Connect with us

articles

അബ്രാഹ്മണ പൂജാരിയെ കേരളവും പുറത്തിരുത്തുന്നു

പട്ടികജാതിക്കാരനായ പൂജാരിയുടെ കൈയില്‍ നിന്ന് ആത്മീയ സേവനങ്ങള്‍ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം എല്ലാ ഭക്തര്‍ക്കും ഉണ്ട്. എന്നാല്‍ പട്ടികജാതിക്കാരന്‍ പൂജാരിക്ക് അല്ലെങ്കില്‍ അബ്രാഹ്മണര്‍ ആയ ആളുകള്‍ക്ക് അമ്പലത്തില്‍ പൂജ ചെയ്യാനുള്ള അവകാശമില്ല, അവര്‍ അത്തരം ഇടങ്ങളിലേക്ക് അവകാശം ഉന്നയിക്കാന്‍ പാടില്ല എന്നൊരു ഭക്തന്‍ പറഞ്ഞാല്‍ അത് ഭരണഘടന അനുവദിച്ചു കൊടുക്കില്ല.

Published

|

Last Updated

ജാതിയില്ലാ കേരളമെന്ന മിത്തിനെ ആഘോഷിക്കുന്ന കേരളീയ പൊതുസമൂഹത്തെ, അതൊരു കെട്ടുകഥ മാത്രമാണെന്ന് ഓര്‍മിപ്പിക്കുകയാണ് ഈയടുത്തുവന്ന ഒരു പോലീസ് കേസ്. നോര്‍ത്ത് പറവൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഹിന്ദു ക്ഷേത്രത്തില്‍ ബ്രാഹ്മണ പൂജാരി അവധിയില്‍ പോയ സമയത്ത് പൂജകള്‍ ചെയ്യാനായി വന്ന താത്കാലിക പൂജാരി പട്ടികജാതി വിഭാഗക്കാരനായിരുന്നു.

അമ്പലത്തില്‍ പ്രാര്‍ഥിക്കാന്‍ വന്ന ഒരാള്‍ അബ്രാഹ്മണന്‍ പൂജ ചെയ്യുന്നത് ചോദ്യം ചെയ്യുകയും പൂജാരിയെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് കേസ്. അമ്പലത്തില്‍ പോയി വഴിപാടുകള്‍ ചെയ്യുക എന്നത് ഒരാളെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടന അയാള്‍ക്ക് നല്‍കുന്ന മൗലിക അവകാശങ്ങളില്‍ ഒന്നാണ്. ഏത് പൂജാരിയില്‍ നിന്ന് ആത്മീയ സേവനം വാങ്ങണം എന്നത് ഭക്തന്റെ തിരഞ്ഞെടുപ്പാണ്. ഭക്തനുള്ള ഈ സ്വയം തിരഞ്ഞെടുപ്പിന്റെ പ്രതിഫലനമാണ് കേരളത്തിലെ പത്രങ്ങളില്‍ വരുന്ന വിവാഹ പരസ്യങ്ങളില്‍ കാണുന്ന “പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ ഒഴികെ’ എന്ന പ്രയോഗം. ആരെ വിവാഹം കഴിക്കണമെന്നത് ആത്യന്തികമായി ഒരു വ്യക്തിയുടെ ചോയ്‌സാണ്. അത് ഭരണഘടന അയാള്‍ക്ക് നല്‍കുന്ന അവകാശവും കൂടിയാണ്.

ആ അവകാശം ഒരു വ്യക്തിക്ക് വിനിയോഗിക്കാം. നിങ്ങള്‍ ഒരു പട്ടികജാതിക്കാരന്‍ ആയതുകൊണ്ട് എനിക്ക് നിങ്ങളെ വിവാഹം കഴിക്കാന്‍ കഴിയുകയില്ല എന്നൊരാള്‍ക്ക് അപരനോട് പറയാം. എന്നാല്‍ നിങ്ങള്‍ പട്ടിക ജാതിക്കാരന്‍ ആയതുകൊണ്ട് പട്ടികജാതിക്കാര്‍ അല്ലാത്ത ഒരാളെയും വിവാഹം കഴിക്കാന്‍ പറ്റുകയില്ല എന്ന് ഒരാള്‍ പറഞ്ഞാല്‍ അത് ഭരണഘടനാ ലംഘനമാകും. ഈ ഒരു വാദത്തില്‍ ഊന്നി “പട്ടികജാതിക്കാരന്‍ പൂജാരിക്ക് പൂജ ചെയ്യാനുള്ള അവകാശമില്ല’ എന്ന നിലപാടിനെ വിലയിരുത്താം.

