Saudi Arabia
ആഗോള ഹജ്ജ് തീര്‍ഥാടകരെ സ്വാഗതം ചെയ്ത് സല്‍മാന്‍ രാജാവും കിരീടാവകാശിയും
ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും കാര്യക്ഷമതയോടും മികവോടും കൂടി പ്രവര്‍ത്തിക്കാന്‍ കിരീടാവകാശി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.

ജിദ്ദ | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിവിധ രാജ്യങ്ങളില്‍ നിന്നായി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകരെ സ്വാഗതം ചെയ്തു.
ജിദ്ദയില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ വിശുദ്ധ കഅ്ബയിലും പ്രവാചക നഗരിയിലെ റൗളാ ശരീഫിലും എത്തുന്നവരുടെ പരിചരണം, മികച്ച സൗകര്യങ്ങളോടെ ആരാധനകള്‍ നിര്‍വഹിക്കല്‍, സുരക്ഷ എന്നിവയാല്‍ അനുഗൃഹീത രാജ്യത്തിന്റെ അനുഗ്രഹത്തിന് സര്‍വശക്തനായ റബ്ബിനോട് കിരീടാവകാശി നന്ദി പറഞ്ഞു.
മക്ക, മദീന, പുണ്യസ്ഥലങ്ങള്‍, രാജ്യത്തിന്റെ പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളിലെ അല്ലാഹുവിന്റെ അഥികളായി എത്തുന്നവരെ സേവിക്കുന്നതില്‍ സുരക്ഷ-പ്രതിരോധ പദ്ധതികള്‍ നടപ്പിലാക്കുക വഴി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും കാര്യക്ഷമതയോടും മികവോടും കൂടി പ്രവര്‍ത്തിക്കാന്‍ കിരീടാവകാശി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.
ദേശീയ വിഭവങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ മേഖലകളുടെ സംയോജിത ശ്രമങ്ങളുടെ ഭാഗമായി ഭവനരഹിത ഗുണഭോക്താക്കള്‍ക്ക് ഹൗസിംഗ് യൂണിറ്റുകള്‍ വില്‍ക്കാന്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയത്തിന് അധികാരം നല്‍കി. രാജ്യത്തിന്റെ സാമ്പത്തിക പ്രകടന സൂചകങ്ങളിലെ ശ്രദ്ധേയമായ പുരോഗതി, നിക്ഷേപത്തിന്റെ വര്‍ധിച്ചുവരുന്ന നിലവാരം, വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം എന്നിവ മന്ത്രിസഭ അവലോകനം ചെയ്തതായി മാധ്യമ മന്ത്രി സല്‍മാന്‍ അല്‍-ദോസരി വിശദീകരിച്ചു.