National
ആയുഷ്മാന്‍ ഭാരത് പ്രതിസന്ധി: ജമ്മു കശ്മീരില്‍ ആശുപത്രികള്‍ക്ക് കുടിശ്ശിക 600 കോടി
ഇന്‍ഷുറന്‍സ് വിഹിതം ലഭിക്കാത്തതിനാല്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കഴിയാതെ ആശുപത്രികള്‍ കൈയൊഴിയുന്നതോടെ സാധാരണക്കാര്‍ കടം വാങ്ങിയും സ്വന്തം കൈയില്‍നിന്ന് പണം മുടക്കിയും ചികിത്സ തേടേണ്ട അവസ്ഥയിലാണ്
ശ്രീനഗര്‍ | ജമ്മു കശ്മീരിലെ സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (പി എം ജെ എ) വഴി ലഭ്യമാക്കേണ്ട തുക ആശുപത്രികള്‍ക്ക് കൃത്യമായി നല്‍കാത്തതിനെ തുടര്‍ന്ന് താഴ്വരയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഇന്‍ഷുറന്‍സ് വിഹിതം ലഭിക്കാത്തതിനാല്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കഴിയാതെ ആശുപത്രികള്‍ കൈയൊഴിയുന്നതോടെ സാധാരണക്കാര്‍ കടം വാങ്ങിയും സ്വന്തം കൈയില്‍നിന്ന് പണം മുടക്കിയും ചികിത്സ തേടേണ്ട അവസ്ഥയിലാണ്.
ജമ്മു കശ്മീര്‍ നിയമസഭയില്‍ ആരോഗ്യവകുപ്പ് വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 601.38 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകളാണ് നിലവില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഇതില്‍ 376.67 കോടി രൂപ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 224.71 കോടി രൂപ സ്വകാര്യ ആശുപത്രികള്‍ക്കും ലഭിക്കാനുള്ളതാണ്. ഇതുവരെ വിതരണം ചെയ്തത് 406.30 കോടി രൂപ മാത്രമാണ്. ഇതിനുപുറമെ 106.11 കോടി രൂപയുടെ ക്ലെയിമുകള്‍ തള്ളിക്കളയുകയും 44.33 കോടി രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തു.
മാസങ്ങളായി കുടിശ്ശിക ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ മരുന്നുകള്‍ വാങ്ങാനോ സാധിക്കുന്നില്ലെന്നും പല ആശുപത്രികളും പാപ്പരത്തത്തിന്റെ വക്കിലാണെന്നും സ്വകാര്യ ആശുപത്രി അസോസിയേഷന്‍ വ്യക്തമാക്കി. ഡയാലിസിസ്, കീമോതെറാപ്പി, അത്യാഹിത വിഭാഗ ശസ്ത്രക്രിയകള്‍ എന്നിവ പ്രതിസന്ധിയിലാണെന്നും കുടിശ്ശിക ഉടന്‍ തീര്‍ത്തില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കുടുംബത്തിന് 5 ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്ന ഗോള്‍ഡന്‍ കാര്‍ഡ് കൈവശമുണ്ടായിട്ടും പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.




