Connect with us

Kerala

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വിജിലന്‍സിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ഉന്നതര്‍ പ്രതികളായാല്‍ നടപടിയെടുക്കാന്‍ കോടതിയുടെ നിര്‍ബന്ധം വേണോ എന്ന് ജസ്റ്റിസ് ബദറുദ്ദീന്‍.

Published

|

Last Updated

കൊച്ചി | ഉന്നത സ്വാധീനമുള്ളവര്‍ പ്രതികളാകുന്ന കേസുകളില്‍ നടപടിയെടുക്കാന്‍ കോടതിക്ക് നിര്‍ബന്ധിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് വിജിലന്‍സിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എസ് എന്‍ ഡി പി യോഗ നേതൃത്വം ഉള്‍പ്പെട്ട 15.85 കോടി രൂപയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയായ എട്ട് കേസുകളില്‍ ഏഴെണ്ണത്തിലും അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടും ഒരെണ്ണത്തില്‍ മാത്രം അന്തിമ റിപോര്‍ട്ട് നല്‍കിയതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും ബാക്കിയുള്ള ഏഴ് കേസുകളില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനും ജസ്റ്റിസ് എ ബദറുദ്ദീന്‍ ഉത്തരവിട്ടു.

‘ഇത് ശരിയായ നടപടിയല്ല. നിങ്ങളുടെ റിപോര്‍ട്ട് അംഗീകരിക്കാനാവില്ല. കോടതിയോട് കളി വേണ്ട. ഞാന്‍ വെറുതെ വിടില്ല. വളരെ ഗൗരവമുള്ള വിഷയമാണിത്. ഉത്തരവുകള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടാണോ ഉദ്യോഗസ്ഥനുള്ളത്? ആഭ്യന്തര വകുപ്പ് എന്താണ് ചെയ്യുന്നത്? വിജിലന്‍സ് വകുപ്പ് എന്താണ് ചെയ്യുന്നത്? എന്താണ് ഇവിടെ നടക്കുന്നത്? ആരോപണവിധേയര്‍ പണവും സ്വാധീനവുമുള്ളവരാണെങ്കില്‍ ഓരോ നടപടിയും കോടതിക്ക് നിര്‍ബന്ധിച്ച് ചെയ്യിക്കേണ്ടി വരുന്ന അവസ്ഥയാണ്. അല്ലെങ്കില്‍ ഒരു ബന്ധവുമില്ലാത്ത സാധാരണക്കാരെപ്പോലും കസ്റ്റഡിയിലെടുക്കും. ഇവിടെ എന്താണ് സംഭവിക്കുന്നത്? എല്ലാം കോടതി പറഞ്ഞ് ചെയ്യിക്കാനാണെങ്കില്‍ നാട്ടില്‍ പോലീസിന്റെ ആവശ്യമെന്താണ്?’ കോടതി ചോദിച്ചു.

ഒരു അന്തിമ റിപോര്‍ട്ട് മാത്രം സമര്‍പ്പിച്ച സാഹചര്യം പരിശോധിക്കുമ്പോള്‍ കോടതി ഉത്തരവ് പാലിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വീഴ്ച വരുത്തിയതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുവെന്ന് ഇടക്കാല ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ബാക്കിയുള്ള ഏഴ് അന്തിമ റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്തതിന്റെ കാരണം വിശദീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം. കേസില്‍ എട്ട് അന്തിമ റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന് കഴിഞ്ഞയാഴ്ച കോടതി നിര്‍ദേശിച്ചിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയതിനെ തുടര്‍ന്ന് റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കൊല്ലത്തെ അധികാരപരിധിയുള്ള പ്രത്യേക കോടതിയില്‍ ഒരു അന്തിമ റിപോര്‍ട്ട് മാത്രമാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. എട്ട് റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടും ഒരെണ്ണം മാത്രം നല്‍കിയതാണ് കോടതിയെ ചൊടിപ്പിച്ചത്.

Content Highlights: The Kerala High Court strongly criticized the Vigilance and Home Department over the microfinance fraud probe. The bench raised tough questions on the pace and direction of the investigation. Authorities face heightened judicial scrutiny over accountability in the case.

---- facebook comment plugin here -----

Latest