Connect with us

narcotic jihad

യു ഡി എഫ് യോഗത്തില്‍ ബിഷപ്പിനെ പിന്തുണച്ച് ജോസഫ് വിഭാഗം; പ്രകോപനം ഉണ്ടാക്കിയത് ബിഷപ്പെന്ന് ലീഗ്

ഇരു വിഭാഗത്തേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതിനായുള്ള ചര്‍ച്ചകള്‍ തുടരാന്‍ യു ഡി എഫ് നേതൃത്വം തീരുമാനിച്ചു. സമുദായ സൗഹൃദത്തിന് യു ഡി എഫ് മുന്‍കൈ എടുക്കാമെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം മുന്നണി യോഗം അംഗീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെച്ചൊല്ലി യു ഡി എഫ് മീറ്റിംഗില്‍ അഭിപ്രായ ഭിന്നത. വിഷയത്തില്‍ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമ്പോഴാണ് ഘടകകക്ഷികളുടെ യോഗത്തില്‍ മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മില്‍ ആശയ ഭിന്നതയുണ്ടായത്. ബിഷപ്പിന്റെ പ്രസ്താവനയാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് ലീഗ് അഭിപ്രായപ്പെട്ടപ്പോള്‍, ബിഷപ്പിന്റെ പ്രസ്താവന ദുരുദ്ദേശപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ നിലപാട്. സിറോ മലബാര്‍ സഭയെ പിണക്കി മുന്നോട്ട് പോകരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ക്രൈസ്തവ സഭക്കുള്ളില്‍ വിശ്വാസികളോട് നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നാണ് ജോസഫ് വിഭാഗം ഉടനീളം കൈക്കൊണ്ട നിലപാട്. ബിഷപ്പിന്റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് സഭ തന്നെ ആവശ്യപ്പെട്ട സ്ഥിതിക്ക് അതിനെ വിശ്വാസത്തിലെടുക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. ക്രൈസ്തവ സഭ എപ്പോഴും യു ഡി എഫിനൊപ്പം ഉറച്ചു നില്‍ക്കുന്നവരാണ്. അവരെ സംരക്ഷിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. പാലായിലേയും കടുത്തുരുത്തിയിലേയും വിജയത്തിന് പിന്നില്‍ ക്രൈസ്തവ സഭയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ബിഷപ്പിന്റെ പ്രസ്താവനയാണ് പ്രകോപനം ഉണ്ടാക്കിയതെന്നായിരുന്നു ലീഗ് നിലപാട്. ഇത് ഒഴിവാക്കാമായിരുന്നു. ഇക്കാര്യത്തില്‍ മുസ്ലിം നേതാക്കളുടെ യോഗം മുസ്ലിം ലീഗ് നേതൃത്വത്തില്‍ നടത്തിയത് പ്രശ്‌ന പരിഹാരത്തിനായിരുന്നു എന്നുമാണ് യു ഡി എഫ് യോഗത്തില്‍ ലീഗ് വ്യക്തമാക്കിയത്. പാലാ ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇ ടി മുഹമ്മദ് ബഷീര്‍ സംസാരിച്ചത്.

ഇരു വിഭാഗത്തേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതിനായുള്ള ചര്‍ച്ചകള്‍ തുടരാന്‍ യു ഡി എഫ് നേതൃത്വം തീരുമാനിച്ചു. സമുദായ സൗഹൃദത്തിന് യു ഡി എഫ് മുന്‍കൈ എടുക്കാമെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം മുന്നണി യോഗം അംഗീകരിച്ചു.

Latest