പട്ടികജാതിക്കാരന്‍ പൂജാരിയുടെ കൈയില്‍ നിന്ന് ആത്മീയ സേവനങ്ങള്‍ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം എല്ലാ ഭക്തര്‍ക്കും ഉണ്ട്. അതായത് ഒരാള്‍ക്ക് ആത്മീയമായി സംതൃപ്തി കിട്ടുന്ന തരത്തില്‍ അയാളുടെ ആത്മീയ സേവനങ്ങള്‍ നേടാനുള്ള അവകാശം ഭരണഘടനാ മൂല്യങ്ങള്‍ക്ക് അകത്ത് നിന്ന്‌കൊണ്ട് വിനിയോഗിക്കാന്‍ വ്യക്തികള്‍ക്ക് കഴിയും. എന്നാല്‍ പട്ടികജാതിക്കാരന്‍ പൂജാരിക്ക് അല്ലെങ്കില്‍ അബ്രാഹ്മണര്‍ ആയ ആളുകള്‍ക്ക് അമ്പലത്തില്‍ പൂജ ചെയ്യാനുള്ള അവകാശമില്ല, അവര്‍ അത്തരം ഇടങ്ങളിലേക്ക് അവകാശം ഉന്നയിക്കാന്‍ പാടില്ല എന്നൊരു ഭക്തന്‍ പറഞ്ഞാല്‍ അത് ഭരണഘടന അനുവദിച്ചു കൊടുക്കില്ല.

പട്ടികജാതിക്കാര്‍ എന്ന് ഭരണഘടനാപരമായി നിര്‍വചിക്കപ്പെട്ട ആളുകളെ ഡിപ്രസ്സ്ഡ് മൈനോരിറ്റി ക്ലാസ്സസ് എന്നാണ് അംബേദ്കര്‍ നിര്‍വചിച്ചത്. ചരിത്രപരമായ ഈ നിര്‍വചനത്തെ മഹാത്മാ ഗാന്ധി ശക്തിയുക്തം എതിര്‍ക്കുകയും ഡിപ്രസ്സ്ഡ് കാസ്റ്റ് ഹിന്ദു വര്‍ണ വ്യവസ്ഥക്ക് വെളിയിലുള്ളവരാണെങ്കിലും ഹിന്ദു മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന നിലപാട് മുന്നോട്ട് വെക്കുകയും ചെയ്തു. പില്‍ക്കാലത്ത് പട്ടികജാതി സംവരണം കിട്ടണമെങ്കില്‍ ഹിന്ദു ആയിരിക്കണമെന്ന നിലപാട് സ്വാതന്ത്ര്യാനന്തര ഭരണകൂടവും കൈക്കൊണ്ടു.

അതായത് ഹിന്ദു മതത്തിന്റെ അവിഭാജ്യ ഘടകമാണ് പട്ടികജാതികള്‍ എന്ന ചിന്ത ഇന്ത്യന്‍ പൊതുമണ്ഡലത്തിലേക്ക് രാഷ്ട്രീയമായും നിയമപരമായും അധികാരമുള്ളവര്‍ കടത്തിവിട്ടു. വര്‍ണ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ അസ്പൃശ്യതയെ നിയമം മൂലം ക്രിമിനല്‍ കുറ്റമാക്കി മാറ്റി. എന്നാല്‍ ഇന്നും ഹിന്ദു ജാതികള്‍ക്കിടയില്‍ സാഹോദര്യം എന്നത് കൈവന്നിട്ടില്ല എന്നതിന്റെ കൂടി പ്രതിഫലനമായി, പട്ടികജാതികള്‍ ഒഴികെ എന്ന കല്യാണ പരസ്യത്തെയും പട്ടികജാതിക്കാരന്‍ പൂജാരിയോട് കടക്ക് പുറത്ത് എന്ന് പറയുന്ന ക്ലാസ്സിക്കല്‍ വര്‍ണാശ്രമ ഭക്തനെയും കാണാവുന്നതാണ്.

