International
2025-ൽ ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ കൊന്ന രാജ്യം ഇസ്റാഈൽ; കൊന്നുതള്ളിയത് 29 പേരെ
ആഗോളതലത്തിൽ ഈ വർഷം ആകെ 67 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഇത് 66 ആയിരുന്നു.
പാരീസ് | മാധ്യമപ്രവർത്തകരെ ഏറ്റവും കൂടുതൽ കൊലപ്പെടുത്തിയ രാജ്യമായി തുടരുന്നത് ഇസ്റാഈലാണെന്ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ആർ എസ് എഫ്) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ ഏകദേശം പകുതിയോളം പേർ ഗസ്സയിൽ ഇസ്റാഈൽ സൈന്യത്തിന്റെ ആക്രമണത്തിലാണ് മരിച്ചത്.
ഗസ്സയിൽ ഇസ്റാഈൽ സൈന്യം നടത്തുന്ന യുദ്ധത്തിനിടെ 29 ഫലസ്തീൻ റിപ്പോർട്ടർമാരുടെ മരണത്തിന് ഇസ്റാഈൽ ഉത്തരവാദിയാണെന്ന് ആർ എസ് എഫ് തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായ മൂന്നാം വർഷമാണ് മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊലയുടെ പേരിൽ ഇസ്റാഈൽ മുന്നിൽ നിൽക്കുന്നത്. ഗസ്സയുടെ തെക്ക് ഭാഗത്തുള്ള ഒരു ആശുപത്രിയിൽ ഓഗസ്റ്റ് 25-ന് നടന്ന ഇരട്ട ആക്രമണമാണ് ഈ മേഖലയിലെ ഏറ്റവും മാരകമായ ഒറ്റപ്പെട്ട ആക്രമണം. അൽ ജസീറ ഫോട്ടോഗ്രാഫർ മുഹമ്മദ് സലാമ ഉൾപ്പെടെ റോയിട്ടേഴ്സ്, അസോസിയേറ്റഡ് പ്രസ് എന്നീ വാർത്താ ഏജൻസികളിലെ അഞ്ച് മാധ്യമപ്രവർത്തകരാണ് അന്ന് കൊല്ലപ്പെട്ടത്.
ആഗോളതലത്തിൽ ഈ വർഷം ആകെ 67 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഇത് 66 ആയിരുന്നു.
മാധ്യമപ്രവർത്തകരോടുള്ള വെറുപ്പ് എവിടേക്കാണ് നയിക്കുന്നതെന്ന് ആർ എസ് എഫ് ഡയറക്ടർ ജനറൽ തിബൗട്ട് ബ്രൂട്ടിൻ ചോദിച്ച. മാധ്യമപ്രവർത്തകർ യാദൃശ്ചികമായി കൊല്ലപ്പെട്ടതല്ല. തങ്ങളുടെ ജോലിയുടെ പേരിലാണ് അവരെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സായുധ പോരാട്ടങ്ങളിൽ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിൽ അന്താരാഷ്ട്ര സംഘടനകൾക്ക് വന്ന ‘വീഴ്ച’ കാരണമാണ് കൊലപാതകങ്ങൾ വർധിക്കാൻ കാരണമെന്ന് ബ്രൂട്ടിൻ കുറ്റപ്പെടുത്തി. ലോകമെമ്പാടുമുള്ള സർക്കാരുകളുടെ ധൈര്യം കുറഞ്ഞതിൻ്റെ ഫലമാണ് ഈ വർദ്ധനവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകർക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രണ്ടാമത്തെ രാജ്യം മെക്സിക്കൊയാണ്. കഴിഞ്ഞ വർഷം അവിടെ ഒൻപത് പേർ കൊല്ലപ്പെട്ടു. യുദ്ധം തകർത്ത യുക്രെയ്ൻ (മൂന്ന് പേർ കൊല്ലപ്പെട്ടു), സുഡാൻ (നാല് പേർ കൊല്ലപ്പെട്ടു) എന്നിവയാണ് റിപ്പോർട്ടർമാർക്ക് ഏറെ അപകടകരമായ മറ്റ് രാജ്യങ്ങൾ.
ജോലിയുടെ പേരിൽ ജയിലിൽ അടച്ച മാധ്യമപ്രവർത്തകരുടെ എണ്ണവും ആർ എസ് എഫ് രേഖപ്പെടുത്തുന്നു. 121 റിപ്പോർട്ടർമാരെ തടവിലാക്കിയ ചൈനയാണ് ഈ കാര്യത്തിൽ ഒന്നാമത്. റഷ്യ (48), മ്യാൻമാർ (47) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. 2025 ഡിസംബർ 1 വരെ 47 രാജ്യങ്ങളിലായി 503 മാധ്യമപ്രവർത്തകരെ തടഞ്ഞുവെച്ചിരിക്കുകയാണ്. 37 രാജ്യങ്ങളിലായി 135 മാധ്യമപ്രവർത്തകരെ കാണാതായിട്ടുണ്ട്, കൂടാതെ 20 പേരെ ബന്ദികളാക്കിയിട്ടുമുണ്ട്.





