navakerala sadas
തട്ടിക്കൊണ്ടുപോകല്‍: പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണു ചിലര്‍ ശ്രമിച്ചതെന്നു മുഖ്യമന്ത്രി
കേരള പോലീസ് നല്ല യശസ്സ് നേടി രാജ്യത്ത് തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന സേന

പാലക്കാട് | കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നാടൊട്ടുക്കും കുട്ടിക്കു വേണ്ടി തിരച്ചില്‍ നടത്തുന്ന ഘട്ടത്തില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്ന തരത്തില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് അതില്‍ നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്താനാണു ചിലര്‍ ശ്രമിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നിര്‍ണായക പുരോഗതി നേടിയിട്ടുണ്ട്. മുഖ്യപ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. വിശദമായ കാര്യങ്ങള്‍ പോലീസ് തന്നെ പറയും. നല്ല രീതിയില്‍ അന്വേഷണം നടന്നു. അന്വേഷണ മികവ് പോലീസ് കാട്ടി. ആത്മാര്‍ത്ഥമായും അര്‍പ്പണ മനോഭാവത്തോടെയും പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതെ മുഖ്യമന്ത്രി പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പൊലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു കാര്യം. നമ്മുടെ നാട്ടില്‍ അധികം ഉണ്ടായിട്ടില്ലാത്ത എന്നാല്‍ മറ്റ് ചില ഇടങ്ങളില്‍ പതിവായി സംഭവിക്കുന്നതാണ് പണത്തിന് വേണ്ടി കുട്ടികളെ തട്ടികൊണ്ടു പോകുന്നു എന്നത്.
കേരള പോലീസ് ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും നല്ല യശസ്സ് നേടി രാജ്യത്ത്
തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന സേനയാണ്. ആലുവയിലെ അതിഥി തൊഴിലാളിയുടെ മകളെ പീഡീപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 110 ദിവസത്തിനുളളില്‍ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാനായത് ഒരു ഉദാഹരണം മാത്രമാണ്. എ കെ ജി സെന്ററിന് നേരെ ബോംബേറ് ഉണ്ടായപ്പോള്‍ ‘ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത പോലീസ് എന്ത് പോലീസ്’ എന്നായിരുന്നു അന്നത്തെ ആദ്യഘട്ട പ്രചാരണം. പ്രതിയെ കിട്ടിയോ എന്ന് ദിവസക്കണക്ക് വെച്ച് ചോദിക്കലും ഉണ്ടായി. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ പ്രചാരണക്കാര്‍ ഒറ്റയടിക്ക് നിശബ്ദരായി.മയക്കുമരുന്ന് ചോക്ലേറ്റ് നല്‍കിയിട്ടാണ് പ്രതിയെ കൊണ്ട് പൊലീസ് കുറ്റം സമ്മതിപ്പിച്ചത് എന്ന വിചിത്ര ന്യായീകരണവുമായി ഒരു നേതാവ് വന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ
. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് ഇതുപോലെയൊന്നായിരുന്നു. ആശ്രമം സന്ദീപാനന്ദഗിരി തന്നെ തീ വെച്ചു എന്നായിരുന്നു സംഘപരിവാറിന്റെ പ്രചാരണം. ഒടുവില്‍ ബി ജെ പി കൗണ്‍സിലര്‍ അടക്കമുള്ള പ്രതികളെ ഇതുപോലെ പിന്‍തുടര്‍ന്ന് പോലീസ് പിടികൂടി.
രണ്ട് സ്ത്രീകളുടെ തിരോധാനത്തില്‍ ആരംഭിച്ച അന്വേഷണമാണ് ഇലന്തൂരിലെ നരബലി കേസ് ആയി രൂപപ്പെട്ടത്. കൊല നടത്തി മാസങ്ങള്‍ക്ക് ശേഷം പ്രതികള്‍ സ്വസ്ഥരായി ജീവിക്കുമ്പോഴാണ് നിയമത്തിന്റെ കരങ്ങളില്‍ അവര്‍ പെടുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെത്തി എലത്തൂരിലെ ട്രെയിന്‍ തീവെച്ച പ്രതിയെ വളരെ വേഗം പിടികൂടിയതും അത്ര വേഗം ആരും മറക്കാന്‍ ഇടയില്ല.
കേസന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ പോലീസിന് നേരെ മുന്‍ വിധിയോടെയുള്ള കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകാന്‍ പാടില്ല. കൊല്ലത്തെ കുട്ടിയുടെ കേസില്‍ ഒരു പരിധിവരെ മാധ്യമങ്ങള്‍ സംയമനത്തോടെ റിപ്പോര്‍ട്ടിങ് നടത്തിയിട്ടുണ്ട്, ആ സംയമനവും ശ്രദ്ധയും കുറേക്കൂടി സൂക്ഷ്മതയോടെ തുടര്‍ന്നും ഉണ്ടാകണം എന്നഭ്യര്‍ത്ഥിക്കുന്നു.