International
വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന ഇസ്‌റാഈല്‍ ആരോപണം നിഷേധിച്ച് ഇറാന്‍
സയണിസ്റ്റുകള്‍ക്കും അവരുടെ സഖ്യത്തിനുമെതിരായ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്നാണ് കൗണ്‍സില്‍ പ്രസ്താവന.

തെഹ്റാന്‍ | വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന ഇസ്‌റാഈല്‍ ആരോപണം തള്ളി ഇറാന്‍. വെടിനിര്‍ത്തല്‍ തങ്ങള്‍ അംഗീകരിച്ചതായി ഇറാന്‍ പരമോന്നത സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചു. സയണിസ്റ്റുകള്‍ക്കും അവരുടെ സഖ്യത്തിനുമെതിരായ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്നാണ് കൗണ്‍സില്‍ പ്രസ്താവന. അതേസമയം, സയണിസ്റ്റുകളുടെ സൈന്യത്തെ വിശ്വാസമില്ലെന്നും തോക്കിന്റെ കാഞ്ചിയില്‍ നിന്ന് കൈ മാറ്റിയിട്ടില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് മിസൈല്‍ അയച്ചെന്നായിരുന്നു ഇസ്‌റാഈല്‍ ആരോപണം. ഈ സാഹചര്യത്തില്‍ ഏതുനിമിഷവും ഇറാനെ തിരിച്ചാക്രമിക്കുമെന്ന് ഇസ്‌റാഈല്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചെന്നായിരുന്നു ടൈംസ് ഓഫ് ഇസ്‌റാഈലിന്റേതായി പുറത്തുവന്ന റിപോര്‍ട്ട്.
ഇന്നലെ ഇറാന്‍ ഖത്വറിലെ യു എസ് സൈനിക താവളം ആക്രമിച്ചതോടെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പിന്നാലെ, ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഇത് അംഗീകരിക്കുകയായിരുന്നു.