Connect with us

karnataka

കേരളത്തിന്റെ 300 ഏക്കർ ഭൂമി കൈയേറി കർണാടക; അളക്കാനെത്തിയ സംസ്ഥാന റവന്യൂ സംഘത്തെ തടഞ്ഞു

2012ൽ കേരളം തിരിച്ചുപിടിച്ച ഭൂമിയാണ് വീണ്ടും കൈയേറിയത്. അന്നത്തെ റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടാണ് ആയിരം ഏക്കറോളം ഭൂമി കർണാടക വനംവകുപ്പിൽ നിന്ന് തിരിച്ചുപിടിച്ചത്

Published

|

Last Updated

ചെറുപുഴ | കേരളത്തിന്റെ ഭൂമി കർണാടക വനംവകുപ്പ് വീണ്ടും കൈയേറി. വിവരമറിഞ്ഞ് സ്ഥലം അളക്കാനെത്തിയ സംസ്ഥാന റവന്യൂ ഉദ്യോഗസ്ഥരെ കർണാടക വനം വകുപ്പും പോലീസും ചേർന്ന് തടഞ്ഞു. കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം വില്ലേജിൽപ്പെട്ട 124/2, 124/1 എന്നീ സർവേ നമ്പറിലുള്ള സ്ഥലമാണ് കർണാടക കൈയേറിയത്. ഇത് 300 ഏക്കറിലധികം വരും. കൈയേറ്റം പരിശോധിക്കാനെത്തിയ ഡെപ്യൂട്ടി ഡയറക്്ടർ, സർവേ സൂപ്രണ്ട്, താലൂക്ക് സർവേയർ എന്നിവർ അടങ്ങിയ സംഘത്തെ കർണാടക അധികൃതർ സ്ഥല പരിശോധന നടത്താൻ അനുവദിക്കാതെ മടക്കിയയക്കുകയായിരുന്നു. ഇന്നലെ ഉച്ചക്കെത്തിയ സംഘത്തെ ഒരു മണിക്കൂറിലേറെ സമയം തടഞ്ഞുവെച്ച ശേഷമാണ് വിട്ടയച്ചത്.

2012ൽ കേരളം തിരിച്ചുപിടിച്ച ഭൂമിയാണ് വീണ്ടും കൈയേറിയത്. അന്നത്തെ റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടാണ് ആയിരം ഏക്കറോളം ഭൂമി കർണാടക വനംവകുപ്പിൽ നിന്ന് തിരിച്ചുപിടിച്ചത്. രത്തൻ ഖേൽക്കർ കണ്ണൂർ ജില്ലാ കലക്്ടറായിരുന്ന സമയത്താണ് കേരളത്തിലെ റബ്ബർ തോട്ടം അടക്കം കർണാടക കൈവശം വെച്ചത് തിരിച്ചുപിടിച്ചത്. ഇപ്പോൾ വീണ്ടും കർണാടക വനം വകുപ്പ് കേരള ഭൂമിയിൽ സർവേ കല്ല് സ്ഥാപിക്കുന്ന പണി ദ്രുതഗതിയിൽ നടത്തുകയാണ്.

കേരളം ഏഴിമല- വാഗമണ്ഡലം- ബെംഗളൂരു ഹൈവേയുടെ ഭാഗമായി നിർമിച്ച പാലത്തിൽ വരെ കർണാടക ബോർഡ് സ്ഥാപിച്ച് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കാര്യങ്കോട് പുഴയുടെ തീരത്തുകൂടി കർണാടക വനംവകുപ്പിന്റെ നേതൃത്വത്തിൽ സർവേ കല്ല് സ്ഥാപിച്ചുകഴിഞ്ഞു. കർണാടകയുടെ നീക്കം ജില്ലാ കലക്്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിച്ച് വീണ്ടും സർവേക്കെത്തുമെന്നും ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂ സംഘം അറിയിച്ചു.

Latest