siraj editorial
കുറ്റവാളിയെ വലിയ കുറ്റവാളിയാക്കാനോ ജയില്‍?
സെല്ലുകളില്‍ നിന്ന് തടവുപുള്ളികള്‍ ഫോണ്‍ വിളിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ള പ്രതികള്‍ക്ക് ഇതൊന്നും ബാധകമല്ല. ജയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അവര്‍ക്ക് ഫോണും മദ്യവും മയക്കുമരന്നുമെല്ലാം യഥേഷ്ടം സെല്ലുകളില്‍ എത്തിച്ചേരുന്നു
‘താന്‍ ജയില്‍ മേധാവിയായ ശേഷം ഒരു ജയിലിലും അനധികൃത ഫോണ്‍വിളി ഉണ്ടായിട്ടില്ല. അനധികൃത ഫോണ്‍വിളി തടയാന്‍ ജയിലില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്’- രണ്ട് മാസം മുമ്പ് കൊടി സുനി ജയിലില്‍ നിന്ന് ഫോണ്‍വിളിയിലൂടെ ക്വട്ടേഷന്‍ നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ ജയില്‍ മേധാവി ഋഷിരാജ് സിംഗാണ് ഈ അവകാശവാദം നടത്തിയത്. എന്നാല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ ഫോണ്‍വിളിക്കുന്നതായും ജയില്‍ അധികൃതര്‍ തന്നെ ഇതിന് ഒത്താശ ചെയ്യുന്നതായും വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. ജയില്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ഇരുന്നാണ് പ്രതികള്‍ ഫോണ്‍വിളിച്ചതെന്നാണ് ഉത്തരമേഖലാ ജയില്‍ ഡി ഐ ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ ഫോണ്‍ ദുരുപയോഗവും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. ഫ്ലാറ്റ് കൊലക്കേസ് പ്രതി റശീദില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ആയിരത്തിലേറെ വിളികള്‍ നടത്തിയിട്ടുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണം നടന്നത്.
കഴിഞ്ഞ വാരത്തില്‍ ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കൊടി സുനിയുടെ സെല്ലിലെ, കോട്ടയത്തെ കെവിന്‍ ദുരഭിമാനക്കൊലക്കേസിലെ പ്രതിയില്‍ നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും മൊബൈല്‍ ചാര്‍ജറും മറ്റും പിടികൂടുകയുമുണ്ടായി. കെവിന്‍ ദുരഭിമാനക്കൊലക്കേസിലെ പ്രതിയില്‍ നിന്ന് 20,000 രൂപ വിലയുള്ള ഫോണാണ് കണ്ടെടുത്തത്. ജയിലധികൃതര്‍ പരിശോധനക്കെത്തിയപ്പോള്‍ കൊടി സുനി ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോണ്‍വിളിക്കുകയായിരുന്നുവത്രെ. പുതിയ ജയില്‍ ഡി ജി പി ശൈഖ് ദാര്‍വേസ് സാഹിബിന്റെ സന്ദര്‍ശനത്തിന്റെ മുന്നോടിയായാണ് വിയ്യൂര്‍ ജയിലില്‍ മിന്നല്‍ പരിശോധന നടന്നത്. വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ പക്കല്‍ നിന്ന് ആഗസ്റ്റ് 26ന് കഞ്ചാവ്, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, ചാര്‍ജര്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ടി പി വധക്കേസ് പ്രതികള്‍ക്ക് നേരത്തേ കോഴിക്കോട്, പൂജപ്പുര ജയിലുകളിലായിരുന്നപ്പോഴും ഫോണ്‍വിളി അടക്കമുള്ള അനധികൃത സൗകര്യങ്ങള്‍ ലഭിച്ചിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമല്ല, യു ഡി എഫ് സര്‍ക്കാറിന്റെ കാലത്തും സുഖവാസമായിരുന്നു അവര്‍ക്ക് ജയിലില്‍. ടി പി കേസിലെ പ്രതികള്‍ക്ക് സാധാരണ വിചാരണാ തടവുകാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ മികച്ച പരിഗണന ലഭിക്കുന്നതായി 2013ല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതുമാണ്.
