Connect with us

Web Special

ജയശങ്കര്‍ കേരളത്തിൽ വന്നത് മേല്‍പ്പാലം നോക്കാനല്ല; ഇത് 'ഓപറേഷൻ സൗത്ത്'

പുതിയ രാഷ്ട്രീയ സഖ്യ സാധ്യതകളാണു മന്ത്രി മുഖ്യമായും ആരായുന്നത്. കേരളത്തിലെ ഇരു മുന്നണി രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമാണ് ഇതില്‍ പ്രധാനം. ഇരു മുന്നണികളിലും ഇടം ലഭിക്കാതെ പുറത്തുനില്‍ക്കുന്ന ചെറുകിട പാര്‍ട്ടികളില്‍ നിന്നു മികച്ച നേതാക്കളെ ലഭിക്കുമോ എന്നും നിരീക്ഷിക്കുന്നുണ്ട്.

Published

|

Last Updated

കോഴിക്കോട് | പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി ജെ പി കേരളത്തില്‍ നീക്കങ്ങള്‍ ശക്തമാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം കഴക്കൂട്ടം ഫ്ളൈ ഓവര്‍ നിര്‍മ്മാണം വിലയിരുത്താന്‍ എത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് സൂചന. ദക്ഷിണേന്ത്യയിൽ പാർട്ടി സജീവമാക്കുന്നതിന് ബിജെപി കേന്ദ്ര നേതൃത്വം ആവിഷക്രിച്ച ‘ഓപ്പറേഷൻ സൗത്ത്’ പദ്ധതിയുടെ ഭാഗമായാണ് മന്ത്രിയുടെ പെട്ടെന്നുള്ള സന്ദർശനമെന്നാണ് അറിയുന്നത്.

കഴക്കൂട്ടം മേല്‍പ്പാലത്തില്‍ തിരക്കുപിടിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി പരിശോധനക്ക് എത്തിയതിനെ മുഖ്യമന്ത്രി നിയമസഭയിൽ വിമർശിച്ചിരുന്നു. തിരക്കുപിടിച്ച് പാലം പരിശോധിക്കേണ്ട കാര്യം എന്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. വികസനത്തില്‍ രാഷ്ട്രീയം ഇല്ലെന്നാണ് ജയശങ്കര്‍ ഇതിനോടു പ്രതികരിച്ചത്. എന്നാല്‍ ബി ജെ പി കേന്ദ്ര നേതൃത്വം തയ്യാറാക്കിയ മിഷന്റെ ഭാഗമായിത്തന്നെയാണ് മന്ത്രിയുടെ സന്ദര്‍ശനം എന്നാണു വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തവണ ബിജെപി തോറ്റ ജയ സാധ്യതയുള്ള ലോക്സഭ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് ബി ജെ പി ചുമതല നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല ചുമതല എസ് ജയശങ്കറിനാണ് നൽകിയത്.

കേന്ദ്ര പദ്ധതികളുടെ പുരോഗതി താഴെ തട്ടില്‍ എത്തി വിലയിരുത്തുന്ന പരിപാടി ഈ മിഷന്റെ ആദ്യഘട്ടമാണ്. വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംസാരിക്കാന്‍ മന്ത്രി തയ്യാറായി. ഇതോടൊപ്പം അടിത്തട്ടിലുള്ള പാര്‍ട്ടി നേതാക്കളുമായും അണികളുമായും സംസാരിച്ച് ഓരോ പ്രദേശത്തേയും രാഷ്ട്രീയ ചിന്ത മനസ്സിലാക്കാനും മന്ത്രി സമയം കണ്ടെത്തി. പദ്ധതിയുടെ ഭാഗമായി ആദ്യ റൗണ്ടില്‍ ലഭിച്ച വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കും. നേതൃത്വ ഈ വിവരങ്ങള്‍ വിലയിരുത്തിയ ശേഷം രണ്ടാം റൗണ്ടില്‍ ഏതു വിധേനെയാണ് ഇടപെടേണ്ടത് എന്നു നിശ്ചയിക്കും.

