Connect with us

Kerala

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

പോലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ് കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്

Published

|

Last Updated

കൊല്ലം | ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്.ഇയാള്‍ കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ചെയ്തത് കടയുടമയായ സ്ത്രീയുടെ ഫോണില്‍ നിന്നായിരുന്നു. ഒരു സ്ത്രീയും മറ്റൊരു പുരുഷനും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും, ഇരുവരും ഓട്ടോയിലാണ് കടയില്‍ വന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

പോലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ് കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഏഴരയോടെ കട അടയ്ക്കാന്‍ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയത്. ഫോണ്‍ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. പുരുഷന്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കുമെന്നും പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവുമായി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9946923282, 9495578999 എന്ന നമ്പറില്‍ വിളിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് 4.45നാണ് കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.വെള്ള നിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. എട്ട് വയസുകാരന്‍സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിന് പോകുമ്പോഴാണ് സംഭവം. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ നാല് പേര്‍ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. സഹോദരനെ തട്ടിമാറ്റിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു