Connect with us

National

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25% വരെ യു എസ് തീരുവ ഭീഷണി: മേക്ക് ഇന്‍ ഇന്ത്യയും പി എല്‍ ഐയും നിരീക്ഷണത്തില്‍

വിപണി സാഹചര്യങ്ങള്‍ക്ക് അതീതമായി ഇന്ത്യ കൃത്രിമമായ അധിക ഉല്‍പാദന ശേഷി സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച്, ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താനാണ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം ശുപാര്‍ശ ചെയ്തിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുടെ മുന്‍നിര വ്യാവസായിക പദ്ധതികളായ മേക്ക് ഇന്‍ ഇന്ത്യ, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി എല്‍ ഐ), ആത്മനിര്‍ഭര്‍ ഭാരത് എന്നിവയെ നിരീക്ഷണത്തിലാക്കി യു എസ് ട്രേഡ് റെപ്രസന്റേറ്റീവ് (യു എസ് ടി ആര്‍) സമഗ്ര വ്യാപാര അന്വേഷണ റിപ്പോര്‍ട്ട്. വിപണി സാഹചര്യങ്ങള്‍ക്ക് അതീതമായി ഇന്ത്യ കൃത്രിമമായ അധിക ഉല്‍പാദന ശേഷി സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച്, ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താനാണ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറില്‍ എത്തിയാല്‍ തീരുവ 17 ശതമാനമായി പരിമിതപ്പെടുത്തിയേക്കും.

അമേരിക്കയുടെ കണ്ടെത്തലുകള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു. ഒരു മേഖലയിലും ഘടനാപരമായ അധിക ഉല്‍പാദന ശേഷി രാജ്യത്തിനില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചു വരികയാണെന്നും നിലവിലുള്ള ഉഭയകക്ഷി വ്യാപാര ചര്‍ച്ചകളിലൂടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ഇന്ത്യ അറിയിച്ചു. സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങളും നയങ്ങളും ആഭ്യന്തര ആഗോള ആവശ്യകതകള്‍ക്ക് അതീതമായി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുവെന്നാണ് 189 പേജുകളുള്ള യു എസ് ടി ആര്‍ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

ഇന്ത്യയുടെ സോളാര്‍ മൊഡ്യൂള്‍ നിര്‍മാണ ശേഷി 154 ജിഗാവാട്ടിലെത്തിയെന്നും ഇത് രാജ്യത്തെ ആഭ്യന്തര ആവശ്യമായ 53 ജിഗാവാട്ടിന്റെ ഏതാണ്ട് മൂന്നിരട്ടിയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ മൊത്തം ജെനറിക് മരുന്ന് കുറിപ്പടികളില്‍ 47 ശതമാനവും ഇന്ത്യന്‍ കമ്പനികളില്‍ നിന്നാണ്. എന്നാല്‍, ആന്റിബയോട്ടിക് നിര്‍മാണത്തിനായുള്ള ചേരുവകളുടെ 87 ശതമാനത്തിനും ഇന്ത്യ ഇപ്പോഴും ചൈനയെ ആശ്രയിക്കുന്നതായി യു എസ് എടുത്തുപറയുന്നു.

മൊബൈല്‍ ഫോണ്‍ ഉല്‍പാദനം 2014-15ലെ 5.8 കോടി യൂണിറ്റില്‍ നിന്ന് 2023-24 ല്‍ 33 കോടി യൂണിറ്റായും കയറ്റുമതി 5 കോടിയോളമായും ഉയര്‍ന്നുവെങ്കിലും നിര്‍മാണത്തിനുള്ള ഘടകങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് വര്‍ദ്ധിച്ചതായി യു എസ് നിരീക്ഷിക്കുന്നു. 2017 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ചൈനയില്‍ നിന്നുള്ള അസംസ്‌കൃത-മധ്യവര്‍ത്തി ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ 97 ശതമാനം വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയെക്കൂടാതെ ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം ഉള്‍പ്പെടെ 14 സമ്പദ്വ്യവസ്ഥകള്‍ക്കെതിരെയും സമാനമായ നിരീക്ഷണങ്ങള്‍ യു എസ് നടത്തിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട തീരുവകള്‍ സംബന്ധിച്ച പൊതുജനാഭിപ്രായങ്ങളും ഹിയറിംഗിനുള്ള അപേക്ഷകളും 2027 ജനുവരി 5 വരെ സ്വീകരിക്കും. പബ്ലിക് ഹിയറിംഗ് ജനുവരി 25ന് ആരംഭിക്കുമെന്നും യു എസ് വ്യക്തമാക്കി.

Content Highlights: A US trade report flagged Make in India, PLI, and Atmanirbhar Bharat schemes, recommending tariffs up to 25 percent on Indian goods while noting a trade deal could cap them at 17 percent. India rejected the overcapacity claims as baseless and plans to address concerns via bilateral talks. Public comments on the proposed tariffs run until January 5, 2027.
---- facebook comment plugin here -----

Latest