Kerala
പരിപ്പുവടക്ക് ഉപ്പു കുറഞ്ഞു; തട്ടുകട അടിച്ചു തകര്‍ത്തു, ജീവനക്കാരന് മേല്‍ തിളച്ച എണ്ണയൊഴിച്ചു, തടയാനെത്തിയ ഉടമയെ കുത്തിപ്പരുക്കേല്‍പ്പിച്ചു
ബഹളം കേട്ട് ഓടിയെത്തിയ കടയുടമ നാസിമിനെ നിയാസ് കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു
കൊല്ലം | പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരില്‍ അക്രമം. തട്ടുകട അടിച്ചുതകര്‍ക്കുകയും ഉടമയെയും ജീവനക്കാരനെയും മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം
പെരുമ്പുഴയിലെ ‘ടീ മേറ്റ്’ എന്ന തട്ടുകടയില്‍ ചായ കുടിക്കാനെത്തിയ കൊള്ളി നിയാസ്, സുഹൃത്ത് ജാക്സണ് എന്നിവരാണ് അക്രമം അഴിച്ചുവിട്ടത്.കടയിലെത്തി ചായയും പരിപ്പുവടയും കഴിച്ച ഇരുവരും, പരിപ്പുവടയ്ക്ക് ഉപ്പ് കുറവാണെന്ന് പറഞ്ഞ് ജീവനക്കാരനായ മോഹനനുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മോഹനനെ ക്രൂരമായി മര്‍ദ്ദിക്കുകയും, കടയിലുണ്ടായിരുന്ന തിളച്ച എണ്ണ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു. തടയാന്‍ ചെന്ന നാട്ടുകാരെയും മറ്റും അക്രമികള്‍ കത്തി കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
ബഹളം കേട്ട് ഓടിയെത്തിയ കടയുടമ നാസിമിനെ നിയാസ് കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. തുടര്‍ന്ന് കടയിലെ സാധനങ്ങളും ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. ഗുരുതരമായി പരുക്കേറ്റ മോഹനനെയും നാസിമിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാസിമിന്റെ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് നിയാസും ജാക്സണും എന്ന് പോലീസ് പറഞ്ഞു
Content Highlights: A tea shop was vandalized in Perumbuzha, Kollam, after customers complained about salt in Parippuvada. The shop owner Naseem and employee Mohanan were brutally assaulted with hot oil and stabbed. Kottiyam police registered a case against habitual offenders Niyas and Jackson who fled the scene.