ജയിലില്‍ എല്ലാ തടവുകാര്‍ക്കും തുല്യപരിഗണന, ഒരേ നീതി എന്നൊക്കെയാണ് പറയപ്പെടാറുള്ളത്. സെല്ലുകളില്‍ നിന്ന് തടവുപുള്ളികള്‍ ഫോണ്‍ വിളിക്കുന്നത് നിരോധിച്ചിട്ടുമുണ്ട്. എന്നാല്‍ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ള പ്രതികള്‍ക്ക് ഇതൊന്നും ബാധകമല്ല. ജയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അവര്‍ക്ക് ഫോണും മദ്യവും മയക്കുമരുന്നുമെല്ലാം യഥേഷ്ടം സെല്ലുകളില്‍ എത്തിച്ചേരുന്നു. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയവെ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ള ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി 410ഓളം പേരെ ഫോണില്‍ വിളിച്ചതായി 2012 ജനുവരിയില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 754 പേര്‍ പിള്ളയുടെ ഫോണിലേക്കും വിളിച്ചു. ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയിലില്‍ നിന്ന് ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 2016 ഒക്‌ടോബറില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തന്റെ സഹോദരങ്ങള്‍ക്കു നേരേ നിസാം ഭീഷണി മുഴക്കുന്നതടക്കമുള്ള ഫോണ്‍ ശബ്ദരേഖ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരന്‍ അഞ്ച് മാസത്തിനിടെ രണ്ടായിരത്തിലധികം തവണ ഫോണ്‍ വിളിച്ചതായി ഇരിങ്ങാലക്കുട പോലീസ് ഒന്നര വര്‍ഷം മുമ്പ് കോടതിയില്‍ സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. മാള സ്വദേശിയായ വ്യാപാരിയെ ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടാനുള്ള ക്വട്ടേഷന്‍ വരെയുണ്ടായിരുന്നു ഈ ഫോണ്‍വിളിയില്‍. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അടുത്തിടെയാണ് പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയും ജയിലില്‍ നിന്ന് നിരന്തരം ഫോണ്‍ വിളിച്ചിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുനി ഉപയോഗിച്ച ഫോണും സിം കാര്‍ഡും കണ്ടെടുക്കുകയും ചെയ്തു. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്‍കിയ കേസില്‍ കസ്റ്റഡിയിലെടുത്ത സ്വപ്‌ന സുരേഷിന് എ സി സൗകര്യത്തോട് കൂടിയ മുറി, ഹോട്ടലുകളില്‍ നിന്ന് ഇഷ്ട ഭക്ഷണം, കാവലിനു രണ്ട് വനിതാ പോലീസുകാര്‍ തുടങ്ങി മികച്ച സുഖസൗകര്യങ്ങളായിരുന്നു ക്രൈം ബ്രാഞ്ച് നല്‍കിയത്.
ശിക്ഷിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് തെറ്റ് തിരുത്താന്‍ ഉപകരിക്കണം ജയില്‍ തടവെന്നും ശിക്ഷ നടപ്പാക്കുന്നവര്‍ എന്നതിലുപരി തെറ്റ് തിരുത്താനുള്ള സാഹചര്യമൊരുക്കുന്നവരെന്ന നിലയിലേക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ മാറുകയാണെന്നുമാണ് രണ്ട് വര്‍ഷം മുമ്പ് ചിന്തയില്‍ എഴുതിയ ഒരു ലേഖനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കുറ്റവാളിയുടെ ജയില്‍വാസം അവനെ കൂടുതല്‍ കുറ്റവാളിയാക്കാനോ കൂടുതല്‍ വലിയ തെറ്റ് ചെയ്ത് തിരികെ ജയിലിലേക്കു തന്നെ വരുന്ന അവസ്ഥയിലേക്ക് നയിക്കാനോ ഉള്ളതല്ലെന്നും അദ്ദേഹം തുടര്‍ന്ന് പറയുകയുണ്ടായി. യഥാര്‍ഥത്തില്‍ ഇതാണ് ഇന്ന് സംഭവിക്കുന്നതെന്ന് നടേപറഞ്ഞ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കുറ്റവാളികള്‍ക്ക് ജയിലില്‍ ഇരുന്ന് തങ്ങളുടെ സഹകുറ്റവാളികളുമായി ഫോണ്‍ മുഖേന ബന്ധപ്പെടാനും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ജയിലിലിരുന്നു തന്നെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താനും സൗകര്യമുണ്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ അതിനുള്ള സഹായങ്ങള്‍ ചെയ്യുന്നു. ജയിലുകളിലെ ഉദ്യോഗസ്ഥ അഴിമതിയും തടവുകാരുമായുള്ള വഴിവിട്ട ബന്ധങ്ങളും തടയാന്‍ വകുപ്പുതല വിജിലന്‍സ് രൂപവത്കരിച്ചിട്ടുണ്ടെങ്കിലും അത് നോക്കുകുത്തിയാണ്. ചീഫ് വെല്‍ഫെയര്‍ ഓഫീസറെ വിജിലന്‍സ് ഓഫീസറായി നിയമിച്ച് രണ്ട് വര്‍ഷമായെങ്കിലും, ഇതുവരെയും ഒരു പരാതിയെങ്കിലും സ്വീകരിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്ന് ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ട് ദിവസം മുമ്പാണ്.





