Connect with us

Editorial

ഇന്ത്യ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഹോട്ട്‌സ്‌പോട്ട്?

നേരത്തേ കര്‍ശനമായിരുന്നു ക്ലിനിക്കല്‍ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമങ്ങള്‍. 2005ല്‍ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമങ്ങള്‍ ഭേദഗതി ചെയ്തതോടെയാണ് നിയമത്തില്‍ അയവ് വന്നത്.

Published

|

Last Updated

അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന അനധികൃത മരുന്ന് പരീക്ഷണത്തില്‍ ഇടപെട്ടിരിക്കുകയാണ് നാഷനല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (എന്‍ ഒ ടി ടി ഒ). ഇവ്വിഷയകമായി സംസ്ഥാന ആരോഗ്യ വകുപ്പിനോട് വിശദീകരണം തേടിയിരിക്കുന്നു എന്‍ ഒ ടി ടി ഒ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഹെല്‍ത്ത് സര്‍വീസസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍ ഒ ടി ടി ഒ. അനധികൃത മരുന്ന് പരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നിട്ടുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദ് കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ 1997-2017 കാലഘട്ടത്തിലാണ് വൃക്കരോഗികളില്‍ മരുന്ന് പരീക്ഷണം നടന്നത്. പരീക്ഷണങ്ങള്‍ക്കു വിധേയരായ 2,352 രോഗികളില്‍ 741 പേര്‍ മരണപ്പെട്ടു. കോര്‍പറേഷന്റെ അനുമതിയില്ലാതെ നടത്തിയ ഈ പരീക്ഷണവും മരണവും വന്‍വിവാദമായിരുന്നു. 91 ശതമാനം പരീക്ഷണങ്ങളും പരാജയമായിരുന്നുവെന്നാണ് സി എ ജി റിപോര്‍ട്ടില്‍ പറയുന്നത്. പരീക്ഷണത്തിനു വിധേയരായ 569 പേരില്‍ വൃക്ക മാറ്റിവെക്കല്‍ ചികിത്സ പരാജയപ്പെടുകയും 110 പേര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പറ്റാത്ത വിധം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതായും സി എ ജി റിപോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യാന്തര മരുന്ന് കമ്പനികളുടെ പ്രലോഭനങ്ങളില്‍ അകപ്പെട്ട ആശുപത്രിയിലെ ചില ഡോക്ടര്‍മാരാണ് പരീക്ഷണം നടത്തിയത്.

അഹമ്മദാബാദ് കോര്‍പറേഷന്റെ കീഴിലുള്ള മറ്റൊരു സ്ഥാപനമായ വി എസ് ഹോസ്പിറ്റലിലും അംഗീകാരമില്ലാതെയും നിയമവിരുദ്ധമായും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. 2021-25 കാലത്ത് എത്തിക്‌സ് കമ്മിറ്റിയുടെ അനുമതിയില്ലാതെ 500ഓളം രോഗികളിലാണ് ഈ സ്ഥാപനത്തിലെ ഡോക്ടര്‍മാര്‍ 50ഓളം കമ്പനികളുടെ മരുന്നുകള്‍ പരീക്ഷിച്ചത്. ഇതുവഴി ലഭിച്ച 1.87 കോടി രൂപ ആശുപത്രി അക്കൗണ്ട് വഴിയല്ലാതെ ഡോക്ടര്‍മാരുടെ സ്വന്തം അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് അഹമ്മദാബാദ് കോര്‍പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനു പിന്നാലെ ഈ ആശുപത്രിയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ.
വിദേശ മരുന്ന് കമ്പനികളുടെ മരുന്ന് പരീക്ഷണത്തിനുള്ള ഒരു ഹോട്ട്‌സ്‌പോട്ട് ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇന്ത്യ. പുതിയ മരുന്ന് പരീക്ഷണങ്ങള്‍ക്ക് കൂടുതലും ഇന്ത്യക്കാരെയാണ് അവര്‍ ഉപയോഗപ്പെടുത്തുന്നത്. ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് ബയോടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ രാജ്യാന്തര ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നവരില്‍ കൂടതലും ഇന്ത്യക്കാരാണെന്ന് കണ്ടെത്തി. ആസ്ത്മ, ബാക്ടീരിയല്‍ അണുബാധ, ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്കുള്ള പരീക്ഷണത്തിന് വിധേയരായവരില്‍ 60 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാരാണെന്ന് പി എല്‍ ഒ എസ് വണ്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപോര്‍ട്ടില്‍ പറയുന്നു.

