Malappuram
ജമലുല്ലൈലി ഉറൂസിനു കൊടിയേറി
സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
 
		
      																					
              
              
            ചേളാരി | രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സയ്യിദ് സ്വാലിഹ് ജമലുല്ലൈലി നൊസ്സൻ തങ്ങൾ ഉപ്പാപ്പയുടെയും മകൻ സയ്യിദ് ഫള്ൽ ജമലുല്ലൈലി തങ്ങളുടെയും ഉറൂസ് മുബാറക്കിന് മഖാം മുതവല്ലി സയ്യിദ് ഫള്ൽ ജമലുല്ലൈലി പതാക ഉയർത്തി തുടക്കം കുറിച്ചു.
സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സത്യത്തിനും നീതിക്കും മാനവികതക്കും വിലകൽപ്പിക്കുന്നവരായി സമുദായത്തെ വളർത്തിയെടുക്കാൻ കഠിനമായി പ്രയത്നിച്ച മുൻകാല സാദാത്തുക്കളുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വ്യക്തി ജീവിതത്തിലും സാമൂഹ്യ തലങ്ങളിലും ധാർമ്മികത വളർത്തിയ മഹാന്മാരായിരുന്നു സാദാത്തുക്കൾ. ഇസ്ലാമിൻ്റെ മഹിതമായ ആദർശം മുറുകെ പിടിക്കുമ്പോൾ തന്നെ രാജ്യത്തിൻ്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനും വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് നേതൃത്വം നൽകാനും ജാഗ്രത പാലിച്ച ഈ മഹത്തുക്കളോട് സമൂഹം ഏറെ കടപ്പെട്ടവരാണ്. വിദ്യാഭ്യാസ ബോർഡിൻറെ വളർച്ചയിലും പുരോഗതിയിലും തുടക്കം മുതലേ കഠിനാധ്വാനം ചെയ്ത ജമലുല്ലൈലി തങ്ങൾ പതിനായിരക്കണക്കിന് മതപഠന ശാലകളിലൂടെ എന്നും സ്മരിക്കപ്പെടുമെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു.
പരിപാടിയിൽ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി കൊയിലാണ്ടി പ്രാർഥന നിർവ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. അലി ബാഖവി ആറ്റുപുറം, കേരള വഖഫ് ബോർഡ് മെമ്പർ പ്രൊഫ. കെ എം എ റഹീം, കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ മുഹമ്മദ് കാസിം കോയ പൊന്നാനി തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരതിൻ്റെ നേതൃത്വത്തിൽ മദനീയം മജ്‌ലിസ് നടന്നു. മൗലിദ് പാരായണത്തിന് അതീഖ് ബാഖവി നേതൃത്വം നൽകി. ശാദുലി ഹൽഖക്ക് അബ്ദുസ്സലാം ബാഖവി നേതൃത്വം നൽകി.
നേരത്തെ നടന്ന കടലുണ്ടി മഖാം സിയാറത്തിന് സയ്യിദ് ഹുസൈൻ കോയ ജമലുല്ലൈലി സഖാഫിയും സൈഫുൽ ഇലാഹ് പെരുമുഖം സൈനുദ്ദീൻ മുസ്ലിയാർ മഖാം സിയാറത്തിന് സയ്യിദ് കെ എസ് കെ തങ്ങൾ താനൂരും നേതൃത്വം നൽകി. മഖാം സിയാറത്തിന് സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി. ഖത്മുൽ ഖുർആൻ മജ്‌ലിസിന് സയ്യിദ് അലവി ജമലുല്ലൈലി പ്രാർഥന നിർവഹിച്ചു.
ഇന്ന് ഉച്ചക്ക് നടക്കുന്ന സ്റ്റുഡൻസ് കോൺക്ലേവിൽ കേന്ദ്ര മുശാവറ അംഗം ചെറുശോല അബ്ദുൽ ജലീൽ സഖാഫി, മുഹമ്മദ് അലി നൂറാനി വെസ്റ്റ് ബംഗാൾ, ആസഫ് നൂറാനി തുടങ്ങിയവർ വിഷയാവതരണം നടത്തും. താനാളൂർ അബ്ദുല്ല മുസ്‌ലിയാർ അസ്മാഉൽ ഹുസ്നക്ക് നേതൃത്വം നൽകും.
വൈകിട്ട് ഏഴിന് ആത്മീയ സമ്മേളനം പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. റഈസൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആത്മീയ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, കൽത്തറ അബ്ദുൽ ഖാദിർ മദനി, ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ: അബ്ദുസ്സലാം മുസ്ലിയാർ ദേവർശോല, മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സൈനുൽ ആബിദീൻ ജമലില്ലൈലി പ്രസംഗിക്കും. സയ്യിദ് ഹുസൈൻ അഹമദ് ശിഹാബ് തങ്ങൾ തിരൂർക്കാട് സമാപന പ്രാർത്ഥന നിർവ്വഹിക്കും.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