ഹിന്ദു ക്ഷേത്രം എല്ലാ ഹിന്ദുക്കള്‍ക്കും തുല്യമായ അവകാശത്തോടെ, സ്വാഭിമാനത്തോടെ പ്രവേശിക്കാനുള്ള അധികാരവും അവകാശവും ഉള്ള ഇടങ്ങളാണോ എന്നതാണ് നമ്മള്‍ പരിശോധിക്കുന്ന മൗലിക വിഷയം. ആരാണ് ഹിന്ദുക്കള്‍ എന്ന് പരിശോധിക്കാനുള്ള പലവിധ പരിശോധനകളില്‍ ഒന്ന്, ബ്രാഹ്മണന്‍ പൂജ ചെയ്യുന്ന ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അര്‍ഹതയുള്ള ആളാണോ എന്നതായിരുന്നു. ക്ഷേത്ര പ്രവേശനവും ഭരണഘടനയും അതുവരെ ഹിന്ദു ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ അധികാരവും അവകാശവും ഇല്ലാത്ത ജാതികളെയും ഹിന്ദു ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചു. ഒരു ക്ഷേത്രത്തിനകത്തെ ഏറ്റവും പവിത്രമായ ഇടമായ പ്രതിഷ്ഠയുടെ ഇടത്തിലേക്ക് എല്ലാ ജാതിക്കാര്‍ക്കും പ്രവേശിക്കാനുള്ള അവകാശം ക്ഷേത്ര പ്രവേശന വിളംബരം നല്‍കിയിരുന്നില്ല. ക്ഷേത്ര പ്രവേശന വിളംബരം, എല്ലാ ജാതി ഹിന്ദുക്കളെ സംബന്ധിച്ചും ക്ഷേത്രം ഒരു പൊതു ഇടം ആണെന്ന ചിന്ത മുന്നോട്ട് വെച്ചപ്പോഴും ദൈവസന്നിധിയിലേക്കുള്ള പ്രവേശനം ബ്രാഹ്മണര്‍ക്ക് മാത്രമാണെന്ന വാദം ഉയര്‍ത്തി ക്ഷേത്രം എല്ലാവര്‍ക്കും പ്രവേശനം ഇല്ലാത്ത ഒരു സ്വകാര്യ ഇടം കൂടിയാണെന്ന ചരിത്രപരമായ അവസ്ഥയെ തുടരാന്‍ അനുവദിക്കുകയും ചെയ്തു.

പൊതുഇടമായി ബാഹ്യമായി നില്‍ക്കുമ്പോഴും ആന്തരികമായി സ്വകാര്യ ഇടം കൂടിയായി നിലകൊള്ളുന്ന ഹിന്ദു ക്ഷേത്രങ്ങളുടെ ആന്തരിക വൈരുധ്യത്തിനകത്താണ് പട്ടികജാതിക്കാരന്‍ പൂജാരിയാകാന്‍ യോഗ്യനാണോ എന്ന ചോദ്യത്തിന്റെ ഉത്തരം കിടക്കുന്നത്. തമിഴ്‌നാട,് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അബ്രാഹ്മണ ജാതികള്‍ സ്വയം സംഘടിച്ചും ഭരണകൂടത്തിന്റെ പിന്തുണയോടെയും പൂജാരികളാകുകയും മറ്റും ചെയ്യുന്നുണ്ടെങ്കിലും ഭരണഘടനാ വിദഗ്ധന്‍ മോഹന്‍ ഗോപാല്‍ പറയുന്നതുപോലെ, അതൊക്കെ “സ്വന്തം ജാതിക്കാരുടെ ക്ഷേത്രങ്ങളിലോ അല്ലെങ്കില്‍ സാമ്പത്തികം കിട്ടാന്‍ ഇടയില്ലാത്ത പാപ്പര്‍ ക്ഷേത്രങ്ങളിലോ ആണ്’ എന്നതാണ് സത്യം. ആത്മീയ ഔന്നത്യത്തിന്റെ കുത്തക അവകാശപ്പെടുന്ന ഒരു ക്ഷേത്രത്തിന്റെ ദൈവസന്നിധിയും ഇന്നും അബ്രാഹ്മണര്‍ക്ക് മുമ്പില്‍ വാതിലുകള്‍ തുറന്നിട്ടില്ല.

ജാതീയമായി മാത്രം തുടര്‍ന്നുവന്ന തൊഴിലിടങ്ങളെ ഇന്ത്യന്‍ ഭരണഘടന ഇല്ലാതാക്കുകയും തൊഴിലുകള്‍ ആളുകളുടെ അഭിരുചിക്കും കഴിവിനും അടിസ്ഥാനമാക്കി നേടാന്‍ കഴിയുന്നവയാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ ജാതിത്തൊഴിലുകളുടെ ശ്രേണിയിലെ ഏറ്റവും മുകളിലുള്ള പൗരോഹിത്യവും താഴെയുള്ള തോട്ടിപ്പണിയും ഇന്നും ജാതിത്തൊഴില്‍ ഇടങ്ങളായി തന്നെയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഈ വൈരുധ്യത്തെ നമുക്ക് പരിഹരിക്കാന്‍ ഇന്നും കഴിയുന്നില്ല എന്നതിനാലാണ് പട്ടികജാതിക്കാരന്‍ എന്തിന് പൂജാരിയാകണം എന്ന ചോദ്യം യാതൊരു മടിയും ലജ്ജയും കൂടാതെ ചിലര്‍ക്കിപ്പോഴും ചോദിക്കാന്‍ കഴിയുന്നത്.

