Connect with us

interview

എഴുത്തിനെ വേർതിരിക്കേണ്ട കാര്യമുണ്ടോ?

ആദ്യമായി എഴുതിയത് കുഞ്ഞുകഥകളായിരുന്നു . ചെറുപ്പത്തിൽ അനിയനെ ഉറക്കാൻ ഓരോരോ കഥകൾ കെട്ടിച്ചമച്ചു പറഞ്ഞു കൊടുക്കുമായിരുന്നു. എൻ എസ് മാധവന്റെ കഥാപാത്രം പോലെ, "തോന്നുമ്പോ തോന്നുമ്പോ കഥ റിലീസാക്കാൻ ഞാനെന്താ മേനകാ ടാക്കീസാ?'ന്ന് അന്നൊക്കെ തമാശക്ക് ചോദിക്കാറുണ്ടായിരുന്നു.

Published

|

Last Updated

? എഴുത്തും വായനയുമായി ബന്ധപ്പെട്ട് കുട്ടിക്കാലത്തെ ഓർമകൾ എന്തൊക്കെയാണെന്ന് പറയാമോ? ഗൃഹാന്തരീക്ഷത്തിൽ വായന ഉണ്ടായിരുന്നോ?

കുട്ടിക്കാലത്തെ ഓർമകളെക്കുറിച്ച് പറയുന്പോൾ ശരിക്കും സ്നേഹത്തിന്റെ നടുവിലാണ് ഞാൻ ജനിച്ചത്. അച്ഛൻ അധ്യാപകനായിരുന്നു. പരിയാരത്തെ അച്ഛന്റെ വീട്ടിലും പയ്യന്നൂരിലെ അമ്മവീട്ടിലുമൊക്കെയുള്ള കുട്ടിക്കാലത്തെ ഓർമകൾ മധുരമുള്ളതാണ്. ബാലമാസികകളായിരുന്നു കുട്ടിക്കാലത്തെ വായന. കാര്യമായ വായന തുടങ്ങുന്നത് എട്ടിൽ പഠിക്കുമ്പോഴാണ്. ആ സമയത്തു തന്നെ ചെറുതായി എഴുതാനും തുടങ്ങിയിരുന്നു.

ഹൈസ്കൂൾ പഠനകാലത്ത് മലയാളം പഠിപ്പിച്ചിരുന്ന വിനോദ് മാഷാണ് വായനയിൽ ഏറെ പ്രോത്സാഹനം തന്നത്. ടി പദ്മനാഭൻ, എം ടി, മാധവിക്കുട്ടി ഇവരൊക്കെയാണ് അന്നത്തെ വായനയിൽ ഏറെയും. എങ്കിലും കൂടുതലും ഇഷ്ടം കവിതകളോടായിരുന്നു. കവിതയെഴുത്തിൽ പ്രിയ കവി പവിത്രൻ തീക്കുനിയും അദ്ദേഹത്തിന്റെ കവിതാലയം ഗ്രൂപ്പും ഏറെ പ്രചോദനമായിട്ടുണ്ട്. വായന തുടങ്ങിയ കാലത്ത് തന്നെ ഇഷ്ടമായിരുന്നു തീക്കുനിക്കവിതകൾ.

?പിന്നീടെപ്പോഴാണ് കവിതയുടെ വിത്ത് മുളയ്ക്കുന്നത് ?’

ആദ്യമായി എഴുതിയത് കുഞ്ഞുകഥകളായിരുന്നു . ചെറുപ്പത്തിൽ അനിയനെ ഉറക്കാൻ ഓരോരോ കഥകൾ കെട്ടിച്ചമച്ചു പറഞ്ഞു കൊടുക്കുമായിരുന്നു. എൻ എസ് മാധവന്റെ കഥാപാത്രം പോലെ, “തോന്നുമ്പോ തോന്നുമ്പോ കഥ റിലീസാക്കാൻ ഞാനെന്താ മേനകാ ടാക്കീസാ?’ന്ന് അന്നൊക്കെ തമാശക്ക് ചോദിക്കാറുണ്ടായിരുന്നു. ആ കഥകളൊക്കെ എഴുതി വെച്ചിരുന്നെങ്കിൽ നല്ല ബാലസാഹിത്യ മാകുമായിരുന്നു എന്ന് ഓർക്കാറുണ്ട്. എഴുതുന്നതൊന്നും ആരെയും കാണിക്കാറില്ലായിരുന്നു. ആദ്യമായി കഥ പ്രസിദ്ധീകരിച്ചു വന്നത് ഞാൻ അറിയാതെ ചേച്ചി ഒരു പ്രസിദ്ധീകരണത്തിന് അയച്ചുകൊടുത്തതു കൊണ്ടാണ്. ആ കഥ വായിച്ച് നന്നായി, എഴുത്ത് തുടരണമെന്ന് ആദ്യമായി അഭിനന്ദിച്ചത് എഴുത്തുകാരൻ ടി എൻ പ്രകാശ് മാഷാണ്.’

?അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെട്ടവയാണ് സരിതയുടെ കവിതകൾ. അതിൽ ഉപ്പും കണ്ണീരും ചോരയുെമല്ലാമുണ്ട്. എങ്കിലും ചോദിക്കട്ടെ, എന്താണ് കവിത? അത് പ്രതികരിക്കാനുള്ള ആയുധം കൂടിയാണോ?

കവിതയെഴുത്തിൽ, എന്റെ അനുഭവങ്ങൾ തന്നെയാണ് മിക്കതും എഴുതിയത്; പലതിലും കണ്ണീരുണ്ട്. എഴുത്തിൽ ഒരു മാറ്റം വേണമെന്ന ഉറച്ച തീരുമാനത്തിൽ പിറന്നതാണ് “പതിതൻ’ എന്ന കവിത. ട്രാൻസ്ജെന്ററായ ഒരു കുട്ടിയുടെ ജീവിതത്തെയാണ് അതിൽ വരച്ചിടാൻ ശ്രമിച്ചത്. മനപ്പൂർവം എഴുത്തിൽ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചാലും ഒരു “ഞാൻ’ ഉണ്ട് എല്ലാ കവിതയിലും. ആത്മസാക്ഷാത്കാരം എന്നൊക്കെ പറയാം.
കവിത സംഭവിക്കുകയാണ്. എഴുതിപ്പോകുന്നതാണ്, എന്നേയുള്ളൂ അതിനുള്ള മറുപടി. തീർച്ചയായും, പ്രതികരിക്കാനുള്ള ശക്തവും മൂർച്ചയുമുള്ള ആയുധം കവിത തന്നെയാണ്.

? പെണ്ണെഴുത്ത്, പരിസ്ഥിതി, ദളിതെഴുത്ത് തുടങ്ങിയ ഭാവുകത്വങ്ങളോട് സരിതയുടെ സമീപനം എന്താണ്?

പെണ്ണെഴുത്ത്, പരിസ്ഥിതി, ദളിതെഴുത്ത് എന്നിങ്ങനെ വേർതിരിക്കേണ്ട കാര്യമുണ്ടോ? നമ്മുടെ എന്നു വെച്ചാൽ, സ്ത്രീ എഴുത്തുകാരുടെ അനുഭവങ്ങൾ , ചിന്തകൾ ഒക്കെ സ്ത്രീ കേന്ദ്രീകൃതമായി എഴുതുന്ന രചനകളെ അങ്ങനെ മാറ്റിനിർത്തേണ്ടതില്ല. ഞാനൊരു ഫെമിനിസ്റ്റ് അല്ല, ആണായാലും പെണ്ണായാലും അവരുടെ മാനസികതലത്തിൽ ചിന്തിച്ചു നോക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.

അതുപോലെ, മുമ്പ് പരിസ്ഥിതി വർണനകൾ ആയിരുന്നത്, ഇന്ന് എഴുത്തുകാരുടെ ആശങ്കകളായി എന്നു മാത്രം. പാരിസ്ഥിതിക ബോധം നല്ലതു തന്നെ.സമൂഹത്തിൽ എന്ന പോലെ സാഹിത്യത്തിൽ ആഢ്യത്വം അവകാശപ്പെടുന്ന വിഭാഗത്തിന്റെ എതിർവിഭാഗം ആയിട്ടാണ് ദളിതെഴുത്ത് ഞാൻ കാണുന്നത്. ഭാഷയിലെ ഒരു ന്യൂനപക്ഷ വർഗസമരം. വിഭാഗീയത എന്നൊക്കെ പറയാമെങ്കിലും എഴുത്തിൽ അവർ പീഡിക്കപ്പെട്ടവൾ / പീഡിക്കപ്പെട്ടവൻ അല്ലെങ്കിൽ അവഗണിക്കപ്പെട്ടവൻ ആകുന്നു. സാഹിത്യത്തിൽ അതിന്റെ ആവശ്യമില്ലെന്നാണ് എന്റെ പക്ഷം.

Latest