Kerala
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് ഇരുമ്പ് കമ്പി താഴേക്ക് വീണു; രണ്ടു യാത്രക്കാര്‍ക്ക് പരുക്ക്
ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.

കൊല്ലം| കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് കമ്പി താഴേക്ക് വീണ് അപകടം. അപകടത്തില്‍ രണ്ടു യാത്രക്കാര്‍ക്ക് പരുക്കേറ്റു. വട്ടിയൂര്‍ക്കാവ് സ്വദേശി ആശ, സുധീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റഫോമിനോട് ചേര്‍ന്ന് നിര്‍മാണത്തില്‍ ഇരുന്ന ബഹുനില കെട്ടിടത്തില്‍ നിന്നാണ് ഇരുമ്പ് കമ്പികള്‍ താഴേക്ക് പതിച്ചത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെയും കൊല്ലം ജില്ല ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. വിദഗ്ദ്ധ ചികിത്സയ്ക്കായി സുധീഷിനെ ജില്ലാ ആശുപത്രിയില്‍ നിന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൈനാഗപ്പള്ളി സ്‌കൂളിലെ അധ്യാപികയാണ് പരുക്കേറ്റ ആശ. സര്‍ക്കാര്‍ ജീവനക്കാരനായ സുധീഷ് തിരുവനന്തപുരത്തേക്ക് പോകാനായി എത്തിയതാണ്.
ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ആര്‍പിഎഫ്, ഫയര്‍ ഫോഴ്സ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് പരിശോധന നടത്തി.