Connect with us

freedom fighting and news papers

ഇന്ത്യൻ സ്വാതന്ത്ര്യ സമരം രൂപപ്പെടുത്തിയ പത്ര, സാഹിത്യ കാഴ്ചപ്പാട്

ബ്രിട്ടീഷ് നയവും ഭരണവും പത്രങ്ങളിലൂടെ നിശിതമായി വിമർശിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിന്റെ ദൂഷ്യഫലങ്ങൾ ജനങ്ങൾക്കിടയിൽ ഒരു സാമൂഹിക ഉണർവ് സൃഷ്ടിച്ചു.

Published

|

Last Updated

മാധ്യമപ്രവർത്തന കാഴ്ചപ്പാടിന്റെ ഇന്ത്യൻ രൂപത്തിന് വ്യാകരണം നൽകിയത് സ്വാതന്ത്ര്യ സമരമാണ്. അന്ന്, ഇന്ത്യയിൽ സാമാന്യേന പത്രങ്ങൾ മാത്രമേയുള്ളൂ. അവയിലെ ഉള്ളടക്കം സ്വാതന്ത്ര്യ അഭിവാഞ്ഛ പ്രചോദിപ്പിക്കുന്നതും ജനങ്ങളുടെ ദുരിതത്തെ നിർഭയം അവതരിപ്പിക്കുന്നതുമായിരുന്നു. ചില പത്രങ്ങൾ സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിക്കുന്നതിന് മാത്രമായി നിലകൊണ്ടു. പൊതുജനാഭിപ്രായം ഉണർത്താനും അഭിപ്രായ രൂപവത്കരണം നടത്താനുമുള്ള മാധ്യമമായി പത്രങ്ങൾ മാറി. ബ്രിട്ടീഷ് നയവും ഭരണവും പത്രങ്ങളിലൂടെ നിശിതമായി വിമർശിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിന്റെ ദൂഷ്യഫലങ്ങൾ ജനങ്ങൾക്കിടയിൽ ഒരു സാമൂഹിക ഉണർവ് സൃഷ്ടിച്ചു.

1780 ജനുവരി 29നാണ് ഏഷ്യയിലെ ആദ്യ അച്ചടി പത്രമായ “ഹിക്കി ബംഗാൾ ഗസറ്റ്’ പ്രസിദ്ധീകരണം ആരംഭിച്ചത്. ഐറിഷുകാരനായിരുന്നു ഹിക്കി. ഒരു പ്രതിവാര ഇംഗ്ലീഷ് പത്രമായിരുന്നു. ആ പത്രവും സമൂഹത്തിന്റെ കണ്ണാടിയായി നിലകൊണ്ടു. 1782-ൽ ബ്രിട്ടീഷ് രാജിനെതിരെയുള്ള തുറന്ന വിമർശനത്തിന് ബ്രിട്ടീഷ് ഭരണകൂടം പത്രം നിരോധിച്ചു. 1857ലെ കലാപത്തിന് ശേഷം, ബ്രിട്ടീഷ് രാജ്, പത്രങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഗവർണർ ജനറൽ കാനിംഗ് (1858 ൽ വൈസ്രോയി) ലൈസൻസിംഗ് നിയമം നടപ്പിലാക്കി. പുസ്തകം, പത്രം അല്ലെങ്കിൽ അച്ചടിച്ച വസ്തുക്കൾ എന്നിവയുടെ പ്രസിദ്ധീകരണവും പ്രചാരവും നിരോധിക്കാനുള്ള അവകാശവും സർക്കാരിൽ നിക്ഷിപ്തമാക്കി. സമൂഹത്തെ ചുറ്റിപ്പറ്റിയായിരുന്നു വാർത്തകൾ. ഭരണാധികാരികളുടെ അന്തഃപുര കാഴ്ചകൾ ആയിരുന്നില്ല.

