Kerala
ഇസ്‌റാഈല്‍ പണ്ടേ ലോക തെമ്മാടി രാഷ്ട്രം; ഇറാന്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി
സമാധാനകാംക്ഷികളായ എല്ലാവരും ആക്രമണത്തെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാകണം

തിരുവനന്തപുരം | ഇസ്‌റാഈല്‍ പണ്ടേ ലോക തെമ്മാടി രാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇറാന്‍ തലസ്ഥാനത്ത് ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സാമാന്യമായ ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് അംഗീകരിച്ച് പോരുന്ന രാഷ്ട്രമാണ് ഇസ്രയേലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
അമേരിക്കയുടെ പിന്തുണയുണ്ടന്ന ധിക്കാര സമീപനമാണ് ഇസ്‌റാഈലിന്റേത്. അത്യന്തം സ്ഫോടനാത്മകമായ വിവരമാണ് വന്നത്. അത്തരമൊരു ആക്രമണത്തെ ന്യായീകരിക്കാന്‍ കഴിയില്ല. അത് ലോക സമാധാനത്തിന് അങ്ങേയറ്റം ഭീഷണിയാണ്. സമാധാനകാംക്ഷികളായ എല്ലാവരും ആക്രമണത്തെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് അഹ്മദാബാദില്‍ നടന്നത്. സംഭവിച്ചതെന്തെന്ന് കണ്ടെത്തി സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണം. സംഭവത്തില്‍ മരണപ്പെട്ട എല്ലാവരുടെയും വേര്‍പ്പാട് അത്യന്തം വേദനാജനകമാണ്. കേരളത്തില്‍ നിന്നുള്ള സഹോദരിയും മരിച്ചു. അഗാധമായ ദുഖമാണ് നാടൊട്ടാകെ രേഖപ്പെടുത്തിയതെന്നും പിണറായി വിജയന്‍ പറഞ്ഞു.