ലോകമെങ്ങും രോഗികളുള്ള യുവിറ്റിസ്, മൂലക്കുരു രോഗങ്ങള്‍, ചിത്തഭ്രമം, കൊവിഡ് അണുബാധ തുടങ്ങിയ രോഗങ്ങള്‍ക്ക് പോലും മരുന്ന് പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നത് കൂടുതല്‍ ഇന്ത്യക്കാരാണ്. ബ്രസീല്‍, റഷ്യ, മലേഷ്യ തുടങ്ങി ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലെ മരുന്ന് പരീക്ഷകര്‍ തദ്ദേശീയരായ ജനങ്ങളെ ഉപയോഗപ്പെടുത്താതെ ഇന്ത്യക്കാരെ തേടിവരികയാണെന്നും ഇത് നീതീകരിക്കാനാകില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിയമങ്ങളിലെ ഉദാരത, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഫലപ്രദമായി നിരീക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളുടെ അഭാവം തുടങ്ങിയ ഘടകങ്ങളാണ് വിദേശ മരുന്ന് കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്.

നേരത്തേ കര്‍ശനമായിരുന്നു ക്ലിനിക്കല്‍ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമങ്ങള്‍. 2005ല്‍ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമങ്ങള്‍ ഭേദഗതി ചെയ്തതോടെയാണ് നിയമത്തില്‍ അയവ് വന്നത്. ബഹുരാഷ്ട്ര കമ്പനികളുടെയും ക്ലിനിക്കല്‍ ഗവേഷണം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ നടക്കുന്ന എല്ലാ പരീക്ഷണങ്ങള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ച എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. എന്നിട്ടും മരുന്ന് കമ്പനികള്‍ക്ക് കൂടുതല്‍ ഇന്ത്യക്കാരെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതെന്തുകൊണ്ടാണ്? എത്തിക്‌സ് സമിതികളുടെ ശ്രദ്ധക്കുറവോ വഴിവിട്ട കളികളോ ആയിരിക്കാം ഇതിനു പിന്നിലെന്ന് അനുമാനിക്കപ്പെടുന്നു.

വില കൂടിയ കാറുകള്‍, വിദേശയാത്ര തുടങ്ങി വിവിധ ഓഫറുകള്‍ നല്‍കിയാണ് കമ്പനികള്‍ ഡോക്ടര്‍മാരെ വശത്താക്കുന്നത്. 2002ല്‍ മുംബൈ ആസ്ഥാനമായുള്ള ഒരു മരുന്ന് കമ്പനി 300 നെഫ്രോളജിസ്റ്റുകളെ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് കൊണ്ടുപോയിരുന്നു. മരുന്ന് പരീക്ഷണത്തിന് ഡോക്ടര്‍മാരുടെ സഹകരണവും പോസിറ്റീവ് ഫലവും സാധ്യമാക്കുകയായിരുന്നു ഇതിനു പിന്നിലെ കമ്പനികളുടെ താത്പര്യം. രോഗികളെ പണം കൊടുത്ത് വശീകരിച്ചോ, പലപ്പോഴും രോഗികളറിയാതെയോ ആണ് ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാക്കുന്നത്. ഇന്‍ഡോറിലെ എം ജി എം മെഡിക്കല്‍ കോളജിലും തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും രോഗികളറിയാതെ പരീക്ഷണം നടത്തിയതായി റിപോര്‍ട്ട് വന്നിരുന്നു. ഇത്തരം പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള നല്ലൊരു ലബോറട്ടറിയാണ് ഇന്ത്യയെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് പറയാന്‍ ഇടയാക്കിയതിന്റെ സാഹചര്യവും ഇതൊക്കെയായിരിക്കണം.