Connect with us

From the print

വന്‍ ദുരന്തം; സിക്കിം പ്രളയത്തില്‍ മരണം 19 ആയി

നൂറോളം പേരെ കാണാതായി. റോഡുകളും വീടുകളും ഒലിച്ചുപോയി

Published

|

Last Updated

ഗാങ്‌ടോക് | വടക്കന്‍ സിക്കിമില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ആറ് സൈനികരുടെ മരണം സ്ഥിരീകരിച്ചു. 16 സൈനികരെ കണ്ടെത്താനുണ്ട്. 104 പേരെ കാണാതായി. ദുരിതം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.

രണ്ടായിരത്തോളം പേരെ ഇതിനകം രക്ഷപ്പെടുത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികളടക്കം മൂവായിരത്തോളം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.

നൂറ് കണക്കിന് റോഡുകളും ആയിരക്കണക്കിന് വീടുകളും വെള്ളത്തിനടിയിലായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിനാളുകളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ദേശീയ പാത 10 പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നതോടെ ദുരിത മേഖലയെ തലസ്ഥാനമായ ഗാംഗ്ടോക്കുമായി ബന്ധിപ്പിക്കുന്ന കരമാര്‍ഗം സ്തംഭിച്ചു. ഇത് രക്ഷാപ്രവര്‍ത്തനത്തെയും ദുരിതാശ്വാസത്തെയും ബാധിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ 14 പാലങ്ങളാണ് ഒലിച്ചുപോയത്. ഫൈബര്‍ കേബിള്‍ ലൈനുകള്‍ തകര്‍ന്നതോടെ പ്രധാനയിടങ്ങളിലെ മൊബൈല്‍ നെറ്റ്വര്‍ക്കും ബ്രോഡ്ബാന്‍ഡ് സര്‍വീസും അവതാളത്തിലായി. വൈദ്യുതിയും ജലവിതരണവും താറുമാറായിട്ടുണ്ട്. 20,000 പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ചുംഗ്താംഗിലെ തീസ്ത 3 ഡാമില്‍ 15ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരം അടി ഉയരത്തിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ഡാമിന്റെ ടണലിലാണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘങ്ങള്‍ സിക്കിമിലെത്തിയിട്ടുണ്ട്.

ദുരന്തം വന്ന വഴി
മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയുണ്ടായ അതിശക്തമായ മഴയില്‍ സമുദ്രനിരപ്പില്‍ നിന്ന് 17,0000 അടി ഉയരത്തിലുള്ള ലോഹ്നക് തടാകത്തിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്ന് തീസ്ത നദി കരകവിഞ്ഞൊഴുകി. തടാകത്തിലെ 65ശതമാനം വെള്ളവും താഴ്വാരങ്ങളിലെ നദികളിലേക്ക് ഒലിച്ചുപോയെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കിയത്.

ഇതോടെ മങ്കന്‍, ഗാംഗ്ടോക്, പകിയോംഗ്, നാംചി എന്നീ ജില്ലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്നു. ഇതിന് പിന്നാലെ അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുകയും ചെയ്തു. നേപ്പാളില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തെ തുടര്‍ന്നാണ് സിക്കിമില്‍ മേഘവിസ്ഫോടനവും പ്രളയവും ഉണ്ടായത്.

2021ല്‍ മുന്നറിയിപ്പ് നല്‍കി; അധികൃതര്‍ അവഗണിച്ചു
ന്യൂഡല്‍ഹി | സിക്കിമിലെ ലോഹ്നക് തടാകം ക്രമാതീതമായി നിറഞ്ഞൊഴുകുമെന്നും ഇത് താഴ്വാരങ്ങളെ മുക്കിയേക്കുമെന്നും രണ്ട് വര്‍ഷം മുമ്പ് നടന്ന പഠനത്തില്‍ വ്യക്തമാക്കിയിരുന്നതായി റിപോര്‍ട്ട്. ഗവേഷകരുടെ അന്തരാഷ്ട്ര സംഘമാണ് ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് പുറത്തുവിട്ടിരുന്നത്.

2021ലാണ് കടുത്ത മുന്നറിയിപ്പ് നല്‍കിയ റിപോര്‍ട്ട് ജിയോമോര്‍ഫോളജിയില്‍ പ്രസിദ്ധീകരിച്ചത്. ഹിമപരപ്പിലെ ഈ തടാകം 1962 മുതല്‍ 2008 വരെയുള്ള 46 വര്‍ഷത്തെ കാലയളവിനിടെ രണ്ട് കിലോമീറ്റര്‍ പിന്‍വലിഞ്ഞിട്ടുണ്ടെന്നും 2008നും 2019നുമിടയില്‍ 400 മീറ്ററോളം വീണ്ടും പിന്‍വലിഞ്ഞിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അമേരിക്ക, ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ ഗവേഷകരായിരുന്നു പഠനം നടത്തിയത്. എന്നാല്‍ ഈ വിദഗ്ധ പഠനത്തെയും ഗവേഷകരുടെ പ്രവചനത്തെയും പാടെ അവഗണിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

 

 

Latest