Connect with us

National

മംഗളൂരുവിൽ മലയാളിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം: പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കർണാടക പി സി സി ജന. സെക്രട്ടറി

മംഗലാപുരം ജില്ലയിൽ സംഘ്പരിവാർ വലിയ അക്രമണം നടത്താൻ ആസൂത്രണം നടത്തുന്നു

Published

|

Last Updated

ബെംഗളൂരു | മംഗളൂരുവിൽ സംഘ്പരിവാർ ആൾക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കർണാടക പി സി സി ജനറൽ സെക്രട്ടറി ടി എം ഷാഹിദ് തെക്കിൽ. കൊല്ലപ്പെട്ട വയനാട് സ്വദേശി അഷ്‌റഫിന്റെ കുടുംബത്തിന് 50 ലക്ഷ രൂപ നഷ്ടപരിഹാരം നൽകണമെന്നും വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രിക്കറ്റ് മൈതാനത്ത് വെച്ച് 30ൽപരം സംഘ്പരിവാർ ആൾകൂട്ടം ഒരാളെ അടിച്ചുകൊലപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. കൊലപാതകമാണെന്ന് ആദ്യം മനസ്സിലാക്കാൻ സാധിക്കാത്ത മംഗലാപുരം റൂറൽ പോലീസിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണം. സംഭവം അറിയാതെപോയ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങൾ ഇനി കർണാടകയിൽ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ സംസ്ഥാനത്തിന്റെ ഭാവി സംഘ്പരിവാർ നശിപ്പിക്കും. മംഗലാപുരം ജില്ലയിൽ സംഘ്പരിവാർ വലിയ അക്രമണം നടത്താൻ ആസൂത്രണം നടത്തുന്നുണ്ടെന്നത് രഹസ്യാന്വേഷണം വിഭാഗം മനസ്സിലാക്കണം. ഭാവിയിൽ വലിയ ആപത്ത് ക്ഷണിച്ചുവരുത്തുന്നതാണിത്. യു പി, ബിഹാർ, ഗുജറാത്ത് മോഡൽ ആക്രമണങ്ങൾക്കാണ് സംഘ്പരിവാർ കോപ്പുകൂട്ടുന്നത്. ഇതുസംബന്ധിച്ച് ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസിൽ 20 പേർ അറസ്റ്റിലായി. 25ൽ അധികം പേരാണ് അഷ്‌റഫിനെ മർദിച്ചതെന്ന് പോലീസ് പറയുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ പൊലീസ് വീഴ്ചവരുത്തിയെന്ന ആരോപണമുണ്ട്.

Latest