National
കര്‍ണാടക സര്‍ക്കാരിന്റെ പുതിയ സംവരണ നയം; മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വീടിനു നേരെ കല്ലേറ്
സംഘര്‍ഷ സാഹചര്യത്തില്‍ ഷിക്കാരിപുരയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മംഗളൂരു | കര്‍ണാടക സര്‍ക്കാരിന്റെ പുതിയ സംവരണ നയത്തിനെതിരെ വന്‍ പ്രതിഷേധം. ബഞ്ചാറ, കൊറജ, കൊറമ, ഭൂമി സമുദായങ്ങള്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ വീടിന് നേരെ കല്ലെറിഞ്ഞു. അദ്ദേഹത്തിന്റെ ഷിക്കാരിപുരയിലുളള വീടിന് നേരെയാണ് കല്ലേറുണ്ടായത്.
സംഘര്‍ഷ സാഹചര്യത്തില്‍ ഷിക്കാരിപുരയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പട്ടിക ജാതി വിഭാഗങ്ങളിലെ ഉപജാതികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ ഷിവമോഗ ഷിക്കാരിപ്പുര താലൂക്ക് ഓഫീസ് (മിനി സൗധ) പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തിയ സമുദായ പ്രവര്‍ത്തകരാണ് യെദ്യൂരപ്പയുടെ വീടിന് നേരെ കല്ലേറിഞ്ഞത്.
പ്രധാന മന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെയും മറ്റ് ബി ജെ പി നേതാക്കളുടെയും കോലം കത്തിച്ചു. അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റു.