1858 മുതൽ 1947 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, ബ്രിട്ടീഷ് ഭരണകാലത്ത് അച്ചടി മാധ്യമങ്ങൾക്കെതിരെ നിരവധി നിയന്ത്രണ നിയമങ്ങൾ ഉണ്ടായി. വെർണാക്കുലർ പ്രസ് ആക്റ്റ്, സെൻസർഷിപ്പ് ഓഫ് പ്രസ് ആക്റ്റ്, ഇന്ത്യൻ പ്രസ് ആക്റ്റ്, ലൈസൻസിംഗ് റെഗുലേഷൻസ്, ലൈസൻസിംഗ് ആക്റ്റ്, രജിസ്‌ട്രേഷൻ ആക്റ്റ് എന്നിങ്ങനെ ഓരോ പ്രക്ഷോഭ സമയത്ത് ഓരോന്ന്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ ഉള്ളടക്കങ്ങളിൽ പ്രതിഫലിച്ചു. പതുക്കെ, പത്രം എന്നാൽ സ്വാതന്ത്ര്യ ബോധം എന്നും സാമൂഹിക പ്രവർത്തനത്തിനുള്ള അടിത്തറയെന്നും ആളുകളിൽ വിശ്വാസം ബലപ്പെട്ടു.

ആശങ്കകൾ പ്രകടിപ്പിക്കാനുള്ള ഉപാധിയായാണ് വാർത്തകളെയും വിശകലനങ്ങളെയും പത്രപ്രവർത്തകർ കണ്ടത്. പത്രം പ്രസിദ്ധീകരിക്കാൻ മുതൽ മുടക്കുന്നവർക്കും മറ്റൊരു വഴിയില്ലായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ മുമ്പിലുണ്ടായിരുന്ന ബാലഗംഗാധര തിലക്, കേസരി, മഹ്രത എന്നിങ്ങനെ രണ്ട് പത്രങ്ങളുടെ സ്ഥാപകനായിരുന്നു. ഭരണത്തെ വിമർശിച്ച് കൊണ്ടിരുന്നു. സർക്കാർ “ഭ്രാന്തൻ’ എന്ന് പ്രഖ്യാപിച്ചു. പിന്നീട് സർക്കാർ തിലകനെ അറസ്റ്റ് ചെയ്യുകയും
രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു. സാമൂഹിക പരിഷ്‌കർത്താവും പത്രപ്രവർത്തകനുമായ ജി സുബ്രഹ്മണ്യ അയ്യർ ദ ഹിന്ദു, സ്വദേശമിത്രൻ തുടങ്ങിയ രണ്ട് പത്രങ്ങൾ ആരംഭിച്ചു. ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ അദ്ദേഹം തന്റെ രചനകളിലൂടെ തമിഴരെ പ്രോത്സാഹിപ്പിച്ചു. ഗവൺമെന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും മാനനഷ്ടക്കേസ് ചുമത്തുകയും ചെയ്തു. അദ്ദേഹത്തെ ജയിലിലടച്ചു.

