valapattanam police station
പോലീസ് സ്‌റ്റേഷന്‍ വളപ്പിൽ തീയിട്ട കാപ്പ പ്രതിയെ സാഹസികമായി പിടികൂടി
ഏറെനേരത്തെ മല്‍പ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴടക്കിയത്.

കണ്ണൂര്‍ | വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് പുലർച്ചെ തീയിട്ട കാപ്പ കേസ് പ്രതിയെ മണിക്കൂറുകൾക്കകം സാഹസികമായി പിടികൂടി. സംഭവത്തിനുശേഷം സ്റ്റേഷനിൽ നിന്ന് മൂന്ന് കി മീ അകലെ പഴയ ഇരുനില കെട്ടിടത്തില്‍ ഒളിവില്‍കഴിഞ്ഞ ചാണ്ടി ഷമീമിനെയാണ് പോലീസ് പിടികൂടിയത്. ഏറെനേരത്തെ മല്‍പ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴടക്കിയത്.
പോലീസിനെതിരേ ചെറുത്തുനില്‍പ്പിനും പ്രതി ശ്രമിച്ചിരുന്നു. ഇതിനിടെ തന്റെ താടി പറിച്ചെടുത്തെന്നും അടിച്ചെന്നും ഇയാള്‍ ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സ്റ്റേഷൻ വളപ്പിൽ തീപ്പിടിത്തം ശ്രദ്ധയിൽ പെട്ടത്. തളിപ്പറമ്പ് നിന്ന് അഗ്നിരക്ഷാസേനയെത്തി നാല് മണിയോടെ അണച്ചു. തീപ്പിടിത്തം മനഃപൂർവമാണെന്ന സംശയം തുടക്കത്തിൽ തന്നെ പോലീസിനുണ്ടായിരുന്നു.
കാപ്പ കേസ് പ്രതിയായ ചാണ്ടി ശമീം തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനിലെത്തി ബഹളംവെച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനെ കൈയേറ്റവും ചെയ്തു. ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട വിവിധ കേസുകളില്‍ പിടിച്ച മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപിടിച്ചത്. കത്തിനശിച്ച വാഹനങ്ങളില്‍ ഒരെണ്ണം ചാണ്ടി ഷമീമിന്റേതാണ്.