Connect with us

Career Education

കണക്കിലാണ് കാര്യം

ഡിഗ്രി, പി ജി തലങ്ങളിൽ ഗണിത ശാസ്ത്രം പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് മാത്രമല്ല, ഏതാണ്ട് എല്ലാ ശാസ്ത്ര മേഖലകളിലെ ഉന്നത പഠനത്തിനും മാത്തമാറ്റിക്‌സ് അനിവാര്യമാണ്.

Published

|

Last Updated

ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതശാസ്ത്രത്തിലാണ് എന്ന് പറയാറുണ്ട്. വലിയ പ്രാധാന്യമുള്ള പഠന മേഖലയാണ് ഗണിതശാസ്ത്രം. എൻജിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിനാൻസ്, പ്ലാനിംഗ്, സ്‌പേസ് സയൻസ് തുടങ്ങി കാർഷിക രംഗം, കാലാവസ്ഥാ പ്രവചനം വരെ ഏതാണ്ട് എല്ലാ മേഖലകളിലും ഗണിതശാസ്ത്രം വിവിധ രൂപത്തിൽ ഉപയോഗിക്കുന്നുണ്ട്. കണക്കുപിഴച്ചാൽ എല്ലാം പിഴച്ചു എന്നർഥം.

+2 മാത്തമാറ്റിക്‌സ്

ഡിഗ്രി, പി ജി തലങ്ങളിൽ ഗണിതശാസ്ത്രം പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് മാത്രമല്ല, ഏതാണ്ട് എല്ലാ ശാസ്ത്ര മേഖലകളിലെ ഉന്നത പഠനത്തിനും മാത്തമാറ്റിക്‌സ് അനിവാര്യമാണ്. പത്താം ക്ലാസ്സ് വരെ എല്ലാ വിദ്യാർഥികളും നിർബന്ധമായും ഗണിതശാസ്ത്രം പഠിക്കുന്നുണ്ട്. ശാസ്ത്ര മേഖലകളിൽ തുടർപഠനം ആഗ്രഹിക്കുന്നവർ പ്ലസ്ടുവിന് മാത്തമാറ്റിക്സുള്ള കോമ്പിനേഷൻ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മറ്റു മേഖലകളിൽ കരിയർ താത്പര്യപ്പെടുന്നവരും തങ്ങളുടെ കരിയറിന്റെ മുന്നോട്ടുപോക്കിന് കണക്ക് പഠനം ആവശ്യമാണോ എന്ന് അറിഞ്ഞുവെക്കുന്നത് നന്നാവും. ഉദാഹരണത്തിന്, സാമ്പത്തിക ശാസ്ത്ര മേഖലയിൽ ഉന്നത പഠനവും കരിയറും ആഗ്രഹിക്കുന്നവർ, പ്ലസ്ടുവിന് ഗണിതശാസ്ത്രം പഠിക്കുന്നത് ഗുണകരമാണ്.

മദ്രാസ് സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് പോലുള്ള പ്രശസ്തമായ പല സ്ഥാപനങ്ങളിലും എം എ ഇക്കണോമിക്‌സ് ഉൾപ്പെടെയുള്ള കോഴ്‌സുകൾ പഠിക്കുന്നതിന് പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം. എന്നാൽ, കേരളത്തിൽ പ്ലസ്ടു തലത്തിൽ ഇക്കണോമിക്‌സ് വിഷയമായി പഠിപ്പിക്കുന്ന കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളിൽ മാത്തമാറ്റിക്‌സ് പഠിക്കാനുള്ള അവസരം തീരെ വിരളമാണ്. അതിനാൽ ഇത്തരം കാര്യങ്ങൾ അറിഞ്ഞുവെക്കുന്നത് മേഖലയിൽ ഉന്നത പഠനം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഏറെ ഗുണകരമാണ്.

സ്‌പെഷ്യലൈസേഷനുകൾ അനവധി

ഗണിതശാസ്ത്ര പഠനത്തിൽ ഇന്ന് നിരവധി സ്‌പെഷ്യലൈസേഷനുകൾ വിവിധ സർവകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും ലഭ്യമാണ്. ബിടെക് മാത്തമാറ്റിക്‌സ് ആൻഡ് കമ്പ്യൂട്ടിംഗ്, ഇൻഡസ്ട്രിയൽ മാത്തമാറ്റിക്‌സ് ആൻഡ് സയന്റിഫിക് കമ്പ്യൂട്ടിംഗ്, മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്, മാത്‌സ് ആൻഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയവ ഉദാഹരണം.

ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങൾ

രാജ്യത്തെ ഏതാണ്ട് എല്ലാ സർവകലാശാലകളും ഗണിതശാസ്ത്രത്തിൽ ഡിഗ്രി, പി ജി കോഴ്‌സുകൾ നൽകുന്നുണ്ട്. റാങ്കിംഗ് പ്രകാരം ഐ ഐ ടി മദ്രാസ്, ഡൽഹി, ബോംബെ, കാൺപൂർ, ഖരക്പൂർ ക്യാമ്പസുകൾ, ഐ ഐ എസ് ബെംഗളൂരു, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി സർവകലാശാല, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഐ ഐ ടി റൂർക്കി, ഗുവാഹത്തി ക്യാമ്പസുകൾ, അന്ന സർവകലാശാല, ബിറ്റ്‌സ് പിലാനി, അലിഗഢ് മുസ്‌ലിം സർവകലാശാല തുടങ്ങിയവയാണ് രാജ്യത്തെ മികച്ച മാത്‌സ് ഡിപാർട്ട്‌മെന്റുകൾ.

ഇവക്ക് പുറമേ മറ്റ് ഐ ഐ ടി ക്യാമ്പസുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടി ആർ എഫ് ആർ, ഐ ഐ എസ് ഇ ആർ, എൻ ഐ എസ് ഇ ആർ, ഐ എസ് ഐ, സി എം ഐ, സെന്റർ ഫോർ അപ്ലിക്കബിൾ മാത്തമാറ്റിക്‌സ് ബെംഗളൂരു, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ചെന്നൈ, ഹരീഷ് ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അലഹബാദ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ഭുവനേശ്വർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ മാത്തമാറ്റിക്‌സ് ചെന്നൈ, കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് എന്നിവയും ഗണിത ശാസ്ത്രം പഠിക്കാൻ അനുയോജ്യമായ പ്രധാന സ്ഥാപനങ്ങളാണ്.

പ്രധാന പ്രവേശന പരീക്ഷകൾ

സർവകലാശാലകൾ / സ്ഥാപനങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് മിക്ക കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം. എന്നാൽ കൂടുതൽ സ്ഥാപനങ്ങൾ പരിഗണിക്കുന്ന ദേശീയ പ്രാധാന്യമുള്ള പ്രധാന പരീക്ഷകളാണ് ഗേറ്റ് മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്, ജാം മാത്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്, നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്‌സ് സ്‌കോളർഷിപ്പ് ടെസ്റ്റ് എന്നിവ.

 

Latest