1910ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വക്കം മൗലവിയുടെ ഉടമസ്ഥതയിലുള്ള പത്രം നടത്തി. പി രാജഗോപാലാചാരിക്ക് എതിരെ നിരന്തരം എഴുതി. സർക്കാർ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാന നാളുകൾ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ആയിരുന്നു. പ്രാദേശിക ഭാഷാ പത്രങ്ങൾ ഗാന്ധിജിയുടെ പ്രസംഗങ്ങൾ, ഭഗത് സിങ്ങിന്റെ വിചാരണ തുടങ്ങിയ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യൻ സാഹിത്യത്തിന്റെ ഗതി രൂപപ്പെടുത്തിയതും ഒരു വേള സ്വാതന്ത്ര്യ സമരം തന്നെ. ബ്രിട്ടീഷുകാരോട് പോരാടുന്നതിൽ ഇന്ത്യൻ സാഹിത്യം പങ്കെടുത്തതിനെക്കുറിച്ചും വിചാരപ്പെടേണ്ട സമയമാണിത്. ദേശാഭിമാന പ്രചോദിതമായ അനേകം കവിതകളുടെയും ലേഖനങ്ങളുടെയും കഥകളുടെയും കാലമായിരുന്നു അന്നത്തേത്. സ്വാതന്ത്ര്യസമരം ചൂട് പിടിച്ച് വരുന്ന വേളയിലാണ് അല്ലാമാ ഇഖ്ബാലിന്റെ സാരേ ജഹാൻസെ അച്ചാ പിറവികൊള്ളുന്നത്. 1904 ആഗസ്റ്റ് 16നാണ് ആ കവിത പ്രസിദ്ധീകരിച്ചത്. കുട്ടികൾക്ക് വേണ്ടി ഗസൽ മാതൃകയിലായിരുന്നു രചന. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറിലെ കോളജിൽ അദ്ദേഹം കവിത ഉറക്കെച്ചൊല്ലി. ബ്രിട്ടീഷ് രാജിനെതിരെയുള്ള പോരാട്ടങ്ങളിൽ ആ കവിത ഏവർക്കും ആവേശമായി. ഗാന്ധിജി ജയിലിൽ കിടക്കുമ്പോൾ സാരേ ജഹാൻസെ അച്ചാ ഉരുവിടുന്നത് പതിവായിരുന്നു. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന 1911ലാണ് ടാഗോർ രചിച്ചത്. കൊൽക്കത്തയിൽ ഇന്ത്യൻ നാഷണൽ കോൺഫറൻസിൽ ഇത് പിന്നീട് അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ ബഹുസ്വരതയെ അടയാളപ്പെടുത്തുന്നതാണ് ദേശീയഗാനം. ബങ്കീം ചന്ദ്ര ഛതോപാധ്യായ രചിച്ച വന്ദേമാതരം ഇപ്പോഴും വിവാദം സൃഷ്ടിക്കുന്നു. വന്ദേമാതരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനെ പലരും എതിർക്കുന്നു.

മലയാളികളെ സംബന്ധിച്ചിടത്തോളം വള്ളത്തോളിന്റെ, ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ എന്നത് മഹത്തായ ആശയമാണ്. കേരളത്തെക്കുറിച്ച് അപവാദം പ്രചരിപ്പിക്കാൻ ഡൽഹിയിലെ ഗോസായിമാർ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. നാനാത്വത്തിൽ ഏകത്വത്തെ അവർ അംഗീകരിക്കുന്നില്ല. സ്വാതന്ത്ര്യ സമരത്തെ ആവേശഭരിതമാക്കാൻ പ്രാദേശികമായി അനേകം കവിതകൾ ജന്മമെടുത്തിട്ടുണ്ട്. പക്ഷേ, പലതും രേഖപ്പെടുത്താതെ പോയി. മാതൃരാജ്യത്തിന് വേണ്ടി പോരാടി ജീവൻ വെടിഞ്ഞ അജ്ഞാതരായ മനുഷ്യരെപ്പോലെ കവിതകളും വിസ്മൃതിയിലാണ്ടു. മാപ്പിളപ്പാട്ട് ശാഖകളിൽ പ്രമുഖമായിരുന്നു പടപ്പാട്ടുകൾ. എന്നാൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ പ്രോജ്വലിപ്പിച്ച പല പടപ്പാട്ടുകളും പിന്നീട് അംഗീകരിക്കപ്പെട്ടില്ല. പൊതുവിൽ, സർഗാത്മക സാഹിത്യത്തിന്, സമൂഹത്തിൽ മാറ്റം വരുത്താൻ കഴിയുമെന്നാണ് ടാഗോറും ഇഖ്ബാലും വള്ളത്തോളുമൊക്കെ തെളിയിച്ചത്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്