Connect with us

Kerala

കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്നത് ജില്ലാ ജഡ്ജിമാരുടെ 24 തസ്തികകള്‍; വിവരാവകാശ മറുപടിയില്‍ ഹൈക്കോടതി

വിരമിച്ച പത്ത് ജഡ്ജിമാരെ വീണ്ടും നിയമിച്ചു. പോക്‌സോ കോടതികളില്‍ 11 ജഡ്ജിമാരുടെ ഒഴിവ്.

Published

|

Last Updated

കൊച്ചി | കേരളത്തിലെ ജില്ലാ ജഡ്ജി കേഡറില്‍ 24 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി ഹൈക്കോടതി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിവരാവകാശ മറുപടി. അതേസമയം, വിരമിച്ച പത്ത് ജില്ലാ ജഡ്ജിമാരെ സംസ്ഥാനത്ത് വിവിധ ജുഡീഷ്യല്‍ തസ്തികകളില്‍ വീണ്ടും നിയമിച്ചിട്ടുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍. അഞ്ച് വീതം ജഡ്ജിമാരുടെ തസ്തികകള്‍ ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. കണ്ണൂര്‍ തലശ്ശേരിയില്‍ നാലും മലപ്പുറം മഞ്ചേരിയില്‍ മൂന്നും കൊല്ലത്ത് രണ്ടും തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. വയനാട് കല്‍പ്പറ്റ, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതം തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു.

ഒഴിവുള്ള 24 തസ്തികകളില്‍ 11 എണ്ണവും പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ പ്രത്യേക സെഷന്‍സ് കോടതികളിലാണ്. പത്തനംതിട്ട, നോര്‍ത്ത് പറവൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട, കുന്നംകുളം, ചാലക്കുടി, പെരിന്തല്‍മണ്ണ, മഞ്ചേരി, സുല്‍ത്താന്‍ ബത്തേരി, തളിപ്പറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ പോക്‌സോ കോടതികളിലാണ് ജഡ്ജിമാരുടെ ഒഴിവുകളുള്ളത്. കൊട്ടാരക്കര, ആലുവ, തലശ്ശേരി കുടുംബ കോടതികളിലായി മൂന്ന് ജഡ്ജിമാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.

ഒഴിവുകള്‍ നിലവില്‍ വന്ന കൃത്യമായ തീയതിയും അവ എത്രകാലമായി നികത്താതെ കിടക്കുന്നുവെന്ന വിവരവും ഹൈക്കോടതിയുടെ പക്കല്‍ ലഭ്യമല്ലെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു. നിലവിലെ ഒഴിവുകളുടെ എണ്ണം ഹൈക്കോടതി സൂക്ഷിക്കുന്നുണ്ടെങ്കിലും ഓരോ തസ്തികയിലും ഒഴിവ് ഉണ്ടായ തീയതിയും ഒഴിവ് തുടരുന്ന കാലയളവും രേഖപ്പെടുത്തുന്ന ഏകീകൃത രജിസ്റ്റര്‍ പ്രത്യേകം പരിപാലിക്കുന്നില്ലെന്നും അതിനാല്‍ ഓരോ ഒഴിവിന്റെയും കാലയളവ് സംബന്ധിച്ച വിവരം ലഭ്യമല്ലെന്നുമാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിശദീകരണം.

വിരമിച്ച ജില്ലാ ജഡ്ജിമാരില്‍ എത്രപേരാണ് നിലവില്‍ കുടുംബ കോടതികള്‍ ഉള്‍പ്പെടെയുള്ള വിവിധ ജുഡീഷ്യല്‍ തസ്തികകളില്‍ വീണ്ടും നിയമിക്കപ്പെട്ടിട്ടുള്ളതെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് വിരമിച്ച പത്ത് ജില്ലാ ജഡ്ജിമാരെ വീണ്ടും നിയമിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ അഭിഭാഷകന്‍ ഷിബു ബാബുവാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

Content Highlights: A Right to Information reply from the Kerala High Court shows 24 district judge posts are currently vacant across the state. The response also noted that 10 retired district judges are serving on re-appointment in judicial roles. The figures highlight ongoing staffing pressures in Kerala’s district courts.

 

Latest