നു. നഗരിയിലും പുറത്തും ഭക്ഷണ വിതരണത്തിനുമായി 1001 വളണ്ടിയര്‍മാരാണ് സേവനം ചെയ്യുന്നത്. ഇബ്രാഹിം സഖാഫി താത്തൂര്‍, അലവി സഖാഫി കായലം, സിദ്ദീഖ് ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് ഊട്ടുപുര പ്രവർത്തിക്കുന്നത്.

Latest