Kerala
തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണസമിതിയെ പിരിച്ചട്ട സംഭവം; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു
മുന്‍ ഭരണസമിതിയുടെ കാലത്തെ അഴിമതിയും ക്രമക്കേടുകളും ബാങ്ക് ഫണ്ട് ദുര്‍വിനിയോഗവും സംബന്ധിച്ച് പ്രാഥമിക അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു
തിരുവല്ല| തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ നടപടി റദ്ദ് ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) നല്കിയ അപ്പീലിലാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് എ കെ പ്രീതയും അടങ്ങിയ ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. നവംബര്‍ മാസം 18ാം തീയതി മുതല്‍ മുന്‍ ഭരണസമിതിക്ക് ബാങ്ക് ഭരണം കൈമാറാനായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. നവംബര്‍ 27 വരെയായിരുന്നു മുന്‍ ഭരണസമിതിക്ക് കാലാവധിയുണ്ടായിരുന്നത്.
മുന്‍ ഭരണസമിതിയുടെ കാലത്തെ അഴിമതിയും ക്രമക്കേടുകളും ബാങ്ക് ഫണ്ട് ദുര്‍വിനിയോഗവും സംബന്ധിച്ച് പ്രാഥമിക അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഹകരണ നിയമം 65ാം വകുപ്പ് അനുസരിച്ചുള്ള അന്വേഷണത്തിന് ജോയിന്റെ രജിസ്ട്രാര്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട 64 രേഖകള്‍ മതിയായ സമയം നല്‍കിയിട്ടും ഒന്നുതന്നെ നല്കുവാന് മുന്‍ ഭരണസമിതി തയ്യാറാകാതിരുന്നതിനാലാണ് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്.
ജോയിന്റ് രജിസ്ട്രാര്‍ക്ക് വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി എ മുഹമ്മദ് ഷായും, സ്പെഷ്യല്‍ ഗവ പ്ലീഡര്‍ അരുണ്‍ ചന്ദ്രനും, ബാങ്കിനും അഡ്മിനിസ്ട്രേറ്റര്‍ക്കും വേണ്ടി ജോര്‍ജ്ജ് പൂന്തോട്ടവും മുന്‍ ഭരണസമിതിക്കുവേണ്ടി അഡ്വ കെ ഗോപാലകൃഷ്ണകുറുപ്പും ഹാജരായി.
Content Highlights: The Kerala High Court Division Bench stayed a single bench order that had cancelled administrator rule at Thiruvalla East Co-operative Bank. The stay follows an appeal by the Pathanamthitta Joint Registrar over alleged fund misappropriation. The board was dissolved after failing to submit 64 inquiry records.