മഹാത്മാ ഗാന്ധി പൂന പാക്റ്റ് സമയത്ത് നിരാഹാരം കിടന്ന് അസ്പൃശ്യ ജാതികളെ ഹിന്ദു മതത്തിന്റെ അവിഭാജ്യഘടകമാക്കിയെങ്കിലും ആ ചിന്ത ജാതിവാദികളുടെ മനസ്സിലേക്കും മനസ്സാക്ഷിയിലേക്കും കടന്നിട്ടില്ല. ധാര്‍മികമായി തങ്ങള്‍ക്ക് അനുസരിക്കാന്‍ ബാധ്യതയില്ലാത്ത, തങ്ങളുടെ മേല്‍ കെട്ടിവെച്ച ഒന്നായിട്ടാണ് ഇന്നും ജാതിവാദികള്‍ അസ്പൃശ്യതയും അയിത്തവും നിരോധിച്ച ഭരണഘടനാ നടപടിയെ കാണുന്നത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ജാതി ഹിന്ദുക്കളുടെ ധാര്‍മിക ബോധത്തിനകത്ത് എത്രത്തോളം സ്വീകാര്യത അയിത്തം പാലിക്കരുത് എന്ന ഭരണഘടനാ മൂല്യബോധത്തിന് നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. ഫാസ്റ്റ് ഫുഡുകള്‍ കഴിക്കരുത് എന്നത് നമ്മുടെ ധാര്‍മിക ബോധത്തിനകത്ത് ഉറച്ചുകഴിഞ്ഞാല്‍ പിന്നെ ഏതൊരു സാഹചര്യത്തിലും നമ്മള്‍ അത്തരം വസ്തുക്കള്‍ തൊടുക പോലുമില്ല. ഇത്തരത്തില്‍ ഉറപ്പിക്കപ്പെട്ട ഒരു ധാര്‍മിക ബോധം അയിത്തം പാലിക്കാത്തതുമായി ബന്ധപ്പെട്ട് നേടിയെടുക്കാന്‍ ശരാശരി ജാതിവാദികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഭരണഘടന നിലവില്‍ വന്ന് ഏതാണ്ട് 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത്തരമൊരു മൂല്യബോധത്തിലേക്ക് ജാതിവാദികള്‍ വന്നിട്ടില്ലെങ്കില്‍ അയിത്ത നിരോധനം ഭരണഘടനയിലെ ഒരു കിലുങ്ങുന്ന പദം മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു എന്ന് തന്നെ നമ്മള്‍ കരുതേണ്ടിവരും.

അംബേദ്കറുടെ ക്ലാസ്സിക് ഗ്രന്ഥമായ ജാതി നിര്‍മൂലനം എന്ന കൃതി പ്രധാനപ്പെട്ടതാണ്. അയിത്ത വിരുദ്ധ ഹിന്ദു സംഘടനയായ ജാത്പത് തോഡക് മണ്ഡലിന്റെ പൊതുസമ്മേളനത്തില്‍ അധ്യക്ഷ പദവി അലങ്കരിച്ചുകൊണ്ട് പ്രസംഗിക്കാന്‍ തയ്യാറാക്കിയതും എന്നാല്‍ സംഘാടക സമിതിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രസംഗിക്കാന്‍ കഴിയാതെ പോയതുമായ പ്രസംഗമാണ് പിന്നീട് ജാതി നിര്‍മൂലനം എന്ന പേരില്‍ അംബേദ്കര്‍ പുസ്തകമായി പ്രസിദ്ധീകരിച്ചത്. ജാതി വ്യവസ്ഥയുടെ അടിസ്ഥാനമായി നിലകൊള്ളുന്ന മതപരമായ സങ്കല്‍പ്പങ്ങള്‍ നിര്‍മൂലനം ചെയ്യാതെ ജാതി തകര്‍ക്കാന്‍ സാധ്യമല്ല എന്ന അംബേദ്കറുടെ കര്‍ക്കശമായ നിലപാടാണ് സമ്മേളനത്തില്‍ നിന്നും പിറകോട്ട് പോകാന്‍ സംഘാടക സമിതിയെ നിര്‍ബന്ധിതരാക്കിയത്. ജാതിവാദിയുടെ ധാര്‍മിക ബോധത്തെ രൂപപ്പെടുത്തുന്ന മത സങ്കല്‍പ്പങ്ങളെ തകര്‍ക്കാതെ ജാതിയെയോ അതിന്റെ അയിത്തത്തില്‍ അധിഷ്ഠിതമായ പ്രയോഗത്തെയോ ഇല്ലാതാക്കാന്‍ പോയിട്ട് ഒന്ന് നുള്ളി നോവിക്കാന്‍ പോലും ആകില്ലെന്ന അംബേദ്കറുടെ നിരീക്ഷണം പൂര്‍ണമായും ശരിയായിരുന്നു. അതിന്റെ സൂചകമാണ് പട്ടിക ജാതിക്കാരന്‍ എന്തിന് പൂജ ചെയ്യണം എന്ന ജാതിവാദിയുടെ ചോദ്യം.

