Connect with us

Kerala

'പ്രസംഗ'ത്തെച്ചൊല്ലി രാഷ്ട്രീയ പോര്; മുന്‍ എം എല്‍ എക്കെതിരെ കെ എസ് യു, മുഖ്യമന്ത്രിക്കെതിരെ ഡി വൈ എഫ് ഐ

ടി ഐ മധുസൂദനനെതിരെ കെ എസ് യുവും മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഡി വൈ എഫ് ഐയും പോലീസില്‍ പരാതി നല്‍കി.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരിലെ രാഷ്ട്രീയ പൊതുയോഗങ്ങളിലെ പ്രസംഗങ്ങളില്‍ ഉന്നയിക്കപ്പെട്ട പരാമര്‍ശങ്ങളെച്ചൊല്ലി കോണ്‍ഗ്രസ്സ്-സി പി എം വാക്‌പോര് മുറുകുന്നു. ഡി വൈ എഫ് ഐ പയ്യന്നൂരില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മുന്‍ എം എല്‍ എയും സി പി എം നേതാവുമായ ടി ഐ മധുസൂദനന്റെ പ്രസംഗവും കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് പരിപാടിയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശവും ചൂണ്ടിക്കാട്ടി ഇരുപാര്‍ട്ടികളും തമ്മിലുള്ള വാക്‌പോരാണ് ചൂടുപിടിക്കുന്നത്. ടി ഐ മധുസൂദനനെതിരെ കെ എസ് യുവും മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഡി വൈ എഫ് ഐയും പോലീസില്‍ പരാതി നല്‍കി.

ഡി വൈ എഫ് ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കവേ ടി ഐ മധുസൂദനനന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞുതന്നെ തീര്‍ക്കുമെന്നും അതിനൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ലെന്ന് തലയെടുപ്പോടെ നെഞ്ചുറപ്പോടെ ആധികാരികമായിത്തന്നെ പറയാന്‍ ഞങ്ങളാഗ്രഹിക്കുന്നുവെന്നും ആയിരുന്നു മധസൂദനന്‍ പറഞ്ഞത്.

‘ഈ കോടതികളും ഈ ഭരണകൂട സംവിധാനവും ഞങ്ങളെ പരിഹസിക്കുന്നവരും ആലോചിക്കേണ്ട കാര്യമുണ്ട്. അഞ്ചുപേരെ ചുട്ടുകരിച്ച് കൊന്നിട്ടുള്ള ചീമേനിയിലെ സംഭവത്തില്‍ ഒരു കോടതിയും ഒരാളെയും ശിക്ഷിച്ചിട്ടില്ല. പക്ഷെ അവരാരും ഈ ഭൂമിയില്‍ നിലനില്‍ക്കുന്നില്ല എന്ന കാര്യം ഭരണകൂടം മനസ്സിലാക്കുന്നത് നല്ലതാണെന്നും പ്രസംഗത്തിനിടെ മധുസൂദനനന്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഇന്നലെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. പ്രസംഗത്തില്‍ കലാപാഹ്വാനവും കൊലവിളിയും ഉണ്ടെന്നും, നീതിന്യായ വ്യവസ്ഥയെയും വിധി പറഞ്ഞ ജഡ്ജിയെയും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറഞ്ഞു. ടി ഐ മധുസൂദനനെതിരെ ശക്തമായ ക്രിമിനല്‍ നിയമനടപടി വേണമെന്ന ആവശ്യവുമായി ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജും രംഗത്തെത്തി. ചീമേനി കേസില്‍ കോടതി വെറുതെ വിട്ടവരില്‍ ആരും ഇന്ന് ജീവിച്ചിരിപ്പില്ലെന്ന മധുസൂദനന്റെ പരാമര്‍ശം പാര്‍ട്ടി ക്രിമിനലുകള്‍ക്ക് പകതീര്‍ക്കാനുള്ള വ്യക്തമായ സന്ദേശമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ഇതിന് പിന്നാലെ കഴിഞ്ഞ 20 ന് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വിവാദ പരാമര്‍ശം നടത്തിയെന്ന ആക്ഷേപവുമായി ഡി വൈ എഫ് ഐ രംഗത്തെത്തി. ‘ചോരക്ക് ചോര’ എന്ന നിലയില്‍ പരാമര്‍ശം നടത്തിയെന്നാണ് പരാതി. എല്‍ ഡി എഫ് സര്‍ക്കാരിനെ നയിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും എതിരെ കോണ്‍ഗ്രസ്സുകാരിലും യൂത്ത് കോണ്‍ഗ്രസ്സുകാരിലും വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാക്കിയെടുക്കുന്നതിനും അതിലൂടെ ലഹളയും കലാപങ്ങളും സൃഷ്ടിക്കുന്നതിനും പ്രേരിപ്പിക്കുന്നതാണ് പ്രസംഗമെന്നാണ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സല്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കണ്ണൂരില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെ ചര്‍ച്ചക്ക് വെക്കാന്‍ മാധ്യമങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷും പറഞ്ഞു. ടി ഐ മധുസൂദനന്‍ നടത്തിയ പ്രസംഗത്തെ ആഗോള വിഷയമാക്കിയ അതേ ചാനലുകള്‍, രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രി വിഡി സതീശന്‍ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പരിപാടിയില്‍ നടത്തിയ പ്രസംഗത്തെ പൂര്‍ണമായും തമസ്‌കരിച്ചുവെന്നും രാഗേഷ് കുറ്റപ്പെടുത്തി. ധനരാജ് കേസില്‍ നിയമപരമായ നടപടി തുടരുമെന്നാണ് ആദ്യം മുതലേ സിപി എം എടുത്ത നിലപാട്. അതില്‍ നിന്ന് ഒരുമാറ്റവും ഉണ്ടായിട്ടില്ല. മറിച്ചുള്ള ഒരു പ്രതികരണത്തേയും പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും രാഗേഷ് വ്യക്തമാക്കി.

Content Highlights: Controversial speeches have triggered a sharp political standoff across Kerala. KSU launched protests against a former MLA over his remarks. Meanwhile, DYFI staged demonstrations targeting the Chief Minister in the dispute.

 

 

 

---- facebook comment plugin here -----

Latest