From the print
മൊസൈക് ഡിഫൻസ്; ഇറാനെ തകരാതെ കാക്കുന്ന തന്ത്രം
ആക്രമണം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ഇറാൻ ഭരണകൂടം തിരിച്ചടി നൽകുന്നത് തുടരുകയാണ്. വൻ നേതൃനഷ്ടം അവർക്കുണ്ടായിട്ടും ഇസ്‌റാഈലിലടക്കം വലിയ ആക്രമണങ്ങൾ നടത്താൻ അവർക്ക് സാധിക്കുന്നു
തെഹ്റാൻ | “ഓപറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്‌റാഈലും ഇറാനിൽ വിനാശകരമായ വ്യോമാക്രമണം ആരംഭിച്ചപ്പോൾ, തെഹ്റാനിൽ വെനസ്വേല പോലുള്ള ഭരണമാറ്റം അനായാസമാണെന്നായിരുന്നു യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണക്കുകൂട്ടൽ. എന്നാൽ ആക്രമണം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ഇറാൻ ഭരണകൂടം തിരിച്ചടി നൽകുന്നത് തുടരുകയാണ്. വൻ നേതൃനഷ്ടം അവർക്കുണ്ടായിട്ടും ഇസ്‌റാഈലിലടക്കം വലിയ ആക്രമണങ്ങൾ നടത്താൻ അവർക്ക് സാധിക്കുന്നു.
മുഹമ്മദ് അലി ജഅ്ഫരി
ഇറാന്റെ പോരാട്ടം തുടരാനുള്ള കഴിവിന്റെ അടിസ്ഥാനം വർഷങ്ങൾക്ക് മുമ്പ് ഇറാനിയൻ പ്രതിരോധ തന്ത്രജ്ഞൻ മുഹമ്മദ് അലി ജഅ്ഫരി സൃഷ്ടിച്ച മൊസൈക് പ്രതിരോധ സിദ്ധാന്തമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട ശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. “പതിറ്റാണ്ടുകൾക്ക് മുമ്പേ നിശ്ചയിച്ച പ്രതിരോധ പാഠങ്ങൾ ഇറാനുണ്ട്. തലസ്ഥാനത്തെ ബോംബാക്രമണങ്ങൾ യുദ്ധം നടത്താനുള്ള രാജ്യത്തിന്റെ കഴിവിനെ ഒരു തരത്തിലും ബാധിക്കുന്നില്ല. വികേന്ദ്രീകൃത മൊസൈക് പ്രതിരോധം, യുദ്ധം എപ്പോൾ എങ്ങനെ അവസാനിക്കുമെന്ന് തീരുമാനിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു’ എന്നാണ് അരാഗ്ചി പറഞ്ഞത്.
മൊസൈക് പ്രതിരോധത്തിന്റെ ശിൽപ്പി എന്നറിയപ്പെടുന്ന മേജർ ജനറൽ മുഹമ്മദ് അലി ജഅ്ഫരി 2007 മുതൽ 2019 വരെ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐ ആർ ജി സി) കമാൻഡർ-ഇൻ-ചീഫ് ആയിരുന്നു. വിപ്ലവത്തിനു ശേഷം ഇറാനിലെ കുർദിസ്ഥാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഐ ആർ ജി സി ഇന്റലിജൻസ് യൂനിറ്റിൽ അദ്ദേഹം ചേർന്നു. ഉന്നത നേതൃത്വം നഷ്ടപ്പെട്ടതിനു ശേഷവും രാജ്യത്തിന് പ്രതിരോധം ഉറപ്പാക്കാൻ ഇറാന്റെ സൈനിക സിദ്ധാന്തം പുനർനിർമിക്കുന്നതിൽ വർഷങ്ങളോളം ബുദ്ധിപരമായ നേതൃത്വം വഹിക്കുകയും ചെയ്തു.
1979 മുതൽ 1989 വരെ നീണ്ടുനിന്ന ഇറാൻ- ഇറാഖ് യുദ്ധത്തിൽ ജഅ്ഫരി പങ്കെടുത്തിരുന്നു. 1992ൽ ഗാർഡ്സിന്റെ കരസേനയുടെ മൊത്തത്തിലുള്ള കമാൻഡറായി അദ്ദേഹം ചുമതലയേറ്റു. 2005ൽ ഐ ആർ ജി സിയുടെ സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ഡയറക്ടറായി ജഅ്ഫരി നിയമിതനായി. ഇറാൻ- ഇറാഖ് യുദ്ധത്തിൽ നിന്നും 2003ൽ യു എസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഇറാഖ് അധിനിവേശത്തിൽ നിന്നുമുള്ള പാഠങ്ങൾ ഉപയോഗിച്ച് ഇറാന്റെ മൊസൈക് സിദ്ധാന്തം രൂപപ്പെടുത്താൻ അദ്ദേഹം തന്റെ സ്ഥാനം ഉപയോഗിച്ചുവെന്ന് യു എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിന്റെ റിപോർട്ട് പറയുന്നു.
വികേന്ദ്രീകരണം
അധികാര വികേന്ദ്രീകരണമാണ് മൊസൈക് പ്രതിരോധത്തിന്റെ അടിത്തറ. അധികാരം കേന്ദ്രീകരിക്കുന്നതിനു പകരം രാജ്യത്തിന്റെ പ്രതിരോധ ഘടനയെ ഒന്നിലധികം പ്രാദേശിക, അർധ- സ്വതന്ത്ര പാളികളായി ക്രമീകരിക്കുകയാണ് ചെയ്യുക. ഈ മാതൃകയിൽ, ഐ ആർ ജി സി, ബാസിജ് സൈനിക യൂനിറ്റുകൾ, മിസൈൽ സേനകൾ, നാവിക വിഭാഗങ്ങൾ, പ്രാദേശിക കമാൻഡ് ഘടനകൾ എന്നിവ പരസ്പരം ഏകോപനത്തോടെ പ്രവർത്തിക്കുകയും ആവശ്യമെങ്കിൽ സ്വതന്ത്ര തീരുമാനമെടുക്കുകയും ചെയ്യും.
ഒരു ഭാഗം ആക്രമിക്കപ്പെട്ടാൽ, മറ്റുള്ളവ പ്രവർത്തിക്കുന്നത് തുടരുന്നു. മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടാലും ശൃംഖല തകരുന്നില്ല. ഐ ആർ ജി സി 31 പ്രവിശ്യാ കമാൻഡുകളായി ക്രമീകരിച്ചിരിക്കുന്നു.ഓരോ പ്രവിശ്യാ കമാൻഡും സ്വന്തം ആയുധങ്ങൾ, ഇന്റലിജൻസ്, കമാൻഡ് സംവിധാനങ്ങൾ എന്നിവയുള്ള സ്വയംപര്യാപ്ത സൈനിക യൂനിറ്റായി പ്രവർത്തിക്കുന്നു. ഉന്നത നേതൃത്വത്തിൽ നിന്ന് ആശയവിനിമയം വിച്ഛേദിക്കപ്പെട്ടാൽ, പ്രാദേശിക യൂനിറ്റുകൾക്ക് സ്വന്തമായി പ്രവർത്തിക്കാനുള്ള അധികാരവും ശേഷിയും നൽകുന്നു. ഈ സംവിധാനം ഇറാനെ കീഴടക്കുക ദുഷ്‌കരമാക്കുന്നുവെന്ന് ഇറാനിയൻ സൈനിക ശേഷിയിൽ വിദഗ്ദ്ധനായ ഡോ. മൈക്കൽ കൊണാൽ പറയുന്നു.


