Kerala
സംഘപരിവാര്‍ ബന്ധമുള്ളയാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍; യു ഡി എഫില്‍ പോരുമുറുകുന്നു
കെ പി സി സി സെക്രട്ടറിക്ക് പരാതി ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് പറയണമെന്ന് മന്ത്രി കെ എം ഷാജി
തിരുവനന്തപുരം | സംഘപരിവാര്‍ ബന്ധമുള്ളയാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആയി നിയമിച്ചതിനെതിരേ കോണ്‍ഗ്രസില്‍ നിന്ന് പ്രതിഷേധം ഉയരുമ്പോഴും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മന്ത്രി കെ എം ഷാജി. ശേഷാദ്രി നാഥിന് സംഘപരിവാര്‍ ബന്ധം ഇല്ലെന്നു തെളിയിക്കാന്‍ കെ എം ഷാജിയെ കെ പി സി സി സെക്രട്ടറി പി എം നിയാസ് വെല്ലുവിളിച്ചു.
എന്‍ ശേഷാദ്രിനാഥിന്റെ നിയമനത്തില്‍ മന്ത്രിസഭയാണ് തീരുമാനം എടുത്തതെന്നും താന്‍ പറയേണ്ടതെല്ലാം കൃത്യമായി പറഞ്ഞുകഴിഞ്ഞതായും ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും മന്ത്രി കെ എം ഷാജി പറഞ്ഞു. സംഘപരിവാര്‍ ആരോപണം ഉന്നയിച്ച അഡ്വ. പി എം നിയാസുമായി ഇന്നലെ സംസാരിച്ചിരുന്നു.
തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഇല്ല. എന്നെ മുസ്ലിം ഭീകരവാദിയായി ചിത്രീകരിച്ചവരാണ് ഇപ്പോള്‍ തന്നെ ആര്‍ എസ് എസ് ആക്കിയത്. ഒരു പത്രക്കാരുടെയും ആനുകൂല്യത്തില്‍ വളര്‍ന്നുവന്ന ആളല്ല ഞാന്‍. മനസ്സാക്ഷിക്ക് ബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യും. സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റാല്‍ പ്രതിപക്ഷത്തിരുന്ന് സംസാരിക്കുന്നതുപോലെ പറ്റില്ലെന്നും മന്ത്രി കെ എം ഷാജി വ്യക്തമാക്കി. ഡല്‍ഹിയില്‍ വെച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആയി നിയമിച്ച എന്‍ ശേഷാദ്രിനാഥ് സംഘപരിവാര്‍ ബന്ധമുള്ളയാളാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പി എം നിയാസ് വ്യക്തമാക്കി. ശേഷാദ്രിനാഥ് കമ്മീഷണറായാല്‍ ബിജെ പിക്ക് അനുകൂലമായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്തും. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഹൈക്കമാന്‍ഡിനും പി എം നിയാസ് കത്ത് നല്‍കി.
കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ശേഷാദ്രിനാഥനെ തിരഞ്ഞെടുപ്പ് കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചത്. ഈ നിര്‍ദേശം ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കുകയും ചെയ്തിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനത്തേക്ക് ശേഷാദ്രിനാഥനെ നിയമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചില്ലെന്നാണ് നിയാസിന്റെ പരാതിയില്‍ പറയുന്നത്. ശേഷാദ്രിനാഥ് സംഘ്പരിവാര്‍ അനകൂലിയാണെന്നും കോണ്‍ഗ്രസുമായി ഒരുതരത്തിലും ബന്ധമില്ലായത്തയാളെ രാഷ്ട്രീയപ്രാധാന്യമുള്ള തസ്തികയിലേക്ക് നിയമിച്ചതിന്റെ കെടുകാര്യസ്ഥതയാണ് ചൂണ്ടിക്കാട്ടിയതെന്നും നിയാസ് പറയുന്നു.



