local body election 2025
കാന്തപുരം വാർഡ്; നിഷ്പക്ഷ വോട്ടുകളിൽ കണ്ണുംനട്ട്
കഴിഞ്ഞ തവണയും അബ്ദുല്ല മാസ്റ്റർക്ക് എതിരാളിയായി പത്താം വാർഡിൽ സാലിം കരുവാറ്റയാണ് മത്സരിച്ചിരുന്നത്.
പൂനൂർ| തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ണികുളം പഞ്ചായത്തിലെ കാന്തപുരം വാർഡിൽ ഇത്തവണ കനത്ത പോരാട്ടത്തിന് കളമൊരുങ്ങും. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന വാർഡിൽ ഇത്തവണ യു ഡി എഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗിലെ കെ കെ അബ്ദുല്ല മാസ്റ്ററും എൽ ഡി എഫ് സ്ഥാനാർഥിയായി സാലിം കരുവാറ്റയുമാണ് മത്സര രംഗത്തുള്ളത്.
കഴിഞ്ഞ തവണ എൽ ഡി എഫ് വിജയിച്ച വാർഡ് തിരിച്ചു പിടിക്കാനായി ഉണ്ണികുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കെ കെ അബ്ദുല്ല മാസ്റ്ററെയാണ് യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. അബ്്ദുല്ല മാസ്റ്റർ പത്താം വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് യു ഡി എഫ് വോട്ട് അഭ്യർഥിക്കുന്നത്. വാർഡ് നിലനിർത്തുന്നതിന് സി പി എം ലോക്കൽ കമ്മിറ്റി അംഗമായ യുവ നേതാവിനെയാണ് എൽ ഡി എഫ് രംഗത്തിറക്കിയത്. കുട ചിഹ്നത്തിൽ എൽ ഡി എഫ് സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണയും അബ്ദുല്ല മാസ്റ്റർക്ക് എതിരാളിയായി പത്താം വാർഡിൽ സാലിം കരുവാറ്റയാണ് മത്സരിച്ചിരുന്നത്.
ജനപ്രതിനിധിയല്ലാതിരുന്നിട്ടും ചോയിമഠം- പത്താം വാർഡിൽ കരുവാറ്റ പാലം, ചേപ്പാ – ചോയിമടം റോഡ് എന്നിവക്ക് എട്ട് കോടി രൂപയുടെ എം എൽ എ ഫണ്ട് ലഭ്യമാക്കുന്നതിന് നടത്തിയ ഇടപെടലുകൾ ഉയർത്തിക്കാട്ടിയാണ് സാലിം വോട്ട് തേടുന്നത്. ഇരു മുന്നണികൾക്കും വിജയ പ്രതീക്ഷയുള്ള കാന്തപുരം വാർഡിൽ നിഷ്പക്ഷ വോട്ടുകൾ വിധി നിർണയിക്കും.




