Connect with us

National

'സഞ്ചാർ സാഥി' ആപ്പ് പുതിയ പെഗാസസോ?; സ്വകാര്യതക്ക് ഭീഷണിയെന്ന് പ്രതിപക്ഷം; വിവാദം

ഇത് പെഗാസസ് പ്ലസ് പ്ലസ് ആണെന്ന് കോൺഗ്രസ് എം പി കാർത്തി ചിദംബരം

Published

|

Last Updated

ന്യൂഡൽഹി | എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളിലും കേന്ദ്ര സർക്കാർ വികസിപ്പിച്ച സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി’ നിർബന്ധമായും പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രത്തിൻ്റെ ഉത്തരവ് രാജ്യത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. ഈ നീക്കം ‘പുതിയ പെഗാസസ്’ ആണെന്നും പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാക്കളും സ്വകാര്യതാ പ്രവർത്തകരും രംഗത്തെത്തി. നിലവിലെ ഫോണുകളിലും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ഈ ആപ്പ് ഉപയോക്താക്കൾക്ക് നീക്കം ചെയ്യാനോ മാറ്റങ്ങൾ വരുത്താനോ സാധിക്കുകയുമില്ല.

ഇത് പെഗാസസ് പ്ലസ് പ്ലസ് ആണെന്ന് കോൺഗ്രസ് എം പി കാർത്തി ചിദംബരം എക്സിൽ കുറിച്ചു. ബിഗ് ബ്രദർ നമ്മുടെ ഫോണുകളും സ്വകാര്യ ജീവിതം മുഴുവനും ഏറ്റെടുക്കാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മൊബൈൽ ഫോൺ നിർമ്മാതാക്കൾക്കും സഞ്ചിാർ സാഥി മൊബൈൽ ആപ്ലിക്കേഷൻ നിർബന്ധമാക്കിയത് മറ്റൊരു ബിഗ് ബോസ് നിരീക്ഷണമാണെന്ന് രാജ്യസഭാ എം പി. പ്രിയങ്ക ചതുർവേദിയും പ്രതികരിച്ചു.

“അടുത്ത ഘട്ടം 1.4 ബില്യൺ ആളുകൾക്ക് കണങ്കാലിൽ മോണിറ്ററുകളും കോളറുകളും ബ്രെയിൻ ഇംപ്ലാൻ്റുകളും നൽകുക എന്നതാണ്. എങ്കിലേ നമ്മൾ യഥാർത്ഥത്തിൽ എന്താണ് ചിന്തിക്കുന്നതെന്നും ചെയ്യുന്നതെന്നും സർക്കാരിന് അറിയാൻ കഴിയൂ” എന്നായിരുന്നു സിപിഎം എം പി ജോൺ ബ്രിട്ടാസിന്റെ പ്രതികരണം.

സുരക്ഷയുടെ മറവിൽ ഓരോ പുതിയ ഫോണിലും ഇത് നിർബന്ധമായി പ്രീ-ഇൻസ്റ്റാൾ ചെയ്യുകയും അൺഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് വഴി നമ്മുടെ കോളുകളും ടെക്സ്റ്റുകളും ലൊക്കേഷനും ചോർത്താൻ സർക്കാരിന് സാധിക്കും. ഇത് ഏറ്റവും മോശമായ നിരീക്ഷണമാണെന്നും രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനവാല അഭിപ്രായപ്പെട്ടു.

പെഗാസസ് പോലെയുള്ള ചാര സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള ചർച്ചകൾ എക്സിൽ ട്രെൻഡിങ്ങാണ്. “സർക്കാർ ഔദ്യോഗികമായി ആളുകളെ ചാരവൃത്തി ചെയ്യുന്നു, പെഗാസസ് ആണോ?” എന്ന് ഒരു ഉപയോക്താവ് ചോദിച്ചു.

അപകടകരമായ പെഗാസസ് പോലുള്ള ചാര സോഫ്റ്റ്‌വെയറല്ല ‘സഞ്ചാർ സാഥി’ എങ്കിലും, ഇതിന് പിന്നിലെ സ്വകാര്യതാ ആശങ്കകൾക്ക് സാധുതയുണ്ടെന്ന് നിരീക്ഷകരും പറയുന്നു. വ്യാജ ഹാൻഡ്‌സെറ്റുകൾ വാങ്ങുന്നതിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനാണ് ഈ നീക്കമെന്നാണ് സർക്കാർ വാദം. ഇതിനായി ഫോൺ കമ്പനികൾ ‘സഞ്ചാർ സാഥി ആപ്ലിക്കേഷൻ ആദ്യമായി ഉപയോഗിക്കുമ്പോഴോ, ഡിവൈസ് സജ്ജമാക്കുമ്പോഴോ ഉപയോക്താക്കൾക്ക് വ്യക്തമായി കാണാനും ഉപയോഗിക്കാനും കഴിയുന്നുണ്ടെന്ന് ഉറപ്പാക്കണം എന്ന് ഉത്തരവിൽ പറയുന്നു. ഇതിൻ്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ ഉപയോക്താക്കളെ അനുവദിക്കില്ല.

‘ഫോൺ ഫൈൻഡർ’ ഉപകരണം എന്ന നിലയിൽ പ്രവർത്തിക്കുന്നതിനാണ് ഈ ആപ്പിന് നിരവധി അനുമതികൾ ആവശ്യമായി വരുന്നത്. ക്യാമറയിലേക്കുള്ള ആക്‌സസ്, കോളുകളും സന്ദേശങ്ങളും നിരീക്ഷിക്കാനുള്ള കഴിവ്, നെറ്റ് വർക്ക് സ്റ്റേറ്റ് നിരീക്ഷിച്ച് ഉപകരണത്തിന്റെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാനുള്ള കഴിവ് എന്നിവയെല്ലാം ഈ അനുമതികളിൽ ഉൾപ്പെടുന്നു.

ഈ പരിമിതമായ പ്രവർത്തനം മാത്രമാണെങ്കിൽ പോലും, ആപ്പ് ആവശ്യപ്പെടുന്ന ഡാറ്റാ ശേഖരണവും വിവിധ ഘടകങ്ങളിലേക്കുള്ള പ്രവേശനവും ഉപയോക്താവിന് ഒരു സ്വകാര്യതാ പേടിസ്വപ്നമായി മാറിയേക്കാം എന്നതാണ് ആശങ്ക.

Latest