Eduline
ഐ ഐ എഫ് ടിയിൽ എം ബി എ പഠിക്കാം
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐ ഐ എഫ് ടി) 2027-29 വർഷത്തെ ഫുൾടൈം എം ബി എ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 25നകം അപേക്ഷിക്കാം. വിവിധ ക്യാമ്പസുകളിലായാണ് പ്രോഗ്രാമുകൾ.
എം ബി എ (ഇന്റർനാഷനൽ ബിസിനസ്സ്): ഡൽഹി, കൊൽക്കത്ത ക്യാമ്പസുകളിൽ 240 വീതവും കാക്കിനട, ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക് (ഗിഫ്റ്റ്) സിറ്റി ക്യാമ്പസുകളിൽ 120 വീതവും സീറ്റുകളുണ്ട്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. സി എ/സി എസ്/ സി എം എ പ്രൊഫഷനൽ യോഗ്യതയുള്ളവരെയും പരിഗണിക്കും.
എം ബി എ (ബിസിനസ്സ് അനലിറ്റിക്സ്): ഡൽഹി ക്യാമ്പസിലാണ് കോഴ്സ്, സീറ്റുകൾ -60. യോഗ്യത: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബി ഇ/ബി ടെക് അല്ലെങ്കിൽ ബിരുദം (പ്ലസ്ടു തലത്തിൽ മാത്സ് ഒരു വിഷയമായിരിക്കണം) അല്ലെങ്കിൽ സി എ/സി എസ്/സി എം എ യോഗ്യത.
യോഗ്യതാ പരീക്ഷയിൽ മൊത്തം 50 ശതമാനം മാർക്കിൽ/ 5.0 സി ജി പി എയിൽ കുറയാതെയുണ്ടായിരിക്കണം. പട്ടികജാതി/ വർഗം, ഭിന്നശേഷി വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ട്. യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. 2027 ഒക്ടോബർ 31നകം യോഗ്യത തെളിയിച്ചാൽ മതി. പ്രായപരിധിയില്ല.
അപേക്ഷാ ഫീസ്: എം ബി എ (ഐ ബി): ജനറൽ/ഒ ബി സി നോൺ ക്രീമിലെയർ/ ഇ ഡബ്ല്യൂ എസ് വിഭാഗങ്ങൾക്ക് 3000 രൂപ, എസ് സി/എസ് ടി/പി ഡബ്ല്യൂ ഡി/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 1,500 രൂപ. എം ബി എ (ബി എ) യഥാക്രമം 2,000 രൂപ, 1,000 രൂപ. വിശദ വിവരങ്ങൾക്ക് www.iift.ac.in സന്ദർശിക്കുക.
Content Highlights: Indian Institute of Foreign Trade invites applications for full-time MBA programs for 2027-29. Courses in International Business and Business Analytics are offered across multiple campuses including Delhi and Kolkata. Eligible candidates can apply online at iift.ac.in by November 25.




