Connect with us

International

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം; 30 മരണം; പട്ടിണി കിടന്ന് കുഞ്ഞ് മരിച്ചു

കഴിഞ്ഞ 48 മണിക്കൂറിനിടെയുണ്ടായ ആക്രമണത്തിൽ 275 പേർക്ക് പരുക്കേറ്റതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു

Published

|

Last Updated

ഗസ്സ | 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 30 പേർ കൊല്ലപ്പെട്ടു. ഗസ്സയുടെ തെക്കൻ നഗരമായ ഖാൻ യൂനുസിനടുത്തുള്ള അൽ-ഫഖാരിയിൽ വീടിനു നേർക്കുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപോർട്ട് ചെയ്തു. നാവിക ആക്രമണത്തിൽ ഗസ്സയിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെയുണ്ടായ ആക്രമണത്തിൽ 275 പേർക്ക് പരുക്കേറ്റതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ അവശിഷ്ടങ്ങളിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തതായി മന്ത്രാലയം അറിയിച്ചു.
അതിനിടെ ഗസ്സയിൽ മാനുഷിക സഹായങ്ങൾക്ക് ഇസ്റാഈൽ ഉപരോധം ഏർപ്പെടുത്തിയതോടെ മുനന്പ് പട്ടിയിണിയിലേക്ക് നീങ്ങുകയാണ്. പോഷകാഹാരക്കുറവും നിർജലീകരണവും മൂലം റാൻതിസി ആശുപത്രിയിൽ ഒരു കുട്ടി മരിച്ചു.

ജനൻ സാലിഹ് അൽ-സഖാഫി എന്ന പെൺകുഞ്ഞാണ് മരിച്ചതെന്ന് അൽ ജസീറ റിപോർട്ട് ചെയ്തു. ഗസ്സയിൽ പോഷകാഹാരക്കുറവ് മൂലം ഇതുവരെ 51 പേർ മരിച്ചതായി ഗവൺമെന്റ് മീഡിയാ ഓഫീസ് അറിയിച്ചു.
ഗസ്സയിലേക്കുള്ള ഭക്ഷണം, വെള്ളം, മെഡിക്കൽ വസ്തുക്കൾ എന്നിവയുടെ ഉപരോധം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ ഗസ്സാ മുനമ്പിലെ ആയിരക്കണക്കിന് ഫലസ്തീൻ കുട്ടികൾ പട്ടിണിയുടെ പിടിയിലകപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.

വംശഹത്യ ആരംഭിച്ചത് മുതൽ 9,000ത്തിലധികം കുട്ടികളെ കടുത്ത പോഷകാഹാരക്കുറവിന് ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് യു എന്നിന്റെ ബാലാവകാശ ഏജൻസി (യുനിസെഫ്) പറഞ്ഞു.
രണ്ട് മാസമായി, ഗസ്സാ മുനമ്പിലെ കുട്ടികൾ അവശ്യവസ്തുക്കളും സേവനങ്ങളും ജീവൻ രക്ഷാ മരുന്നുകളും നിഷേധിക്കപ്പെട്ട് നിരന്തരമായ ബോംബാക്രമണങ്ങൾ നേരിടുന്നുവെന്ന് യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു. ഓരോ ദിവസവും ഉപരോധം കഴിയുന്തോറും ഫലസ്തീൻ ജനത പട്ടിണി, രോഗം, മരണം എന്നിവ നേരിടുന്നു. കിരാത ആക്രമണത്തെ ന്യായീകരിക്കാൻ ആർക്കും കഴിയില്ല- അവർ കൂട്ടിച്ചേർത്തു. ഇസ്റാഈലിന്റെ ഉപരോധം പിൻവലിക്കണമെന്നും മാനുഷിക സഹായം പുനഃസ്ഥാപിക്കണമെന്നും യുനിസെഫ് മേധാവി ആവർത്തിച്ചു.

മാർച്ച് രണ്ട് മുതലാണ് ഗസ്സയിലെ ഫലസ്തീനികൾക്കെത്തുന്ന മാനുഷിക സഹായങ്ങൾ ഇസ്റാഈൽ തടഞ്ഞത്. ഉപരോധത്തിനിടയിൽ തങ്ങളുടെ ഭക്ഷ്യവിതരണം തീർന്നുവെന്ന് യു എൻ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ആയിരക്കണക്കിന് ഫലസ്തീനികൾ ആശ്രയിക്കുന്ന കമ്മ്യൂണിറ്റി അടുക്കളകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാകുമെന്നും മുന്നറിയിപ്പ് നൽകി.
ഭക്ഷണം പോഷകസമൃദ്ധമാണോ അല്ലയോ എന്ന് ഞങ്ങൾ ചോദിക്കുന്നില്ല, ഞങ്ങളുടെ കുട്ടികളുടെ വയർ നിറക്കുകയാണ് വേണ്ടത്. എന്റെ കുട്ടി വിശന്ന് മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഫലസ്തീൻ രക്ഷിതാവ് പറയുന്നു. അതേസമയം, ഉപരോധം “മനപ്പൂർവം യുദ്ധായുധമായി’ ഇസ്റാഈൽ ഉപയോഗിക്കുന്നുവെന്ന് ഹമാസ് ഉദ്യോഗസ്ഥൻ അബ്ദുർറഹ്‌മാൻ ഷാദിദ് ആരോപിച്ചു. ബോംബുകൾ കൊണ്ടല്ല, പാലിന്റെ അഭാവത്താലാണ് കുട്ടികൾ മരിക്കുന്നതെന്നും ഷാദിദ് പറഞ്ഞു.

ഗസ്സാ മുനമ്പിലെ ഫലസ്തീനികൾക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകാൻ അന്താരാഷ്ട്ര നിയമപ്രകാരം ഇസ്റാഈലിന് ബാധ്യതയുണ്ടെന്ന് നിയമ വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ഉപരോധം നാലാം ജനീവ കൺവെൻഷന്റെ ലംഘനമാണ്. ഗസ്സയിൽ ഉയർന്ന തോതിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥ എല്ലാതരം ആളുകളും അനുഭവിക്കുന്നുണ്ടെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസ്സിഫിക്കേഷൻ (ഐ പി സി) പറയുന്നു.

Latest