Connect with us

Kerala

കൂടത്തായി കൊലപാതക പരമ്പരക്കേസ്; പ്രതി ജോളിയുടെ ജാമ്യ ഹരജി ഇന്ന് ഹൈക്കോടതിയില്‍

സ്ത്രീ എന്ന യാതൊരു പരിഗണനയും അര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്ത പ്രതിയാണ് ജോളി എന്നാണ് പ്രോസിക്യൂഷന്റെ വാദം

Published

|

Last Updated

കൊച്ചി |  കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ പ്രതി ജോളിയുടെ രണ്ട് ജാമ്യാപേക്ഷകളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണം എന്നാണ് ജോളിയുടെ ആവശ്യം.എന്നാല്‍, സ്ത്രീ എന്ന യാതൊരു പരിഗണനയും അര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്ത പ്രതിയാണ് ജോളി എന്നാണ് പ്രോസിക്യൂഷന്റെ വാദം. ജോളിക്കെതിരായ എല്ലാ കേസുകളുടേയും വിചാരണ കോഴിക്കോട് പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ ജോളിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ എതിര്‍വാദമുയര്‍ത്തി.

നേരത്തെ, കൂടത്തായി സയനൈഡ് കൊലപാതക പരമ്പരക്കേസില്‍നിന്നു കുറ്റവിമുക്തയാക്കണമെന്നും വിചാരണ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതി ജോളി നല്കിയ ഹരജി സുപ്രീംകോടതി മാറ്റിവച്ചിരുന്നു.

കോഴിക്കോട് കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേരെ ഭക്ഷണത്തില്‍ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്

 

Latest