Connect with us

DRUGS

കാക്കനാട് മയക്കുമരുന്ന് കേസ്: സുസ്മിത ഫിലിപ്പിനെ ചോദ്യം ചെയ്യും

ലഹരി സംഘത്തെ നിയന്ത്രിച്ച 'ടീച്ചർ'

Published

|

Last Updated

കൊച്ചി | കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് എം ഡി എം എ പിടികൂടിയ കേസിൽ പ്രതികളെ സഹായിച്ചതിന് പിടിയിലായ കൂവപ്പാടം സ്വദേശി സുസ്മിത ഫിലിപ്പിനെ എക്‌സൈസ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. റിമാൻഡിലായ ഇവരെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് വിട്ടു നൽകണമെന്ന എക്‌സൈസിന്റെ അപേക്ഷ അംഗീകരിച്ച കോടതി ഇവരെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ലഹരി ഇടപാടുകൾക്ക് ഇടനിലക്കാരിയായത് സുസ്മിതയാണെന്നാണ് എക്‌സൈസ് സംശയിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. നഗരത്തിൽ പ്രതികൾ നടത്തിയ മയക്കുമരുന്ന് പാർട്ടികളിൽ (റേവ് പാർട്ടി) സുസ്മിതയുടെ പങ്കാളിത്തമുണ്ടായിരുന്നു. എം ജി റോഡിലെ ഹോട്ടൽ, കാക്കനാട്ടെ രണ്ട് അപ്പാർട്ട്‌മെന്റുകൾ എന്നിവിടങ്ങളിൽ സുസ്മിതയെ മറ്റ് പ്രതികൾക്കൊപ്പം തെളിവെടുപ്പിനായി കൊണ്ടുവരുമെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി എം കാസിം പറഞ്ഞു. സുസ്മിത സ്വന്തം അക്കൗണ്ടിൽ നിന്നും മറ്റു ചില അക്കൗണ്ടുകളിൽ നിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് വാങ്ങാനാണെന്നും പ്രതികളുടെ പ്രധാന സാമ്പത്തിക സ്രോ തസ്സ് ഇവരാണെന്നാണ് കരുതുന്നതെന്നും എക്‌സൈസ് ചൂണ്ടിക്കാട്ടുന്നു.

വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. “ടീച്ചർ’ എന്നറിയപ്പെടുന്ന സുസ്മിത ഫിലിപ്പ് സിനിമാമേഖലയിലെ ചിലരുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കേസിൽ അന്വേഷണം സിനിമാമേഖലയിലേക്കും നീളും.
ആഗസ്റ്റ് 19നാണ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് ഒന്നേകാൽ കിലോ എം ഡി എം എയുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. അന്നുതന്നെ സുസ്മിതയെ പിടികൂടിയെങ്കിലും നായ്ക്കളുടെ സംരക്ഷക എന്ന് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. നിലവിൽ കേസിലെ പന്ത്രണ്ടാം പ്രതിയാണ് സുസ്മിത ഫിലിപ്പ്.

Latest