National
യൂട്യൂബ് വീഡിയോകള്‍ നീക്കം ചെയ്തതില്‍ ഇന്ത്യ ലോകത്ത് ഒന്നാമത്; മൂന്നു മാസത്തിനിടെ ഒഴിവാക്കിയത് 34.4 ലക്ഷം വീഡിയോകള്‍
കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ലോകത്താകമാനം യൂട്യൂബ് നീക്കം ചെയ്ത 1.1 കോടി വീഡിയോകളില്‍ ഏകദേശം 31 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്
ന്യൂഡല്‍ഹി | 2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യയില്‍ നിന്ന് അപ്ലോഡ് ചെയ്ത 34.4 ലക്ഷം വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. ലോകത്ത് മറ്റൊരു രാജ്യത്തുനിന്നും ഇത്രയധികം വീഡിയോകള്‍ ഈ കാലയളവില്‍ നീക്കം ചെയ്തിട്ടില്ല. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നുള്ള വീഡിയോകള്‍ നീക്കം ചെയ്തതില്‍ 28 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ലോകത്താകമാനം യൂട്യൂബ് നീക്കം ചെയ്ത 1.1 കോടി വീഡിയോകളില്‍ ഏകദേശം 31 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്ലൈന്‍സ് ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്ന് 12.4 ലക്ഷം വീഡിയോകളും മൂന്നാമതുള്ള ഇന്തോനേഷ്യയില്‍ നിന്ന് 9.2 ലക്ഷം വീഡിയോകളുമാണ് നീക്കം ചെയ്തത്. ആഗോളതലത്തില്‍ നീക്കം ചെയ്ത വീഡിയോകളില്‍ 68.2 ശതമാനവും കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ, നീക്കം ചെയ്യപ്പെട്ടതില്‍ 98.6 ശതമാനം വീഡിയോകളും ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ വഴിയാണ് കണ്ടെത്തിയത്.
ഇന്ത്യന്‍ കോടതികളില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് ലഭിച്ച പരാതികളിലും യൂട്യൂബാണ് ഏറ്റവും കൂടുതല്‍. 2026 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഗൂഗിളിന് ലഭിച്ച 4,006 ആവശ്യങ്ങളില്‍ 3,399 എണ്ണവും യൂട്യൂബുമായി ബന്ധപ്പെട്ടതായിരുന്നു. ലഭിച്ച അപേക്ഷകളില്‍ 72 ശതമാനത്തോളം (2,870 എണ്ണം) പോലീസില്‍ നിന്നും 695 എണ്ണം കോടതികളില്‍ നിന്നുമായിരുന്നു. പ്രധാനമായും അപകീര്‍ത്തിപ്പെടുത്തല്‍ ആരോപിച്ചാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ (2,130 എണ്ണം) ഉയര്‍ന്നത്. ഇതില്‍ പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചതിന് 19,883 ഉള്ളടക്കങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു.
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും അക്കൗണ്ടുകള്‍ക്കും മേലുള്ള നിരീക്ഷണം ശക്തമാകുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്. 2026 മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 2.98 ലക്ഷം ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സഹയോഗ് പോര്‍ട്ടല്‍ വഴി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, ഇതില്‍ 82 ശതമാനത്തിലധികവും വിവിധ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്ത് പോലീസ് മാത്രം 1.9 ലക്ഷത്തിലധികം ലിങ്കുകള്‍ നീക്കം ചെയ്യാന്‍ പോര്‍ട്ടല്‍ വഴി നോട്ടീസ് നല്‍കിയതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.


