Kerala
ദമ്പതികളുടെ അപകട മരണം; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സാക്ഷി മൊഴിയടക്കം രേഖപ്പെടുത്തുന്നതില്‍ വീഴ്ച്ച പറ്റിയെന്നാണ് കണ്ടെത്തല്‍.
തിരുവനന്തപുരം | കിളിമാനൂരില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകട കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അപകട മരണം സംബന്ധിച്ച അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ബി ജയന്‍, എസ്ഐ അരുണ്‍, ജിഎസ്ഐ ഷജിം എന്നിവര്‍ക്ക് എതിരെയാണ് നടപടി.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായെന്നും അപകടത്തിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സാക്ഷി മൊഴിയടക്കം രേഖപ്പെടുത്തുന്നതില്‍ വീഴ്ച്ച പറ്റിയെന്നാണ് കണ്ടെത്തല്‍.
.ജനുവരി നാലിന് നടന്ന അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മുക്കുന്നം പുതുക്കോട് രാജേഷ് ഭവനില്‍ രഞ്ജിത്ത്(41)മരിച്ചത്. ഭാര്യ അംബിക(36) ജനുവരി ഏഴിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. രഞ്ജിത്തിന്റെ മരണത്തിന് പിന്നാലെ സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് മൃതദേഹവുമായി നാട്ടുകാര്‍ എം സി റോഡ് ഉപരോധിച്ചിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരുമടക്കം 58 പേര്‍ക്കെതിരെയാണ് കിളിമാനൂര്‍ പോലീസ് കേസെടുത്തത്.