അത്തരമൊരു അശ്ലീല ചോദ്യം ചോദിക്കരുത് എന്ന ബോധം ജാതിവാദിക്ക് ഇല്ലെങ്കില്‍ രാജ്യത്തെ നിയമവ്യവസ്ഥ അയാള്‍ക്കത് കൊടുത്തിരിക്കണം. ഇവിടെയാണ് പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിന്റെ പ്രാധാന്യം കിടക്കുന്നത്. ഈ നിയമം നടപ്പാക്കുന്നതില്‍ നമ്മുടെ രാജ്യം കുറ്റകരമായ അനാസ്ഥയാണ് കാണിച്ചിട്ടുള്ളത്. ഇന്നും അത് തന്നെ തുടരുകയും ചെയ്യുന്നു. ഈ നിയമത്തെ അടിസ്ഥാനമാക്കി ഒരു പരാതി ഒരാള്‍ ഉന്നയിച്ചാല്‍ അധികാരികളടക്കം പൊതുസമൂഹം ആദ്യം ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് “നിങ്ങളെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചോ’ എന്നാണ്. ഒരാളുടെ ജാതിപ്പേര് വിളിച്ചാല്‍ മാത്രമേ പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം ബാധകമാകൂ എന്ന അത്ര നിഷ്‌കളങ്കമല്ലാത്ത ഒരു വിവരക്കേട് മലയാളി സമൂഹം വെച്ചുപുലര്‍ത്തുന്നുണ്ട്. സ്വയംവരിച്ച ആ വിവരക്കേട് നമ്മള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം നിലവില്‍ വന്ന ഒരു ഭരണഘടനയുടെ കീഴില്‍ ജനിച്ചു ജീവിക്കുന്ന ആളുകളാണ് കേരളത്തിലെ ഭൂരിപക്ഷം ആളുകളും.

കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളും ഫ്യൂഡല്‍ കാലത്ത് ജനിച്ചവര്‍ അല്ല. അതുകൊണ്ട് ജാതിവാദികള്‍ സ്വയം നവീകരിക്കാന്‍ ശ്രമിക്കുകയോ അവരെ നിയമത്തിന്റെ ശിക്ഷാവലയത്തിലേക്ക് കൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറാകുകയോ വേണം. രണ്ടും നമ്മുടെ നാട്ടില്‍ സംഭവിക്കുന്നില്ല എന്നതിനാലാണ് ഇന്നും ആളുകള്‍ക്ക് പത്തരമാറ്റ് ജാതിവാദിയായി ജീവിക്കാന്‍ കഴിയുന്നതും, ഞങ്ങള്‍ പ്രാചീന തറവാട്ടുകാര്‍ ആണെന്ന് മേനിനടിക്കാന്‍ കഴിയുന്നതും. ജാതി നിയമങ്ങളാല്‍ ആളുകളെ അകറ്റി നിര്‍ത്തിയിരുന്ന എല്ലാ തൊഴിലിടങ്ങളും ഇന്ന് എല്ലാവര്‍ക്കും തത്ത്വത്തില്‍ പ്രവേശിക്കാന്‍ കഴിയുന്നവയാക്കി ഭരണഘടന മാറ്റിയിട്ടുണ്ട്. ആ നിലക്ക് പൗരോഹിത്യം മാത്രം വിശുദ്ധപശുവായി നിലനിര്‍ത്തേണ്ടതുണ്ടോ എന്നൊരു ചോദ്യം ചോദിക്കാന്‍ സമയം ഇനിയും വൈകാന്‍ പാടില്ല.

( സിയര്‍ മനുരാജ്-   കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ അസ്സോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)

Latest