Kerala
ജെ ഡി എസ് കേരള ഘടകം ഇടതുമുന്നണിക്കൊപ്പം തുടരും; ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളുന്നു: മാത്യു ടി തോമസ്
പുതിയ പാര്‍ട്ടി രൂപീകരിക്കണോ, മറ്റ് എതെങ്കിലും പാര്‍ട്ടിയുമായി ലയിക്കണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കും

തിരുവനന്തപുരം | ജെഡിഎസ് കേരളത്തില്‍ ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്ന് മാത്യു ടി തോമസ് . എന്‍ഡിഎക്കൊപ്പം നില്‍ക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് ദേശീയ നേതൃത്വം ഒരു ചര്‍ച്ചയും ഇല്ലാതെയാണ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. 2006 ല്‍ സമാനമായ സാഹചര്യം ഉണ്ടായിരുന്നു, അന്ന് സ്വതന്ത്ര നിലപാടാണ് കേരള ഘടകം സ്വീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു
ബിജെപിയുമായി സഹകരിച്ച് പോകാനാകില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിക്കണോ, മറ്റ് എതെങ്കിലും പാര്‍ട്ടിയുമായി ലയിക്കണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കും. കൂറുമാറ്റ നിരോധന നിയമ പ്രശ്‌നങ്ങള്‍, പാര്‍ട്ടി ചിഹ്നം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ മുന്നിലുണ്ട്
ദേശീയ തലത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമായി മാറിയതോടെ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കുന്ന ജെഡിഎസിന് സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്‍ഡിഎയുടെ ഭാഗമായി നിന്നുകൊണ്ട് ഇടതുമുന്നണിയില്‍ തുടരാന്‍ സാധിക്കില്ലെന്നാണ് സിപിഎം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമായത്. കര്‍ണാടകത്തിലെ നിലനില്‍പിന് വേണ്ടിയുളള തീരുമാനമാണിതെന്നും കേരള ഘടകത്തിന് സ്വന്തം തീരുമാനമെടുക്കാമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു.
എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ജെ ഡി എസ് കേരള ഘടകത്തോട് സിപിഎം നിലപാട് കടുപ്പിച്ചത്