തിരുവനന്തപുരം കൂടാതെ കേരളത്തില്‍ അഞ്ചു ലോക്‌സഭ മണ്ഡലങ്ങളില്‍ കൂടി ബി ജെ പി കേന്ദ്ര മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കേന്ദ്ര പദ്ധതികളിലൂടെ ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്നതിനപ്പുറം കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ബി ജെ പി പക്ഷത്തേക്ക് നേതാക്കളേയും അണികളേയും ആകര്‍ഷിക്കുക എന്ന ലക്ഷ്യവും നേതാക്കൾക്കുണ്ട്. തൃപുര ഓപ്പറേഷന്‍ മാതൃകയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയാണു തന്ത്രം.

പുതിയ രാഷ്ട്രീയ സഖ്യ സാധ്യതകളാണു മന്ത്രി മുഖ്യമായും ആരായുന്നത്. കേരളത്തിലെ ഇരു മുന്നണി രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമാണ് ഇതില്‍ പ്രധാനം. ഇരു മുന്നണികളിലും ഇടം ലഭിക്കാതെ പുറത്തുനില്‍ക്കുന്ന ചെറുകിട പാര്‍ട്ടികളില്‍ നിന്നു മികച്ച നേതാക്കളെ ലഭിക്കുമോ എന്നും നിരീക്ഷിക്കുന്നുണ്ട്.

2024 ല്‍ പൊതുതെരഞ്ഞെടുപ്പിനുമുമ്പു ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള തീവ്ര നീക്കങ്ങള്‍ക്കാണു ബി ജെ പി തുടക്കമിട്ടത്. ബി ജെ പിക്കു തുടര്‍ഭരണമുണ്ടാവണമെങ്കില്‍ ദക്ഷിണേന്ത്യയില്‍ നിര്‍ണായക സ്വാധീനം വേണമെന്നാണു പാര്‍ട്ടി വിലയിരുത്തുന്നത്. ഹൈദരാബാദില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനും സാധ്യമായിടത്തെല്ലാം ഭരണത്തിലെത്താനും ആവിഷ്‌കരിച്ച തന്ത്രമാണ് ‘ഓപറേഷൻ സൗത്ത്’.

കര്‍ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം പ്രബലമാണ്. കര്‍ണാകയില്‍ കരുത്തു വര്‍ധിപ്പിക്കുന്നതോടൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ കടന്നു കയറുകയാണു ലക്ഷ്യം.

രണ്ട് എം എല്‍ എമാരും ഏഴ് ശതമാനം വോട്ട് ഷെയറുമുള്ള തെലങ്കാന പിടിക്കാനും വലിയ പദ്ധതികള്‍ ബി ജെ പി തയ്യാറാക്കിയിട്ടുണ്ട്.പ്രാദേശിക കക്ഷികളെ പിളര്‍ത്തുന്നത് അടക്കമുള്ള നീക്കങ്ങള്‍ക്ക് നേതൃത്വത്തിന്റെ എല്ലാ പിന്‍തുണയും ലഭിക്കും. തമിഴ്നാട്ടില്‍ സഖ്യക്ഷിയായ എ ഐ എ ഡി എം കെയിലെ തര്‍ക്കങ്ങള്‍ മുതലെടുക്കുകകയാണ് ബി ജെ പി തന്ത്രം. എ ഐ എ ഡി എം കെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം തകര്‍ച്ച നേരിടുകയാണ്. ബി.ജെ.പിയുമായുള്ള ബന്ധം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയതെന്ന ചിന്ത എ ഐ എ ഡി എം നേതൃത്വത്തിനുണ്ട്. എ ഐ എ ഡി എംകെയിലെ തര്‍ക്കങ്ങള്‍ ശക്തിപ്രാപിച്ച് പാര്‍ട്ടി ഗുരുതരമായ പ്രതിസന്ധയില്‍ അകപ്പെട്ടാല്‍ ആ പാര്‍ട്ടയില്‍ നിന്നു പരമാവധി പേരെ ബി ജെ പിയില്‍ എത്തിക്കുകയാണു തന്ത്രം.

കേരളം ബി ജെ യുടെ അജണ്ടയില്‍ പ്രബല സ്ഥാനം നേടുന്നത് ഇവിടെ ഭരിക്കുന്ന സി പി എമ്മിനെ തകര്‍ക്കു എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. തൃപുരക്കും ബംഗാളിനും പിന്നാലെ കേരളത്തില്‍ നിന്നും സി പി എം പുറത്തായാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാന്‍ അത് ഏറെ ഗുണം ചെയ്യുമെന്നാണു പാര്‍ട്ടി വിലയിരുത്തുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest