National
കമല്‍ ഹാസന്‍ ചരിത്രകാരനാണോ അതോ ഭാഷാപണ്ഡിതനോ?; കന്നഡ ഭാഷാ വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതി
ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്‌കാര സ്വാതന്ത്ര്യം കാണിക്കേണ്ടത്

ബെംഗളൂരു | കന്നഡ ഭാഷാ വിവാദത്തില്‍ നടന്‍ കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്ന് കര്‍ണാടക ഹൈക്കോടതി. എന്തടിസ്ഥാനത്തിലാണ് തമിഴില്‍ നിന്നാണ് കന്നഡയുടെ ഉത്പത്തി എന്ന പരാമര്‍ശം കമല്‍ഹാസന്‍ നടത്തിയതെന്ന് ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു.
നിങ്ങള്‍ ഒരു ചരിത്രകാരനാണോ അതോ ഭാഷാപണ്ഡിതനോയെന്നും കോടതി ചോദിച്ചു. തഗ് ലൈഫ് എന്ന ചിത്രത്തിന്റെ റിലീസിന് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക ഫിലിം ചേംബറിന്റെ നടപടിക്കെതിരെ കമല്‍ ഹാസന്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയില്‍ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി പറഞ്ഞു. കമല്‍ ഹാസന്‍ മാപ്പ് പറയണമായിരുന്നു. ജലം, ഭൂമി, ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്. അതിനാല്‍ ഒരാള്‍ക്കും ഇത്തരം വികാരങ്ങളെ വ്രണപ്പെടുത്താന്‍ അവകാശമില്ല. നിങ്ങള്‍ ക്ഷമ ചോദിക്കുന്നില്ലെങ്കില്‍ എന്തിനാണ് സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണമെന്ന വാശി. കര്‍ണാടകയില്‍ നിന്ന് കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. ജനങ്ങളെ വേണ്ടെങ്കില്‍ ആ പണവും ഒഴിവാക്കണം. ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്‌കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും കമല്‍ മാപ്പു പറയുന്നതാണ് ഉചിതമെന്നും എന്ന് ജസ്റ്റിസ് നാഗപ്രസന്ന നിരീക്ഷിച്ചു.
തഗ് ലൈഫ് പ്രദര്‍ശനം നിരോധിച്ചത് നിയമ വിരുദ്ധമാമെന്നും സിനിമാ റിലീസിന് സംരക്ഷണം നല്‍കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.