Connect with us

kodiyeri Balakrishnan

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Published

|

Last Updated

ചെന്നൈ/ തിരുവനന്തപുരം | സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ (70) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി എട്ട് മണിക്കായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക് തലശ്ശേരിയിൽ. ചികിത്സക്ക് വേണ്ടി ചെന്നൈയിലേക്ക് പോകുന്നതിനോടനുബന്ധിച്ചാണ് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

അധ്യാപകനായിരുന്ന കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953 നവമ്പര്‍ 16 ന് തലശ്ശേരിയിലായിരുന്നു ജനനം. കോടിയേരി ഓണിയന്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ.എസ്.എഫ് യൂനിറ്റ് സിക്രട്ടറിയായി. തുടര്‍ന്ന് താലൂക്ക് സിക്രട്ടറി. മാഹി മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാഹി കോളേജില്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു.

എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സിക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സിക്രട്ടറി എന്നീ നിലകളില്‍ വിദ്യാര്‍ത്ഥി രംഗത്തും ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ യുവജന രംഗത്തും സി ഐ ടി യു തലശ്ശേരി ഏരിയാ സിക്രട്ടറി, തലശ്ശേരി ലോറി ഡ്രൈവേഴ്‌സ് ആന്റ് ക്ലീനേഴ്‌സ് യൂണിയന്‍ സിക്രട്ടറി, തലശ്ശേരി മോറക്കുന്നു വോള്‍ കാട്ട് ബ്രരദേര്‍സ് യൂണിയന്‍ സിക്രട്ടറി, തലശ്ശേരി റെയിഞ്ച് ചെത്തുതൊഴിലാളി യൂണിയന്‍ സിക്രട്ടറി എന്നീ നിലകളില്‍ ട്രേഡ് യൂണിയന്‍ രംഗത്തും കര്‍ഷക സംഘം സംസ്ഥാന ജോയന്റ് സിക്രട്ടറിയായി കര്‍ഷക മുന്നണിയിലുമായിരുന്നു ആദ്യ കാല പ്രവര്‍ത്തനം.

പതിനാറാം വയസില്‍ പാര്‍ട്ടി അംഗമായി. സി പി എമ്മിന്റെ ഈങ്ങയില്‍ പീടിക ബ്രാഞ്ച് സിക്രട്ടറി, തലശ്ശേരി മുനിസിപ്പല്‍ ലോക്കല്‍ സിക്രട്ടറി, കണ്ണൂര്‍ ജില്ലാ സിക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം പാര്‍ട്ടി സംസ്ഥാന സിക്രട്ടറിയറ്റ് അംഗമായി. പാര്‍ട്ടിയുടെ അത്യുന്നത ഘടകമായ പോളിറ്റ് ബ്യൂറോയിലെത്തി നിൽക്കെയാണ് അന്ത്യം.

മൂന്ന് തവണകളായി പാര്‍ട്ടി സംസ്ഥാന സിക്രട്ടറിയായിട്ടുണ്ട്. 2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പിണറായിയുടെ പിന്‍ഗാമിയായി കോടിയേരി സിക്രട്ടറിയായത്. 2018ല്‍ തൃശൂര്‍ സമ്മേളനത്തിലും സംസ്ഥാന സിക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2020 നവമ്പറില്‍ സ്ഥാനം ഒഴിഞ്ഞു. 2022ല്‍ വീണ്ടും പദവിയില്‍ തിരിച്ചെത്തി. പിന്നീട് ചെന്നൈ ആശുപത്രിയിൽ ചികിത്സക്കായി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സ്ഥാനമൊഴിഞ്ഞു.

എസ്.എഫ്.ഐ.സംസ്ഥാന സിക്രട്ടറിയായിരിക്കെ അടിയന്തിരാവസ്ഥാ കാലത്ത് 16 മാസം, മിസ തടവുകാരനായി കണ്ണൂര്‍ സെന്‍ട്രല്‍ കഴിയേണ്ടിവന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് അറസ്റ്റിലായത്. 1978ല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തിരുവനന്തപുരത്ത് പ്രകടനം നടത്തിയതിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചു.

കണ്ണൂര്‍ എ.കെ.ജി ആശുപത്രി തിരഞ്ഞെടുപ്പ് സമയത്ത് ബൂത്തിനകത്തു വച്ചും നാല്‍പാടി വാസു വധക്കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കോഴിക്കോട് നടത്തിയ പ്രകടനത്തിന് നേരെ നടന്ന ലാത്തിച്ചാര്‍ജിലും പോലീസ് മര്‍ദ്ദനത്തിനിരയായി. 1969ല്‍ തലശ്ശേരി മുകുന്ദമല്ലര്‍ റോഡ് ചെട്ടിത്തെരുവില്‍ വച്ച് ആര്‍.എസ്.എസ് കാരുടെയും മര്‍ദനമേറ്റു.

തലശ്ശേരി സഹകരണ ആശുപത്രിയുടെ സ്ഥാപക പ്രസിഡണ്ടും തലശ്ശേരി സഹകരണ പ്രസ് പ്രസിഡണ്ട്, തലശ്ശേരി അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ സഹകരണ രംഗത്തും പ്രവര്‍ത്തിച്ചു. കെ.എസ്.ഇ.ബി. ബോര്‍ഡ് അംഗമായിരുന്നു. 1982 ലാണ് ആദ്യമായി തലശ്ശേരിയില്‍ മത്സരിച്ച് നിയമസഭാംഗമായത്.പിന്നീട് 87ലും തുടര്‍ന്ന് 2001, 2006, 2011 ലെ തിരഞ്ഞെടുപ്പുകളിലും കോടിയേരി തലശ്ശേരിയുടെ ജനപ്രതിനിധിയായി സംസ്ഥാന നിയമസഭയില്‍ തിളങ്ങി.

ഒരു തവണ ആഭ്യന്തര മന്ത്രിയായി. പിണറായിയുടെ പിന്‍ഗാമിയായാണ് സംസ്ഥാന രാഷ്ടിയത്തില്‍ കോടിയേരി അറിയപ്പെടുന്നത്.

ഭാര്യ -എസ്.ആര്‍.വിനോദിനി. മക്കള്‍: ബിനോയ്, ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനിറ്റ.